പ്രകൃതി സൗഹാർദ യാത്രയ്‌ക്കൊരുങ്ങി നടി പാർവതി തിരുവോത്ത്; സ്വന്തമാക്കിയത് മഹീന്ദ്ര XEV 9e എസ്‌യുവി

#Auto News
നടി പാര്‍വതി തിരുവോത്തും അവര്‍ സ്വന്തമാക്കിയ പുതിയ വാഹനവും | Photo: Autobahn Mahindra
നടി പാര്‍വതി തിരുവോത്തും അവര്‍ സ്വന്തമാക്കിയ പുതിയ വാഹനവും | Photo: Autobahn Mahindra

ലയാള സിനിമയ്ക്ക് ഒരുപടി കരുത്തുറ്റ നായിക കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള താരമാണ് പാർവതി തിരുവോത്ത്. വ്യത്യസ്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കുന്ന ഈ നായിക തന്റെ യാത്രകൾക്കായി വ്യത്യസ്തമായ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിക്ക് മഹീന്ദ്ര സംഭാവന ചെയ്ത ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് എസ്‌യുവി XEV 9e ആണ് പാർവതി സ്വന്തമാക്കിയ വാഹനം.

XEV 9e-യുടെ റൂബി വെൽവെറ്റ് ഫിനീഷിങ് മോഡലാണ് പാർവ്വതി തിരഞ്ഞെടുത്തത്. എന്നാൽ, ഏത് വേരിയന്റ് (പാക്ക്) ആണെന്നതും ഏത് ബാറ്ററി പാക്ക് ഓപ്ഷനിലുള്ള വാഹനമാണ് താരം സ്വന്തമാക്കിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. മഹീന്ദ്രയുടെ കൊച്ചിയിലെ വിതരണക്കാരായ ഓട്ടോബാൻ മഹീന്ദ്രയിൽ കുടുംബത്തോടൊപ്പം എത്തിയാണ് പാർവതി പുതിയ വാഹനം സ്വന്തമാക്കിയത്. ഓട്ടോബാൻ മഹീന്ദ്രയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഡ്രൈവറുടെ കംഫർട്ടിനൊപ്പം രസകരമായ ഡ്രൈവിങ് അനുഭവം, പിൻസീറ്റുകളിലും മികച്ച യാത്രാസുഖം ഉറപ്പാക്കുന്നുണ്ട്, ഇത് എന്റെ മാതാപിതാക്കൾക്ക് ഏറ്റവും മികച്ച യാത്ര അനുഭാവം ഉറപ്പാക്കും, പ്രകൃതി സൗഹാർദവും താങ്ങാവുന്ന വിലയിലുള്ള വാഹനവുമാണിത്. ഈ മൂന്ന് കാരണങ്ങളാണ് മഹീന്ദ്ര XEV 9e എസ്‌യുവിയിലേക്ക് എത്താനുള്ള കാരണമെന്നാണ് പാർവതി അഭിപ്രായപ്പെടുന്നത്.

മഹീന്ദ്രയിൽനിന്ന് പുറത്തിറങ്ങിയ ആദ്യ ബോൺ ഇലക്ട്രിക് മോഡലുകളിൽ ഒന്നാണ് XEV 9e. ഇലക്ട്രിക് വാഹനങ്ങൾക്കായി മഹീന്ദ്ര വികസിപ്പിച്ച ഇൻഗ്ലോ ഇലക്ട്രിക് പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈനിനൊപ്പം ഞെട്ടിക്കുന്ന ഫീച്ചറുകളുമായാണ് മഹീന്ദ്ര ഈ ഇലക്ട്രിക് എസ്‌യിവി വിപണിയിൽ എത്തിച്ചത്. ഇലക്ട്രിക് വാഹന വിപണിയിൽ പുത്തൻ മാനദണ്ഡം സൃഷ്ടിച്ച ഈ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ പാക്ക് വൺ, പാക്ക് ടൂ, പാക്ക് ത്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ 59 കിലോവാട്ട് ബാറ്ററി പാക്ക് മോഡലിന്റെ വില ആരംഭിക്കുന്നത് 21.90 ലക്ഷം രൂപയിലാണ്. 79 കിലോവാട്ട് ബാറ്ററി പാക്കുമായി എത്തുന്ന പാക്ക് ത്രീ പതിപ്പിന് 26.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷുകളാണ് ഈ വാഹനങ്ങളിൽ നൽകിയിട്ടുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോർ 280 പി.എസ്. പവറും 380 എൻ.എം. ടോർക്കുമേകും. ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാൻ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത. 59 കിലോവാട്ട് ബാറ്ററി പാക്ക് നൽകിയിട്ടുള്ള എക്‌സ്.ഇ.വി. 9ഇ ഒറ്റത്തവണ ചാർജിൽ 542 കിലോമീറ്ററും 79 കിലോവാട്ട് ബാറ്ററി പാക്ക് മോഡൽ 656 കിലോമീറ്റർ റേഞ്ചും നൽകുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

Content Highlights: Actress Parvathy Thiruvothu purchased the Mahindra XEV 9e electric SUV., She chose the Ruby Velvet finishing model from Autobahn Mahindra, Kochi., Chose it for driving comfort, parental travel ease, and eco-friendly nature., Available in 59 kWh and 79 kWh battery options with a range up to 656 km., Starting ex-showroom price begins at 21.90 lakh rupees.