നടി അന്ന രാജന്റെ യാത്രകൾ ഇനി ടൊയോട്ട എംപിവിയിൽ; ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി 'ലിച്ചി'

#Auto Desk
നടി അന്ന രാജന്‍ പുതിയ വാഹനത്തിനൊപ്പം | Photo: Facebook/Kairali Toyota
നടി അന്ന രാജന്‍ പുതിയ വാഹനത്തിനൊപ്പം | Photo: Facebook/Kairali Toyota

ടൊയോട്ടയുടെ ടോപ്പ് സെല്ലിങ് എംപിവി മോഡലായ ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി മലയാളികളുടെ പ്രിയനടി അന്ന രാജൻ. ഇന്നോവ ഹൈക്രോസിന്റെ ജിഎക്‌സ് വേരിയന്റ് പെട്രോൾ എൻജിൻ മോഡലാണ് അന്ന രാജൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഏഴ് സീറ്റർ എംപിവി മോഡലായ ഈ ഹൈക്രോസ് കൊച്ചിയിലെ ടൊയോട്ടയുടെ വിതരണക്കാരായ കൈരളി ടൊയോട്ടയിൽനിന്ന് അന്ന രാജൻ സ്വന്തമാക്കിയത്.

പെട്രോൾ, പെട്രോൾ ഹൈബ്രിഡ് എന്നീ പവർട്രെയിനുകളിലാണ് ഹൈക്രോസ് വിപണിയിൽ എത്തുന്നത്. 18.70 ലക്ഷം രൂപ മുതൽ 32.95 ലക്ഷം രൂപ വരെയാണ് ഈ എംപിവിയുടെ എക്‌സ്‌ഷോറൂം വില. അന്ന രാജൻ ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസ് ഉടമയായ സന്തോഷം കൈരളി ടൊയോട്ടയാണ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധാകരുമായി പങ്കുവെച്ചത്.

ഇന്നോവ, ഇന്നോവ ക്രിസ്റ്റ, എന്നീ വാഹനങ്ങളുടെ പിൻഗാമിയായി 2022-ലാണ് ഇന്നോവ ഹൈക്രോസ് വിപണിയിൽ എത്തുന്നത്. പെട്രോൾ, സ്‌ട്രോങ് ഹൈബ്രിഡ് പെട്രോൾ എന്നിങ്ങനെ രണ്ട് പവർട്രെയിനുകളിലാണ് വാഹനം ലഭ്യമാകുന്നത്. ക്രിസ്റ്റയുമായും ഇന്നോവയുമായും താരതമ്യം ചെയ്യുമ്പോൾ, ഹൈക്രോസിന് കുറച്ചുകൂടി എസ്യുവി രൂപമാണുള്ളത്. മറ്റ് രണ്ട് മോഡലുകളെക്കാളും നീളവും വീതിയും കൂടുതലുമാണ്. ആറ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ വാഹനം സ്വന്തമാക്കാം.

മൾട്ടി-ലെയേർഡ് ഡാഷ്‌ബോർഡ്, 10.1 ഇഞ്ച് ഫ്‌ലോട്ടിങ് ടച്ച്സ്‌ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ദീർഘചതുരാകൃതിയിലുള്ള എസി വെന്റുകൾ, ഡാഷ്‌ബോർഡിൽ ഘടിപ്പിച്ച ഗിയർ ലിവർ തുടങ്ങിയവയാണ് ഹൈക്രോസിലെ ഫീച്ചറുകൾ. ഉയർന്ന വേരിയന്റുകളിൽ പാഡിൽ ഷിഫ്റ്ററുകൾ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്രൈവർ സീറ്റിനുള്ള മെമ്മറി ഫങ്ഷൻ, ആംബിയന്റ് ലൈറ്റിങ്, പവേർഡ് ടെയിൽഗേറ്റ് എന്നിവയുമുണ്ട്.

ഏഴ്, എട്ട് എന്നിങ്ങനെ രണ്ട് സീറ്റിങ് കോൺഫിഗറേഷനുകൾ ലഭ്യമാണ്. ഏഴ് സീറ്റുകളുള്ള പതിപ്പിൽ മധ്യ നിരയിൽ സുഖസൗകര്യങ്ങളുള്ള, സെഗ്മെന്റിലെ ആദ്യ ഓട്ടോമൻ രണ്ട് ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കും. എട്ട് സീറ്റുകളുള്ള പതിപ്പിൽ മധ്യനിരയിൽ ബെഞ്ച് സീറ്റാണുള്ളത്. ടൊയോട്ടയുടെ ടിഎൻജിഎ-സി മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് ഹൈക്രോസ് നിർമിച്ചിരിക്കുന്നത്.

സ്‌ട്രോങ് ഹൈബ്രിഡ് പവർട്രെയിൻ ഉയർന്ന വേരിയന്റുകളായ VX, ZX, ZX (O) എന്നിവയിൽ മാത്രമേ ലഭ്യമാകൂ. 2.0 ലിറ്റർ, നാല് സിലിണ്ടർ എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഹൈബ്രിഡിന് 184 എച്ച്പി പവറാണുള്ളത്. സാധാരണ പെട്രോൾ എൻജിൻ 172 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നു. സിവിടി ട്രാൻസ്മിഷനുമായാണ് ഇത് വരുന്നത്. മാനുവൽ ഗിയർബോക്‌സ് ലഭ്യമല്ല.

Content Highlights: Malayalam actress Anna Rajan purchased the Toyota Innova Hycross MPV., She bought the GX petrol variant from Kairali Toyota in Kochi., Toyota Innova Hycross comes in petrol and strong hybrid powertrains., Ex-showroom price ranges from Rs 18.70 lakh to Rs 32.95 lakh.