കൂടുതല്‍ കളര്‍ഫുള്‍, കരുത്തുള്ള സുരക്ഷ; കിടിലന്‍ ലുക്കില്‍ ഹ്യുണ്ടായി ഐ20-യുടെ 2023 പതിപ്പ് വരുന്നു

ഹ്യുണ്ടായി വിപണിയില്‍ എത്തിക്കാനൊരുങ്ങുന്ന 2023 ഐ20 | Photo: MotorBeam
ഹ്യുണ്ടായി വിപണിയില്‍ എത്തിക്കാനൊരുങ്ങുന്ന 2023 ഐ20 | Photo: MotorBeam

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് മോഡലില്‍ ഏറ്റവും സ്‌പോര്‍ട്ടി ഭാവമുള്ള വാഹനമാണ് ഹ്യുണ്ടായിയുടെ ഐ20. ഓരോ മുഖംമിനുക്കലിലും കൂടുതല്‍ സ്‌പോര്‍ട്ടിയായി എത്തുന്ന ഈ വാഹനത്തിന്റെ പുതിയൊരു പതിപ്പ് കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. കൂടുതല്‍ സ്റ്റൈലിഷാകുന്നതിനൊപ്പം അഡ്വാന്‍സ്ഡ് ഫീച്ചറുകളുമായെത്തുന്ന 2023 ഐ20-യുടെ ചിത്രങ്ങള്‍ ഹ്യുണ്ടായി പുറത്തുവിട്ടു. 2023 അവസാനത്തോടെയായിരിക്കും ഈ വാഹനം വിപണിയില്‍ എത്തുകയെന്നാണ് സൂചനകള്‍.

വാഹനത്തിന്റെ രൂപത്തില്‍ അഴിച്ചുപണി വരുത്താതെ ഡിസൈനില്‍ മാറ്റം വരുത്തിയാണ് 2023 ഐ20 സ്റ്റൈലിഷാക്കുന്നത്. ഗ്ലോസി ബ്ലാക്ക് നിറത്തില്‍ ഒരുങ്ങിട്ടുള്ള ഗ്രില്ല്, സ്‌പോര്‍ട്ടി ഭാവം വരുത്തുന്നതിനായി ഷാര്‍പ്പായി ഒരുങ്ങിയിട്ടുള്ള ബമ്പര്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലുമാണ് മുന്‍വശം സ്റ്റൈലിഷാക്കുന്നത്. വശങ്ങളിലെ മാറ്റം വരുത്തിയിരിക്കുന്നത് അലോയി വീലില്‍ മാത്രമാണ്. സ്റ്റാര്‍ ഡിസൈനില്‍ 16 ഇഞ്ച് വലിപ്പത്തിലാണ് ഈ വീലുകള്‍ ഒരുക്കിയിരിക്കുന്നത്. 

ഇന്റീരിയറിലും ഏതാനും പ്രകടമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അല്‍കസാറില്‍ നല്‍കിയിരുന്ന 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ് അകത്തളത്തില്‍ വരുത്തിയിട്ടുള്ള വലിയ പുതുമ. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് വലിപ്പമുള്ളതാണ്. ഹ്യുണ്ടായിയുടെ വാഹനങ്ങള്‍ നല്‍കിയിട്ടുള്ള ബ്ലൂലിങ്ക് സാങ്കേതികവിദ്യ കൂടുതല്‍ ഫീച്ചറുകളോടെ ഈ വാഹനത്തില്‍ സ്ഥാനം പിടിക്കുന്നുണ്ട്. വയര്‍ലെസ് ചാര്‍ജര്‍ ഉള്‍പ്പെടെയുള്ളവയും ഐ20-യുടെ ഇന്റീരിയര്‍ സമ്പന്നമാക്കും. 

സുരക്ഷയില്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നതാണ് 2023 ഐ20-യുടെ മറ്റൊരു ഹൈലൈറ്റ്. ഹ്യുണ്ടായിയുടെ പ്രീമിയം വാഹനങ്ങള്‍ നല്‍കിയിട്ടുള്ള അഡാസ് ഐ20-യിലും നല്‍കുന്നുണ്ട്. ലെയ്ന്‍ ഫോളോ അസിസ്റ്റ്, റിയര്‍ ക്രോസ് ട്രാഫിക് കൊളീഷന്‍ അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് കൊളീഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, നാവിഗേഷന്‍ ബേസ്ഡ് സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ് കൊളീഷന്‍ അവോയിഡന്‍സ് അസിസ്റ്റ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളാണ് ഇതില്‍ നല്‍കുക.

ഹ്യുണ്ടായി വിദേശ വിപണിയില്‍ എത്തിക്കുന്ന 2023 ഐ20-യുടെ അകത്തളം | Photo: MotorBeam

വിദേശ വിപണികളില്‍ ആദ്യമെത്തുന്ന പുതിയ ഐ20-യില്‍ 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ പെട്രോള്‍ എന്‍ജിനായിരിക്കും നല്‍കുക. 100 പി.എസ്, 120 പി.എസ്. പവര്‍ ഓപ്ഷനുകളില്‍ ഇത് എത്തിയേക്കും. അതേസമയം, ഇന്ത്യയില്‍ എത്തുന്ന ഐ20-യില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും നല്‍കും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ആറ് സ്പീഡ് മാനുവല്‍ എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 

കൂടുതല്‍ കളര്‍ഫുള്‍ ആയി എത്തുന്നതും 2023 ഐ20-യുടെ സവിശേഷതയാണ്. എട്ട് നിറങ്ങളിലാണ് പുതിയ ഐ20 വിപണിയില്‍ എത്തുക. ഇതില്‍ രണ്ട് ഡ്യുവല്‍ ടോണ്‍ ഓപ്ഷനും നല്‍കും. ഈ എട്ട് നിറങ്ങളില്‍ ലൂസിഡ് ലൈം മെറ്റാലിക്, ലൂമെന്‍ ഗ്രേ, മെറ്റാ ബ്ലൂ പേള്‍ എന്നീ മൂന്ന് നിറങ്ങള്‍ തികച്ചും പുതിയതാണ്. എക്സ്റ്റീരിയറിലെ കളറുമായി മാച്ച് ചെയ്യുന്ന നിറങ്ങള്‍ ഇന്റീരിയറിലും നല്‍കുമെന്നതും മറ്റൊരു പ്രത്യേകതയാണ്. എ.സി. വെന്റ്, കണ്‍ട്രോള്‍ പാനല്‍, സീറ്റ് സ്റ്റിച്ചിങ്ങ്, ഡോര്‍ ഹാന്‍ഡില്‍ എന്നിവയിലായിരിക്കും നിറം നല്‍കുക.

Content Highlights: 2023 Hyundai I20 Image spied, Hyundai I20 Premium Hatchback, Hyundai Cars