ആ നാല് വളയങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം; ഇന്ത്യന്‍ ആഡംബര വാഹനവിപണിയില്‍ കരുത്തുകാട്ടി ഔഡി

ഇന്ത്യന്‍ വാഹന വിപണിയില്‍ 2025-ല്‍ ഏറ്റവും മികച്ച തുടക്കമാണ് ഔഡി എന്ന ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. അവതരണത്തിലും വില്‍പ്പനയിലും ഒരുപോലെ നേട്ടം പ്രതീക്ഷിക്കുന്ന ഔഡിയുടെ ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ വില്‍പ്പനയില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേകാലയളവിലെ വില്‍പ്പന അനുസരിച്ച് 17 ശതമാനത്തിന്റെ നേട്ടമാണ് ഈ വര്‍ഷം ഔഡി കൈവരിച്ചിരിക്കുന്നത്.
2025- ന്റെ ആദ്യപാദത്തില്‍ 1223 യൂണിറ്റിന്റെ വില്‍പ്പനയാണ് ഔഡി കൈവരിച്ചിരിക്കുന്നത്. വിവിധ ശ്രേണികളില്‍ ഏറ്റവും മികച്ച മോഡലുകള്‍ എത്തിക്കാന്‍ സാധിച്ചതും കരുത്തുറ്റ വിതരണ സംവിധാനവുമാണ് ഔഡിക്ക് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായതെന്നാണ് കമ്പനിതന്നെ വിലയിരുത്തുന്നത്. എസ്‌യുവി ശ്രേണിയില്‍ എത്തിച്ചിട്ടുള്ള Q7, Q8 മോഡലുകളാണ് വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതെന്നാണ് വില്‍പ്പന റിപ്പോര്‍ട്ടില്‍ പറയുന്നത്.
2004-ന്റെ അവസാനത്തോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഔഡി വിപണിയില്‍ ഒരുലക്ഷം വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയ നേട്ടത്തിന് പിന്നാലെയാണ് പുതിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നത്. സെഡാന്‍ ശ്രേണിയില്‍ എത്തുന്ന A4, A6 എസ്‌യുവി ശ്രേണിയില്‍ എത്തുന്ന Q3, Q3 സ്‌പോര്‍ട് ബാക്ക്, Q5, Q7, Q8, S5 സ്‌പോര്‍ട് ബാക്ക്, RS Q8 ഇ-ട്രോണ്‍, Q8 ഇ-ട്രോണ്‍ സ്‌പോര്‍ട് ബാക്ക്, ഇ-ട്രോണ്‍ ജിടി, ആര്‍എസ് ഇ-ട്രോണ്‍ ജിടി തുടങ്ങിയ വാഹനങ്ങളാണ് ഔഡി ഇന്ത്യയുടെ വാഹനനിരയിലുള്ളത്.
ഔഡിയുടെ വാഹനങ്ങളില്‍ ഉപയോക്താക്കള്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ തെളിവാണ് ഈ പാദത്തില്‍ കൈവരിച്ച വില്‍പ്പന നേട്ടമെന്നും കാര്യക്ഷമമായ സേവനം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ കമ്പനി പ്രതിജ്ഞബദ്ധമാണെന്നും ഔഡി ഇന്ത്യയുടെ മേധാവി ബല്‍ബീര്‍ സിങ് ധില്ലന്‍ പറഞ്ഞു. ഔഡിയുടെ വാഹനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നെറ്റ്‌വര്‍ക്ക് വിപുലമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Audi India reports a 17 percent surge in Q1 2025 sales- reaching 1223 units