ബിഗ്-ബിയുടെ യാത്രകൾക്ക് ഇനി ഇലക്ട്രിക് SUV-യും; അത്യാഡംബര ഇ.വിയല്ല, സ്വന്തമാക്കിയത് മഹീന്ദ്ര BE6

#Auto Desk
അമിതാഭ് ബച്ചനും അദ്ദേഹത്തിന്റെ പുതിയ മഹീന്ദ്ര ബിഇ6 ഇലക്ട്രിക് എസ്‌യുവിയും | Photo: Social Media
അമിതാഭ് ബച്ചനും അദ്ദേഹത്തിന്റെ പുതിയ മഹീന്ദ്ര ബിഇ6 ഇലക്ട്രിക് എസ്‌യുവിയും | Photo: Social Media

1950-കളിൽ പുറത്തിറങ്ങിയ ഫോർഡ് പ്രീഫെക്ട് മുതൽ ഡിഫൻഡർ ഒക്ട വരെയുള്ള മോഡലുകൾ നിരന്ന വാഹന ശേഖരമാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും തലമുതിർന്ന താരങ്ങളിൽ ഒരാളായ അമിതാഭ് ബച്ചനുള്ളത്. ഇതിൽ ഡിഫൻഡർ ഒക്ട മുതൽ പല വാഹനങ്ങളും അദ്ദേഹം സ്വയം ഓടിച്ച് പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ നിറയാറുണ്ട്. ഇത്തരത്തിൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന വീഡിയോ മഹീന്ദ്രയുടെ ഇലക്ട്രിക് മോഡലായ ബിഇ6 ഓടിക്കുന്നതിന്റെയാണ്.

അദ്ദേഹത്തിന്റെ വാഹന ശേഖരത്തിൽ ഉള്ള വാഹനമാണിതെന്നാണ് സൂചനകൾ. അടുത്തിടെ അദ്ദേഹം ആരാധകരെ അഭിസംബോധന ചെയ്യുന്ന വീഡിയോയിലും ഈ വാഹനം കണ്ടിരുന്നു. ചുവപ്പ് നിറത്തിലുള്ള ഈ അദ്ദേഹം സ്വയം ഡ്രൈവ് ചെയ്ത് പോകുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഓഗസ്റ്റ് 16-ാം തീയതി മുംബൈ വെസ്റ്റ് ആർടി ഓഫീസിൽ അമിതാഭ് ബച്ചന്റെ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനവുമാണിത്.

മഹീന്ദ്ര ബിഇ6 പാക്ക് ത്രീ 79 ബാറ്ററി പാക്ക് പതിപ്പാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് വിവരം. 19 ഇഞ്ച് അലോയി വീൽ, ഇലക്ട്രിക് ടെയിൽഗേറ്റ്, കീ ലെസ് എൻട്രി, ഫ്ളെഷ് ഡോർ ഹാൻഡിൽ, അഡാപ്റ്റീവ് സസ്പെൻഷൻ, ലൈറ്റ് ആനിമേഷൻ നൽകിയിട്ടുള്ള എൽഇഡി ടെയ്ൽലാമ്പ്, പനോരമിക് ഗ്ലാസ് റൂഫ്, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ് അപ്പ് ഡിസ്പ്ലേ, സി-ഷേപ്പ് എൽഇഡി ഡിആർഎൽ തുടങ്ങിയ ഫീച്ചറുകളാണ് ഇതിലുള്ളത്.

മഹീന്ദ്രയുടെ ബോൺ ഇലക്ട്രിക് പ്ലാറ്റ്ഫോം ഇൻഗ്ലോ അടിസ്ഥാനമാക്കിയാണ് ബിഇ6 ഒരുങ്ങിയിരിക്കുന്നത്. പാക്ക് വൺ, പാക്ക് ടൂ, പാക്ക് ത്രീ എന്നീ മൂന്ന് വേരിയന്റുകളിലാണ് മഹീന്ദ്ര ബിഇ6 എത്തുന്നത്. ഇതിൽ ഉയർന്ന വേരിയന്റായ പാക്ക് ത്രീയുടെ വില 24.50 ലക്ഷം രൂപയിലും, അടിസ്ഥാന വേരിയന്റായ പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയിലും ബി.ഇ.6 പാക്ക് ടൂ വേരിയന്റിന് 21.90 ലക്ഷം രൂപയിലുമാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷുകളാണ് ബിഇ6-ലുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോർ 280 പിഎസ് പവറും 380 എൻഎം ടോർക്കുമേകും. ഈ വാഹനത്തിന്റെ ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാൻ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത. 59 കിലോവാട്ട് ബാറ്ററി പാക്ക് നൽകിയിട്ടുള്ള ബിഇ6 മോഡൽ 556 കിലോമീറ്ററും 79 കിലോവാട്ട് ബാറ്ററി പാക്ക് നൽകിയിട്ടുള്ള പതിപ്പ് 682 കിലോമീറ്റർ റേഞ്ചുമാണ് നൽകുന്നത്.

Content Highlights: Amitabh Bachchan purchased the new red Mahindra BE 6 electric SUV., The vehicle was registered in his name at the Mumbai West RTO office on August 16., He owns the Pack Three variant with a 79 kWh battery pack., Mahindra BE 6 offers up to 682 km range and fast charging capabilities.