സി.എൻ.ജിയും ഹൈബ്രിഡും ഇ.വിയും ചേർന്നപ്പോൾ തകർന്നത് പെട്രോൾ ആധിപത്യം; ചരിത്രം തിരുത്തി വാഹന വിപണി

ഇന്ത്യയുടെ വാഹന വിപണിയുടെ ചരിത്രത്തിൽ ആദ്യമായി പെട്രോൾ വാഹനങ്ങളുടെ വിൽപ്പനയെ മറികടന്ന് ഇതര ഇന്ധനങ്ങളിലുള്ള വാഹനങ്ങൾ. സി.എൻ.ജി, ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിനുകളിലുള്ള വാഹനങ്ങളുടെ ഓഗസ്റ്റ് മാസത്തെ വിൽപ്പനയാണ് പെട്രോൾ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മുകളിൽ എത്തിയിരിക്കുന്നത്. പെട്രോൾ വാഹനങ്ങൾ 40.85 ശതമാനം വിപണി വിഹിതം നേടിയപ്പോൾ ഇതര ഇന്ധനങ്ങളിലുള്ള വാഹനങ്ങൾ 41.95 ശതമാനം വിപണി വിഹിതം സ്വന്തമാക്കി.
2026 ഓഗസ്റ്റ് മാസത്തിലെ പാസഞ്ചർ വാഹന വിൽപ്പനയിൽ 17.51 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ഓഗസ്റ്റിലെ 20.65 ലക്ഷത്തിൽനിന്ന് 24.23 ലക്ഷമായാണ് ഇത്തവണ വിൽപ്പന ഉയർന്നത്. അതേസമയം, ജൂലായിലെ 25.91 ലക്ഷത്തിൽനിന്ന് 6.48 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. കാറുകൾ, ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ, വാണിജ്യവാഹനം എന്നിവയിലെല്ലാം വിൽപ്പനവളർച്ച രേഖപ്പെടുത്തിയതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) പ്രസിഡന്റ് സായി ഗിരിധർ വ്യക്തമാക്കി.
ഭൂരിഭാഗം വാഹനവിഭാഗങ്ങളിലും പെട്രോളിന്റെ വിഹിതം കുറയുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇരുചക്രവാഹനവിഭാഗത്തിൽ 89.23 ശതമാനവും ഇപ്പോഴും പെട്രോൾ അല്ലെങ്കിൽ എഥനോൾ ഇന്ധനമായുള്ളവയാണ്. അതേസമയം, മുൻവർഷത്തെ 92.10 ശതമാനത്തിൽനിന്ന് കുറവുണ്ടായി. വൈദ്യുതവാഹനങ്ങളുടെ വിഹിതം മുൻവർഷത്തെ 7.66 ശതമാനത്തിൽനിന്ന് 10.68 ശതമാനമായി കൂടുകയും ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ കണക്ക് അനുസരിച്ച് പെട്രോൾ വാഹനങ്ങളെക്കാൾ 11 ശതമാനം കുറവായിരുന്നു സി.എൻ.ജി, ഹൈബ്രിഡ്, ഇലക്ട്രിക് എന്നിവ ഉൾപ്പെടുന്ന ഇതര ഇന്ധനങ്ങളിലുള്ള വാഹനങ്ങളുടെ വിപണി വിഹിതം. അതേസമയം, ജൂലായ് മാസത്തെ അപേക്ഷിച്ച് വിൽപ്പന കുറഞ്ഞത് ഉപയോക്താക്കൾ ഉത്സവ സീസണിന്റെ ഭാഗമായി വാഹനങ്ങൾ സ്വന്തമാക്കുന്നതിനായി വാങ്ങൽ മാറ്റിവെച്ചതിനാലാണെന്നാണ് ഫാഡയുടെ വിലയിരുത്തലുകൾ.
ഓഗസ്റ്റ് മാസത്തെ വാഹന വിപണിയിൽ ഏറ്റവും ശ്രദ്ധേയമായത് എല്ലാ വാഹന വിഭാഗങ്ങളിലും അർബൻ വിപണികളിലേതിനെക്കാൾ അധിക വിൽപ്പന രേഖപ്പെടുത്തിയത് റൂറൽ വിപണികളിൽ ആണെന്നുള്ളതാണ്. അർബൻ വിപണികളിൽ 15.17 ശതമാനം വിൽപ്പന കുതിപ്പാണ് രേഖപ്പെടുത്തിയതെങ്കിൽ റൂറൽ വിപണികളിൽ ഇത് 19.79 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റൂറൽ വിപണിയിലെ പാസഞ്ചർ വാഹന വിൽപ്പന മാത്രം 24.99 ശതമാനം ഉയർന്നിട്ടുണ്ട്.
Content Highlights: Alternative fuels (CNG, hybrid, EV) surpassed petrol car sales with 41.95% market share in August 2026., Total passenger vehicle sales grew by 17.51% year-on-year to 24.23 million units in August 2026., Two-wheeler EV adoption increased from 7.66% to 10.68%., Rural markets outperformed urban markets with a 19.79% sales surge.