ഫീച്ചറിലും സ്റ്റൈലിലും സുരക്ഷയിലും എതിരാളികളെ വെല്ലുവിളിച്ച് പുതിയ ടിയാഗോ; വില 4.69 ലക്ഷം മുതൽ

#Auto Desk
ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ പുതിയ ടിയാഗോ | Photo: Tata Motors
ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ പുതിയ ടിയാഗോ | Photo: Tata Motors

ടാറ്റ മോട്ടോഴ്‌സിന്റെ വാഹന നിരയിലെ എൻട്രി ലെവൽ മോഡലായ ടിയാഗോയുടെ 2026 പതിപ്പ് അവതരിപ്പിച്ചു. ആറ് വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന ഈ വാഹനത്തിന് 4.69 ലക്ഷം രൂപയിലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഏറ്റവും ഉയർന്ന വകഭേദത്തിന് 8.55 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യൻ നിരത്തുകളിൽ മാരുതി സുസുക്കി സെലേറിയോ, ഹ്യുണ്ടായി ഗ്രാന്റ് ഐ10 നിയോസ് തുടങ്ങിയ മോഡലുകളുമായാണ് ടിയാഗോ മത്സരിക്കുന്നത്.

സ്മാർട്ട്, പ്യുവർ, പ്യുവർ പ്ലസ്, പ്യുവർ പ്ലസ് എ, ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ് എന്നിങ്ങനെയാണ് ടിയാഗോയുടെ വേരിയന്റുകളെ തരംതിരിച്ചിരിക്കുന്നത്. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ പ്രാരംഭ വിലയിൽ ടിയാഗോ സ്വന്തമാക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിൽ പെട്രോൾ-സിഎൻജി പവർ ട്രെയിനുകളിൽ ടാറ്റയുടെ പുതിയ ടിയാഗോ വിപണിയിൽ എത്തുന്നുണ്ട്.

ടിയാഗോയുടെ ഡിസൈനിൽ വലിയ മാറ്റം വരുത്തുകയും ഫീച്ചറുകളിൽ കൂട്ടിച്ചേർക്കലുകൾ വരുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും മെക്കാനിക്കലായി മാറ്റങ്ങളില്ല. 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനാണ് പുതിയ ടിയാഗോയിലും. 86 എച്ച്പി പവറും 113 എൻഎം ടോർക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്. 75.5 എച്ച്പി പവറും 96.5 എൻഎം ടോർക്കുമാണ് സിഎൻജി മോഡലിന്റെ കരുത്ത്. സെഗ്മെന്റിൽ ആദ്യമായി സിഎൻജി ഓട്ടോമാറ്റിക് പതിപ്പിൽ പാഡിൽ ഷിഫ്‌റ്റേഴ്‌സ് നൽകിയിട്ടുണ്ട്.

ടിയാഗോയുടെ മുൻ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ വലിയ അഴിച്ചപണിയാണ് ഡിസൈനിൽ വരുത്തിയിരിക്കുന്നത്. മുൻവശത്താണ് ഏറ്റവുമധികം പുതുമ കാണാനാകുന്നത്. എൽഇഡി ഹെഡ്​ലാമ്പ് ഐബ്രോ ഷേപ്പിലുള്ള ഡിആർഎൽ, അൾട്രോസിൽ നൽകിയിരിക്കുന്നതിന് സമാനമായ ബ്ലാക്ക് ഗ്രില്ല്, രൂപമാറ്റം സംഭവിച്ചിട്ടുള്ള ബമ്പർ, പിക്സൽ ഷേപ്പിൽ തീർത്തിയിരിക്കുന്ന ഫോഗ്ലാമ്പ് എന്നിവയാണ് റെഗുലർ ടിയാഗോയുടെ മുഖഭാവത്തിലെ പുതുമകൾ.

മാറ്റങ്ങൾ മുന്നിൽ മാത്രം ഒതുങ്ങുന്നില്ല. അലോയി വീലിന്റെ ഡിസൈനിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. 15 ഇഞ്ചാണ് വലിപ്പം. റിയർവ്യൂ മിറർ, ഫൈബർ വീൽ ആർച്ച്, പില്ലറുകൾ എന്നിവിടങ്ങളിലാണ് വശങ്ങളിലെ മറ്റ് പുതുമകൾ. പിൻഭാഗത്തെ ഡിസൈൻ പൂർണമായും ഉടച്ചുവാർത്തിട്ടുണ്ട്. പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് ടെയ്ൽലാമ്പ്, എൽഇഡി ലൈറ്റുകളും സ്ട്രിപ്പുമെല്ലാം ഇതിൽ കാണാം. പിന്നിലെ ബമ്പറും മാറിയിരിക്കുന്നു. ഷാർക്ക് ഫിൻ ആന്റിന, സെൻസറുകൾ എന്നിവയും ഇതിലുണ്ട്.

ഒരു എൻട്രി ലെവൽ വാഹനത്തിൽ പ്രതീക്ഷിക്കുന്നതിലും അധികമാണ് ടിയാഗോയുടെ ഇന്റീരിയറിൽ നൽകിയിരിക്കുന്നത്. ഡാഷ്‌ബോർഡ് ഡിസൈനാണ് ഇതിൽ പ്രധാനം. കാഴ്ചയിൽ കൂടുതൽ സ്റ്റൈലിഷാണത്. ഡാഷ്‌ബോർഡിന്റെ മധ്യത്തിലായി തലയുയർത്തി നൽകുന്ന 10.25 ഇഞ്ച് വലിപ്പമുള്ള ഫ്രീ സ്റ്റാൻഡിങ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ടൂ സ്‌പോക്ക് സ്റ്റിയറിങ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, രണ്ട് വയൽലെസ് ചാർജിങ് പാഡ് എന്നിങ്ങനെ നീളുന്ന ഫീച്ചറുകൾ.

സുരക്ഷയിൽ ടാറ്റയുടെ വാഹനങ്ങൾ എന്നും ഒരുപടി മുന്നിലാണ്. ടിയാഗോയുടെ കാര്യത്തിലും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ, പാർക്കിങ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ, ചൈൽഡ് സീറ്റ് ആങ്കർ പോയന്റ്, എബിഎസ് വിത്ത് ഇബിഡി തുടങ്ങിയ സുരക്ഷ ഫീച്ചറുകൾക്കൊപ്പം അടിസ്ഥാന സുരക്ഷയെന്ന നിലയിൽ കരുത്തുറ്റ ബോഡി ഷെല്ലിലാണ് ടിയാഗോ നിർമിച്ചിരിക്കുന്നത്.

Content Highlights: Refreshed exterior design with LED DRLs and 15-inch alloy wheels, Features 10.25-inch infotainment system and 360-degree camera, Safety prioritized with 6 airbags and robust body shell, Available in Petrol and CNG with Manual and Automatic options, Aggressive pricing starting from ₹4.69 lakh to ₹8.55 lakh