323 കിലോമീറ്റര്‍ റേഞ്ച്; കുറഞ്ഞ വില, ഇ.ബൈക്കുകളില്‍ രാജാവാകാന്‍ അള്‍ട്രാവയലറ്റ് മാക്ക് 2

വിമാനത്തിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ബൈക്ക്, സങ്കല്‍പ്പിക്കാന്‍ അല്‍പ്പം പ്രയാസം തോന്നുമെങ്കിലും ഇത് സാധ്യമാക്കിയിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ്. അള്‍ട്രാവയലറ്റ് എഫ്77 മാക്ക് 2 എന്ന പേരിലാണ് പുതിയ മോഡല്‍ എത്തിച്ചിരിക്കുന്നത്. അള്‍ട്രാവയലറ്റില്‍ നിന്നും ആദ്യം പുറത്തിറങ്ങിയ എഫ്77 എന്ന പെര്‍ഫോമെന്‍സ് ഇലക്ട്രിക് ബൈക്കിന്റെ മുഖംമിനുക്കിയ പതിപ്പായാണ് മാക്ക് 2 എത്തിയിരിക്കുന്നത്.
ഡിസൈനില്‍ കാര്യമായ അഴിച്ചുപണി വരുത്താതെ മറ്റ് ബൈക്കുകള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത ഫീച്ചറുകള്‍ നല്‍കിയാണ് മാക്ക് 2 എത്തിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്നത് അതിന്റെ റേഞ്ചാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന റേഞ്ചുമായാണ് ഈ പെര്‍ഫോമെന്‍സ് ബൈക്ക് എത്തിയിട്ടുള്ളത്. 10.3 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയുടെ പിന്‍ബലത്തില്‍ 323 കിലോമീറ്റര്‍ റേഞ്ചാണ് നിര്‍മാതാക്കള്‍ ഈ വാഹനത്തില്‍ ഉറപ്പാക്കിയിരിക്കുന്നത്. ഒരു മണിക്കൂറില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം ചാര്‍ജിങ്ങും സാധ്യമാണ്.
ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്ന ഖ്യാതിയും ഈ വരവില്‍ മാക്ക് 2-ന് ലഭിച്ചിട്ടുണ്ട്. മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ ഈ ബൈക്കിന് സാധിക്കും. കേവലം 7.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാനുള്ള കരുത്തും ഈ വാഹനത്തിനുണ്ട്. 40 ബി.എച്ച്.പി. പവറും 100 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ ബൈക്കിന്റെ കരുത്ത്. ഉയര്‍ന്ന ടോര്‍ക്ക് ഉള്ളതിനാല്‍ തന്നെ 15,000 കിലോഗ്രാം വരെ ഈ ബൈക്ക് വലിച്ചുകൊണ്ട് പോകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഈ വാഹനത്തിന് മാത്രമായി അവകാശപ്പെടാന്‍ സാധിക്കുന്ന ഏതാനും ഫീച്ചറുകളും മാക്ക് 2-ന് വന്നിട്ടുണ്ട്. റീ ജനറേഷന്‍ എന്നത് ഇലക്ട്രിക് വാഹനങ്ങളുടെ സ്വാഭാവിക ഫീച്ചറാണെങ്കിലും 10 ലെവല്‍ റീജനറേഷനാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ളത്. മറ്റൊരു ഇലക്ട്രിക് വാഹനത്തിന് അവകാശപ്പെടാനാവാത്ത ഫീച്ചറാണിത്. സുരക്ഷ ഉറപ്പാക്കുന്നതിനായി മൂന്ന് ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോളും ഇതില്‍ നല്‍കിയിട്ടുണ്ട്. ബ്രേക്കിങ്ങില്‍ വാഹനത്തിന്റെ സ്‌റ്റെബിലിറ്റി ഉറപ്പാക്കാന്‍ ഡൈനാമിക സ്റ്റെബിലിറ്റി കണ്‍ട്രോള്‍ ഫീച്ചറും ഈ രണ്ടാം വരവില്‍ മാക്ക് 2-ല്‍ നല്‍കിയിട്ടുണ്ട്.
ആദ്യമെത്തിയ എഫ് 77 മോഡലിലെ ഡിസൈനില്‍ നിന്ന് അഴിച്ചുപണി വരുത്താതെയാണ് പുതിയ മോഡല്‍ എത്തിച്ചിരിക്കുന്നത്. ബോഡി പാനലിലും മറ്റും ഒരു സ്‌ക്രൂ പോലും പുറത്തുകാണാതെയാണ് ഈ ബൈക്കിന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍, ടി.എഫ്.ടി. സ്‌ക്രീനില്‍ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 17 ഇഞ്ച് വലിപ്പത്തില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീലുകള്‍, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ക്കൊപ്പം ഡ്യുവല്‍ ചാനല്‍ സ്വിച്ചബിള്‍ എ.ബി.എസ്. തുടങ്ങിയവയെല്ലാം വാഹനത്തെ മെച്ചപ്പെടുത്തുന്ന ഫീച്ചറുകളാണ്.
ചുരുക്കം നിറങ്ങളില്‍ മാത്രമാണ് ആദ്യ എഫ് 77 എത്തിയിരുന്നതെങ്കില്‍ മാക്ക് 2 ആയപ്പോഴേക്കും വ്യത്യസ്തമായ ഒമ്പത് നിറങ്ങളില്‍ ഈ വാഹനം എത്തുന്നുണ്ട്. വാഹനത്തിന് നിര്‍മാതാക്കള്‍ നല്‍കുന്ന ഗ്യാരണ്ടിയാണ് എടുത്തുപറയേണ്ടത്. എട്ട് ലക്ഷം കിലോമീറ്റര്‍ അല്ലെങ്കില്‍ എട്ട് വര്‍ഷത്തെ വാറണ്ടിയാണ് ബാറ്ററിക്ക് നല്‍കുന്നത്. രാജ്യത്ത് മറ്റൊരു വാഹനത്തിനും ഇത്രയും ഉയര്‍ന്ന വാറണ്ടി ലഭിക്കുന്നില്ല. പ്രാരംഭ വിലയായി 2.99 ലക്ഷം രൂപയ്ക്ക് അള്‍ട്രാവയലറ്റ് എഫ് 77 മാക്ക് 2 എത്തുന്നതാണ് ഏറ്റവും ആകര്‍ഷകമായ കാര്യം.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കളാണ് അള്‍ട്രാവയലറ്റ് എങ്കിലും ഒരു മലയാളി കണക്ഷന്‍ ഈ കമ്പനിക്ക് അവകാശപ്പെടാനുണ്ട്. മലയാളത്തിന്റെ യുവതാരമായ ദുല്‍ഖര്‍ സല്‍മാന് കൂടി പങ്കാളിത്തമുള്ള കമ്പനിയാണ് അല്‍ട്രിവയലറ്റ്. 2022-ല്‍ അള്‍ട്രാവയലറ്റിന്റെ ആദ്യ ബൈക്കിന്റെ അവതരണ വേളയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട്, ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇ.ഐ.സി.എം.എ.2023 ഷോയിലും അദ്ദേഹം അള്‍ട്രാവയലറ്റ് വാഹനവുമായി എത്തിയിരുന്നു.
Content Highlights: Ultraviolette Launches the Electrifying F77 MACH 2 at an Introductory Price of ₹ 2.99 lakh