നേട്ടത്തിന്റെ പുതിയ അധ്യായം കുറിച്ച് സ്‌കോഡ; അഞ്ചുലക്ഷത്തിന്റെ നിറവില്‍ പ്രൊഡക്ഷന്‍

Photo: Skoda
Photo: Skoda

ഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി ഇന്ത്യന്‍ വാഹന വിപണിയില്‍ നേട്ടത്തിന്റെ മാത്രം കഥ പറയാനുള്ള കമ്പനിയാണ് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ. പ്രീമിയം സ്വഭാവമുള്ള വാഹനങ്ങളില്‍ സാധാരണക്കാരന്റെ വാഹനങ്ങളിലേക്ക് ഇറങ്ങിവന്നതോടെ വില്‍പ്പനയില്‍ വന്‍ കുതിപ്പാണ് സ്‌കോഡ നേടിയിരിക്കുന്നത്. ഇന്ത്യയിലെ വാഹന നിര്‍മാണത്തില്‍ പുതിയ നേട്ടം കൈവരിച്ചതിന്റെ ആഘോഷത്തിലാണ് സ്‌കോഡയിപ്പോള്‍.

അഞ്ചുലക്ഷം വാഹനങ്ങളുടെ നിര്‍മാണമാണ് സ്‌കോഡ പൂര്‍ത്തിയാക്കിയിരിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ രണ്ട് നിര്‍മാണ പ്ലാന്റുകളില്‍ നിന്നായാണ് അഞ്ചുലക്ഷം വാഹനങ്ങള്‍ പുറത്തിങ്ങിയിരിക്കുന്നത്. പുണെ, ഛത്രപതി സംഭാജി നഗര്‍ എന്നിവിടങ്ങളിലായാണ് സ്‌കോഡയുടെ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സംഭാജി നഗറിലെ പ്ലാന്റ് 2001 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കോഡയുടെ പ്രീമിയം മോഡലായ ഒക്ടാവിയയാണ് ഇവിടെ നിന്നും പുറത്തിറങ്ങിയ ആദ്യ വാഹനം. 

നിര്‍മാണം പൂര്‍ത്തിയാക്കിയ അഞ്ചുലക്ഷത്തില്‍ 70 ശതമാനം വാഹനങ്ങളും പുണെയിലെ പ്ലാന്റില്‍ നിര്‍മിച്ചവയാണെന്നാണ് സ്‌കോഡ ഇന്ത്യ അറിയിച്ചിരിക്കുന്നത്. 30 ശതമാനം മാത്രമാണ് സംഭാജി നഗറിലെ പ്ലാന്റില്‍ നിര്‍മിച്ചത്. ആഭ്യന്തര വിപണിയിലേക്ക് മാത്രമായല്ല ഇന്ത്യയില്‍ സ്‌കോഡയുടെ വാഹനങ്ങള്‍ നിര്‍മിക്കുന്നത്. കുഷാക്, സ്ലാവിയ തുടങ്ങിയ മോഡലുകളുടെ സി.കെ.ഡി കിറ്റുകള്‍ ഇന്ത്യയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 

നാല് മോഡലുകളാണ് സ്‌കോഡ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. പ്രീമിയം എസ്‌യുവി മോഡലായ കോഡിയാക്, മിഡ്‌സൈസ് എസ്‌യുവിയായ കുഷാക്, സെഡാന്‍ വാഹനമായ സ്ലാവിയ, കോംപാക്ട് എസ്‌യുവി കൈലാഖ് എന്നിവയാണിവ. ഈ വാഹനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയുടെ പശ്ചാത്തലത്തില്‍ 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 36,194 വാഹനങ്ങളുടെ വില്‍പ്പന കൈവരിക്കാന്‍ സ്‌കോഡയ്ക്ക് സാധിച്ചു.

Content Highlights: Škoda India Celebrates Production Milestone: 500,000 Vehicles Manufactured