ഫഹദ് ഫാസിലിന്റെ ഗ്യാരേജിലെ പുതിയ വാഹനം; ബെന്‍സ് 450-യുടെ താക്കോല്‍ ഏറ്റുവാങ്ങി ഫാസില്‍

ഫഹദ് ഫാസില്‍ സ്വന്തമാക്കിയ പുതിയ മെഴ്‌സിഡീസ് ബെന്‍സ് ജി.എല്‍.എസ് 450-യുടെ താക്കോല്‍ അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ ഏറ്റുവാങ്ങുന്നു | Photo: Instagram/drivewithstars
ഫഹദ് ഫാസില്‍ സ്വന്തമാക്കിയ പുതിയ മെഴ്‌സിഡീസ് ബെന്‍സ് ജി.എല്‍.എസ് 450-യുടെ താക്കോല്‍ അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ ഏറ്റുവാങ്ങുന്നു | Photo: Instagram/drivewithstars

ലയാള സിനിമയിലെ അണ്ടര്‍റേറ്റഡ് വാഹനപ്രേമിയായിരിക്കും ഫഹദ് ഫാസില്‍ എന്ന താരം. വാഹനപ്രേമിയെന്ന് വിശേഷണം ചാര്‍ത്തി നല്‍കിയിട്ടില്ലെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കുമുള്ളില്‍ ഏറ്റവും മികച്ച ഒരുകൂട്ടം വാഹനങ്ങളാണ് അദ്ദേഹം തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് കാര്‍ മുതല്‍ ആഡംബര എം.പി.വി. വരെയുള്ള ഫഹദ് ഫാസില്‍-നസ്രിയ താരദമ്പതികളുടെ ഗ്യാരേജിലേക്ക് പുതിയ ഒരു ആഡംബര എസ്.യു.വി. കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ്. 

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള എസ്.യു.വി. മോഡലായ ബെന്‍സ് ജി.എല്‍.എസ്.450-യാണ് ഫഹദ് ഫാസിലിന്റെ ഗ്യാരേജില്‍ എത്തിയിട്ടുള്ള ഏറ്റവും പുതിയ മോഡല്‍. ഫഹദ് ഫാസിലിന് പകരം അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. കാഴ്ചയില്‍ എസ് ക്ലാസ് ബെന്‍സിന് സമാനമായ ഈ വാഹനത്തിന് 1.21 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.

മെഴ്‌സിഡസ് വാഹനങ്ങളുടെ പ്രീമിയം ഭാവത്തിനൊപ്പം എസ്.യു.വിയുടെ തലയെടുപ്പുമുള്ള വാഹനമാണ് ജി.എല്‍.എസ്.450. പവര്‍ ഡോമുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ് രണ്ട് ക്രോമിയം പ്ലേറ്റുകള്‍ നല്‍കിയിട്ടുള്ള വലിപ്പമുള്ള ഗ്രില്ല്, സ്‌കിഡ് പ്ലേറ്റ്, മള്‍ട്ടി ബീം ഹെഡ്‌ലാമ്പ്, അലുമിനിയം റൂഫ് റെയില്‍സ്, 21 ഇഞ്ച് വലിപ്പമുള്ള അഞ്ച് സ്‌പോക്ക് അലോയി വീല്‍, ക്രോമിയം ആവരണം നല്‍കിയിട്ടുള്ള ട്വിന്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍ എന്നിവയാണ് ഇതിലെ ഡിസൈന്‍ ഹൈലൈറ്റുകള്‍. 

മെഴ്‌സിഡീസിന്റെ മറ്റ് വാഹനങ്ങള്‍ പോലെ തന്നെ ആഡംബരത്തിന് പ്രാധാന്യം നല്‍കിയുള്ള അകത്തളമാണ് ഈ വാഹനത്തിലുമുള്ളത്. 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റുകള്‍, ലെതറിന്റെയും സില്‍വര്‍ ക്രോമിന്റെയും കോംപിനേഷനില്‍ ഒരുങ്ങിയിട്ടുള്ള ഡാഷ്‌ബോര്‍ഡ്, ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനായും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററായും തിരിച്ചിരിക്കുന്ന വലിയ സ്‌ക്രീന്‍, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, കണക്ടഡ് ഫീച്ചറുകളും ഉള്‍പ്പെടെയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. 

3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം 48 വോള്‍ട്ട് ഹൈബ്രിഡ് സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. 362 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. 9ജി ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതിലെ ഗിയര്‍ബോക്‌സ്. കേവലം 6.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷയും ഈ എസ്.യു.വിയിലുണ്ട്.

Content Highlights: Actor Fahad Fazil buys Mercedes Benz GLS450, Key handed over to his father and director Fazil