എസ്‌പ്രെസോ മെഷിന്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍, റിച്ച് ലുക്ക്; Q7-ന്റെ സിഗ്നേച്ചര്‍ എഡിഷനുമായി ഔഡി

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി മോഡലായ ക്യു7 പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. ഡിസൈനില്‍ വരുത്തിയിട്ടുള്ള മിനുക്കുപണികള്‍ കൊണ്ടും ഫീച്ചറുകളില്‍ വരുത്തിയിട്ടുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ കൊണ്ടും റെഗുലര്‍ ക്യു7-ല്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഈ പതിപ്പ് സിഗ്നേച്ചര്‍ എഡിഷന്‍ എന്ന പേരിലാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 99.81 ലക്ഷം രൂപയാണ് ഈ ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
ഔഡി ക്യു7-ന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ ടെക്‌നോളജിയെ അടിസ്ഥാനമാക്കിയാണ് പുതിയ സിഗ്നേച്ചര്‍ പതിപ്പ് ഒരുക്കിയിരിക്കുന്നത്. വാഹനത്തില്‍ നല്‍കിയിട്ടുള്ള ഡാഷ് ക്യാമറയും എസ്‌പ്രെസോ മേക്കറുമാണ് റെഗുലര്‍ ക്യു7-ല്‍ നിന്ന് സിഗ്നേച്ചര്‍ എഡിഷനില്‍ വന്നിട്ടുള്ള പ്രധാന കൂട്ടിച്ചേര്‍ക്കലുകള്‍. ഔഡിയുടെ ജനുവിന്‍ ആക്‌സസറികളാണ് ഇവ രണ്ടും. വാഹനത്തെ കാഴ്ചയില്‍ ആകര്‍ഷകമാക്കുന്നതിനുള്ള മിനുക്കുപണികള്‍ വേറെയും വരുത്തിയിട്ടുണ്ട്.
ഔഡിയുടെ റിങ് പ്രൊജക്ഷനോട് കൂടിയ പഡില്‍ ലാമ്പ്, ഡൈനാമിക് വീല്‍ ഹബ്ബ് ക്യാപ്പുകള്‍, ഡാര്‍ക്ക് നിറത്തില്‍ ഒരുങ്ങിയിട്ടുള്ള 20 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് റെഗുലര്‍ ക്യു7-ല്‍ നിന്ന് ലിമിറ്റഡ് എഡിഷന്റെ എക്സ്റ്റീരിയറില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പെഡല്‍ കവറുകള്‍, കീ ഫോബില്‍ നല്‍കിയിട്ടുള്ള മെറ്റാലിക് കവര്‍ തുടങ്ങിയവ ഇന്റീരിയറില്‍ നല്‍കിയിട്ടുള്ള മാറ്റങ്ങളാണ്. ബാക്കിയുള്ളവയെല്ലാം റെഗുലര്‍ ക്യു7-ല്‍ നിന്നും പറിച്ചുനട്ടിട്ടുള്ളവയാണ്.
ലിമിറ്റഡ് എഡിഷന്‍ മോഡലാണെങ്കിലും അഞ്ച് എക്‌സ്റ്റീരിയര്‍ നിറങ്ങളില്‍ സിഗ്നേച്ചര്‍ എഡിഷന്‍ വിപണിയില്‍ എത്തുന്നുണ്ട്. സാഖിര്‍ ഗോള്‍ഡ്, വെറ്റോമോ ബ്ലൂ, മിഥ്രോസ് ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്, സാമുറായ് ഗ്രേ എന്നീ നിറങ്ങളാണ് ഈ വാഹനത്തില്‍ നല്‍കുന്നത്. ഔഡിയുടെ സെഡാന്‍ മോഡലായ എ4-ന്റെ സിഗ്നേച്ചര്‍ പതിപ്പ് അവതരിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെയും സിഗ്നേച്ചര്‍ എഡിഷന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
മെക്കാനിക്കലായി ക്യു7-ല്‍ നിന്ന് യാതൊരു മാറ്റവും വരുത്താതെയാണ് സിഗ്നേച്ചര്‍ എഡിഷന്‍ എത്തിയിരിക്കുന്നത്. 3.0 ലിറ്റര്‍ വി6 ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ എന്‍ജിന്‍. 340 എച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും എന്‍ജിനൊപ്പം ചേര്‍ത്തിട്ടുണ്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിലുമാണ് ക്യു7 സിഗ്നേച്ചര്‍ എഡിഷന്‍ ഒരുങ്ങിയിരിക്കുന്നത്. 5.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 250 കിലോമീറ്ററാണ്.
Content Highlights: Audi Q7 Signature Edition- Enhanced Luxury with Espresso Maker AND Exclusive Features