300 Km റേഞ്ച്, റഡാര്‍ ക്യാമറ, ഡ്യുവല്‍ ഡിസ്‌പ്ലേ... അടിമുടി ന്യൂജന്‍ ലുക്കില്‍ എക്‌സ് 47; ടെക്‌നോളജിയുടെ അയ്യരുകളി

അൾട്രാവയലറ്റി എക്‌സ് 47
അൾട്രാവയലറ്റി എക്‌സ് 47

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയെ കൈപ്പിടിയിലാക്കാന്‍ കിടിലന്‍ മോഡലുകളുമായാണ് ദുല്‍ഖര്‍ സല്‍മാന് ഓഹരിയുള്ള ഇവി നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ആദ്യ മോഡലുകളായ എഫ്77 സൂപ്പര്‍സ്ട്രീറ്റും എഫ്77 മാക്ക് 2-വും തീര്‍ത്ത തരംഗം കെട്ടടങ്ങും മുമ്പേ നിര്‍മ്മാതാക്കള്‍ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ബൈക്ക് പ്രേമികളെ. ഇത്തവണ പുതിയ ഇലക്ട്രിക് അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിളാണ് കമ്പനി പുറത്തിറക്കിയത്.

എക്‌സ് 47 ക്രോസ്ഓവര്‍ എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് ഇതിനകം തന്നെ ഇരുചക്രവിപണിയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. റഡാറടക്കമുള്ള അതിനൂതന സാങ്കേതിക വിദ്യകള്‍ കൊണ്ട് നിര്‍മ്മിച്ച ബൈക്ക് പുതുതലമുറയെ കൂടി ലക്ഷ്യം വെച്ചാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സ്ട്രീറ്റ് ഫൈറ്റര്‍ക്കും സാധാരണ യാത്രക്കാര്‍ക്കും ഒരുപോലെ പ്രിയങ്കരമാകുന്ന തരത്തിലാണ് എക്‌സ് 47ന്റെ നിര്‍മ്മാണം.

റഡാര്‍ സാങ്കേതികവിദ്യ സ്റ്റാന്‍ഡേര്‍ഡ് ആയി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ എക്‌സ് 47 എന്നാണ് കമ്പനിയുടെ അവകാശവാദം. ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ലെയന്‍ ചേയ്ഞ്ച് അലേര്‍ട്ട്, റിയര്‍ കൊളീഷന്‍ ഡിറ്റക്ഷന്‍ ശേഷി, റിയല്‍ ടൈം ഫ്രണ്ട്, റിയര്‍ ക്യാമറ, ഡ്യൂവല്‍ ഡിസ്‌പ്ലേ തുടങ്ങിയവ ബൈക്ക് പ്രേമികളെ സംബന്ധിച്ച് പുതുമകളാണ്.

ബീക്ക്-സ്റ്റൈല്‍ ഫെന്‍ഡര്‍, സ്‌കള്‍പ്ചേര്‍ഡ് ടാങ്ക്, കാസ്റ്റ് അലുമിനിയം സബ്-ഫ്രെയിമുള്ള റാക്ക്ഡ് ടെയില്‍ സെക്ഷന്‍ എന്നിവയടങ്ങുന്ന അള്‍ട്രാവയലറ്റ് X47 ക്രോസ്ഓവറിന്റെ സ്റ്റൈലും ആകര്‍ഷണീയമാണ്. റിയര്‍ ലഗേജ് റാക്ക്, സാഡില്‍ സ്റ്റേകള്‍, സോഫ്റ്റ്/ഹാര്‍ഡ് പാനിയറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന ഡസേര്‍ട്ട് വിംഗ് സ്പെഷ്യല്‍ എഡിഷന്‍ വേരിയന്റും ലഭ്യമാണ്.

ബ്രേക്കിംഗിനായി മുന്‍വശത്തും പിന്‍വശത്തും സിംഗിള്‍ ഡിസ്‌ക്കുകളാണ്. അധിക സുരക്ഷക്കായി ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ സപ്പോര്‍ട്ടുമുണ്ട്. 40 ബിഎച്ച്പി കരുത്തും പരമാവധി 100 എന്‍എം ടോര്‍ക്കുമാണ് ഈ ബൈക്കിലെ ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്. റേഞ്ചാണ് ഈ ബൈക്കിന്റെ മറ്റൊരു ഹൈലൈറ്റ്. സിംഗിള്‍ ചാര്‍ജില്‍ 323 കിലോമീറ്റര്‍ റേഞ്ച് വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതായത് ഒറ്റ ചാര്‍ജില്‍ ബെംഗളൂരു എയര്‍പോര്‍ട്ട് മുതല്‍ ചെന്നൈ എയര്‍പോര്‍ട്ട് വരെ പോകാം.

പെര്‍ഫോമന്‍സ് നോക്കിയാല്‍ മോട്ടോര്‍സൈക്കിളിന് 0-60 കിലോമീറ്റര്‍ വേഗത വെറും 2.7 സെക്കന്‍ഡിനുള്ളില്‍ കൈവരിക്കാനാവും. അതേസമയം 0-100 കിലോമീറ്റര്‍ സ്പീഡ് എത്താന്‍ അള്‍ട്രാവയലറ്റ് X-47 ഇവിക്ക് 8.1 സെക്കന്‍ഡാണ് വേണ്ടിവരിക. അതേസമയം ടോപ്പ് സ്പീഡ് 145 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

പോക്കറ്റില്‍ കരുതാന്‍ പാകത്തിലുള്ള ചാര്‍ജറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 2.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വിലയായി നല്‍കിയിരിക്കുന്നത്. ആദ്യം ചെയ്യുന്ന ആയിരം പേര്‍ക്കാണ് ഇത്.

Content Highlights: Explore the new Ultraviolette X47 Crossover electric motorcycle. Boasting a 300km range, radar tech, dual displays, and advanced features. India`s first motorcycle with standard radar.