40 കിലോമീറ്റര്‍ മൈലേജില്‍ സ്വിഫ്റ്റ് എത്തുമോ; കട്ട വെയിറ്റിങ്ങിലാണ് മാരുതി സുസുക്കി ഫാന്‍സ്

സ്വിഫ്റ്റ് എന്ന വാഹനം ഏത് രൂപം സ്വീകരിച്ചാലും ഇന്ത്യയിലെ വാഹനപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറാണ് പതിവ്. ആദ്യമെത്തിയ സ്വിഫ്റ്റിനും പിന്നീട് വരുത്തിയ മുഖംമിനുക്കലിലും ഇപ്പോള്‍ നിരത്തിലുള്ള മോഡലിനുമെല്ലാം ഒരേവരവേല്‍പ്പാണ് മാരുതി സുസുക്കി ആരാധാകര്‍ നല്‍കിയത്. എന്നാല്‍, സ്വിഫ്റ്റ് പുതിയ മുഖംമിനുക്കലിന് ഒരുങ്ങുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് ഓരോ സ്വിഫ്റ്റ് ആരാധകനും കാത്തിരിക്കുന്നത്. ജപ്പാനിലെ മോട്ടോര്‍ഷോയിലാണ് 2024 സ്വിഫ്റ്റ് പ്രദര്‍ശനത്തിനെത്തിയത്.
സാധാരണ ഗതിയില്‍ വിദേശത്ത് പ്രദര്‍ശനത്തിനെത്തുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ എത്താന്‍ കാലതാമസമെടുക്കുമെങ്കിലും സ്വിഫ്റ്റിന്റെ കാര്യത്തില്‍ ഇത് ഉണ്ടാകില്ലെന്നും ഉറപ്പായി കഴിഞ്ഞു. ടോക്കിയോയിലെ പ്രദര്‍ശനം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് ഇപ്പുറം പുതിയ സ്വിഫ്റ്റ് ഇന്ത്യയില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയതോടെ ഈ വാഹനം 2024-ന്റെ തുടക്കത്തില്‍ എത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ വാഹന വിപണി.
പുതിയ സ്വിഫ്റ്റ് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കൊപ്പം കാട്ടുതീ പോലെ പടര്‍ന്ന പ്രചരണമാണ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായായിരിക്കും സ്വിഫ്റ്റ് എത്തുകയെന്നത്. 40 കിലോമീറ്റര്‍ വരെ മൈലേജായിരിക്കും ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന സ്വിഫ്റ്റില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഇപ്പോള്‍ വിപണിയില്‍ എത്തുന്ന ഒരു പുതുതലമുറ ബൈക്കിന്റെ മൈലേജ്. ഹൈബ്രിഡ് സാങ്കേതികവിദ്യ ഒരുക്കുന്നതിനായി ഇസഡ് സീരീസ് എന്‍ജിനായിരിക്കും സ്വിഫ്റ്റില്‍ നല്‍കുകയെന്നാണ് വിവരം.
നിലവിലെ കെ-സീരീസ് എന്‍ജിന് പകരമാണ് ഇസഡ്-സീരീസ് എന്‍ജിന്‍ സ്വിഫ്റ്റില്‍ നല്‍കുന്നത്. കെ-സീരീസ് നാല് സിലിണ്ടര്‍ എന്‍ജിനാണെങ്കില്‍ ഇസഡ് സീരീസിലേക്ക് മാറുന്നതോടെ സിലിണ്ടറിന്റെ എണ്ണവും ഒന്ന് കുറയുമെന്നാണ് വിവരം. മൂന്ന് സിലിണ്ടറാണ് ഇസഡ് സീരീസ് എന്‍ജിനിലുള്ളത്. നിലവിലെ എന്‍ജിനെക്കാള്‍ ഭാരം കുറവാണെന്നതാണ് ഇസഡ് സീരീസ് എന്‍ജിന്റെ വ്യത്യാസമെന്നാണ് വിവരം. എന്നാല്‍, ഇത് വാഹനത്തിന്റെ പവര്‍ ഔട്ട്പുട്ടിനെ ബാധിക്കില്ലെന്നുമാണ് വിലയിരുത്തലുകള്‍.
ആഗോള നിരത്തുകളില്‍ സുസുക്കി എത്തിച്ചിട്ടുള്ള സ്വിഫ്റ്റ് സ്പോര്‍ട്ടിനോട് സമാനതകളുള്ള ഡിസൈനിലാണ് 2024 മോഡല്‍ ഒരുങ്ങിയിരിക്കുന്നത്. എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍ ഷേപ്പിലുള്ള ഡി.ആര്‍.എല്‍. തീര്‍ത്തും പുതുമയുള്ള ഡിസൈനില്‍ ബ്ലാക്ക് ബോര്‍ഡറിന്റെ അകമ്പടിയില്‍ തീര്‍ത്തിരിക്കുന്ന ഗ്രില്ല്, ചെറിയ എയര്‍ഡാം, സില്‍വര്‍ ഫിനീഷിങ്ങ് ലോവര്‍ ലിപ്പ് എന്നിവയാണ് മുഖഭാവത്തില്‍ മാറ്റമൊരുക്കുന്നത്. അലോയി വീലുകളുടെ ഡിസൈനിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്.
മുന്‍ മോഡലുകളില്‍നിന്ന് മാറി കൂടുതല്‍ ഫ്ളാറ്റായാണ് ഡോറുകളും മറ്റും ഒരുങ്ങിയിരിക്കുന്നത്. റൂഫില്‍ നല്‍കിയിട്ടുള്ള കറുപ്പ് നിറം പില്ലറുകളിലേക്കും നീളുന്നുണ്ട്. പിന്‍ഭാഗത്തിനും കൂടുതല്‍ സ്പോര്‍ട്ടി ഭാവം കൈവന്നിട്ടുണ്ടെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. പൂര്‍ണമായും എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പുകളും രൂപമാറ്റം സംഭവിച്ചിട്ടുള്ള ഹാച്ച്ഡോറും സ്‌കേര്‍ട്ട് നല്‍കിയിരിക്കുന്ന റിയര്‍ ബമ്പറുമാണ് പിന്‍ഭാഗത്തിന് സ്പോര്‍ട്ടി ഭാവം നല്‍കുന്നത്. ഇന്റീരിയറിലെ ഫീച്ചറുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: 2024 Maruti Suzuki Swift launch with hybrid technology, Expect 40 km/l millage for new model