ബാബുരാജിന്റെ യാത്രകള്‍ക്ക് ജീപ്പിന്റെ കരുത്ത്; പുതിയ റാംഗ്ലര്‍ എസ്.യു.വി. സ്വന്തമാക്കി താരം

Photo: Pinnacle Jeep
Photo: Pinnacle Jeep

നായകന്‍, പ്രതിനായകന്‍, ഹാസ്യതാരം എന്നിങ്ങനെ വെള്ളിത്തരയിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച താരമാണ് നടന്‍ ബാബുരാജ്. മസില്‍മാന്‍ ഇമേജുള്ള ഈ താരം തന്റെ യാത്രകള്‍ക്കായി ഒരു മസില്‍ എസ്.യു.വി. സ്വന്തമാക്കിയിരിക്കുകയാണ്. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച പുതിയ റാംഗ്ലറാണ് അദ്ദേഹം തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്ന പുതിയ വാഹനം. 

കേരളത്തിലെ മുന്‍നിര ജീപ്പ് വിതരണക്കാരായ പിനാക്കിള്‍ ജീപ്പില്‍ നിന്നാണ് താരം ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ബ്രൈറ്റ് വൈറ്റ് നിറത്തിലുള്ള വാഹനമാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നതും. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് 2024 റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അണ്‍ ലിമിറ്റഡ്, റൂബിക്കോണ്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 67.65 ലക്ഷം രൂപയും 71.65 ലക്ഷം രൂപയുമാണ് വില. 

മുന്‍ മോഡലിനെ അപേക്ഷിച്ച് ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയാണ് പുതിയ പതിപ്പ് എത്തിച്ചിരിക്കുന്നത്. ജീപ്പിന്റെ സിഗ്‌നേച്ചര്‍ ഗ്രില്ലിന് ചുറ്റിലും ബ്ലാക്ക് ഇന്‍സേര്‍ട്ടുകള്‍ നല്‍കിയാണ് മുഖം അഗ്രസീവാക്കുന്നത്. ഇതുപോലെ ചെറുതല്ലാത്ത മാറ്റങ്ങള്‍ ചുറ്റിലും വരുത്തിയിട്ടുണ്ട്. ജീപ്പിന്റെ അമേരിക്കന്‍ ജീന്‍ വിളിച്ചറിയിക്കുന്ന അകത്തളമാണ് റൂബിക്കോണില്‍ നല്‍കിയിട്ടുള്ളത്. ജീപ്പിന്റെ യുകണക്ട് 5 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീനാണ് ഡാഷിലെ താരം. വലിയ സ്‌ക്രീനിന്റെ വരവോടെ സെന്‍ട്രല്‍ എയര്‍ വെന്റുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിന് താഴേക്ക് മാറി. 12 തരത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകളും ഹൈലൈറ്റാണ്. 

ഓഫ് റോഡുകള്‍ക്കും ഇണങ്ങുന്ന വാഹനമായതിനാല്‍ തന്നെ സുരക്ഷയിലും കേമനാണ് ഈ വാഹനം. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ക്യാമറ എന്നിവയ്ക്ക് പുറമേ അഡാസും കൂടി ചേരുന്നതോടെ സുരക്ഷയിലും കേമനാണ് ഈ വാഹനമെന്ന് തെളിയിക്കുന്നു. 

രണ്ട് വേരിയന്റുകളിലും 2.0 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ ടര്‍ബോപെട്രോള്‍ എന്‍ജിനാണ് വരുന്നത്. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 270 ബി.എച്ച്.പി. പവറില്‍ പരമാവധി 400 എന്‍.എം. ടോര്‍ക്ക് വരെയാണ് ഉത്പാദിപ്പിക്കുക. ജീപ്പിന്റെ സെലക്ട്രാക്ക് ഫുള്‍ടൈം ഫോര്‍വീല്‍ ഡ്രൈവ് മുഴുവന്‍ സമയവും സജ്ജമാണ്. അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍, ബ്രേക്ക്ഓവര്‍ ആംഗിള്‍ എന്നിവ യഥാക്രമം 36 ഡിഗ്രി, 31 ഡിഗ്രി, 20 ഡിഗ്രി (റൂബിക്കോണിന് 21 ഡിഗ്രി) എന്നിങ്ങനെയാണ്.

Content Highlights: Actor Baburaj buys Jeep Wrangler SUV worth rupees 75 lakhs