ബിഎസ്-4 ടൂവീലറുകള്‍ വില്‍ക്കാനാവാതെ ഡീലര്‍മാര്‍; കെട്ടിക്കിടക്കുന്നത് 4600 കോടിയുടെ സ്റ്റോക്ക്
കൊറോണ വൈറസിന്റെ വ്യാപനത്തിന് തടയിടുന്നതിനായി രാജ്യം മുഴുവന്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍, ഈ തീരുമാനം അങ്ങേയറ്റം ആശങ്കയിലാക്കിയിരിക്കുന്ന രാജ്യത്തെ ഇരുചക്ര വാഹന വിപണിയെയാണ്. ഏപ്രില്‍ ഒന്നിന് മുമ്പ് വിറ്റുതീര്‍ക്കേണ്ട് ബിഎസ്-4 വാഹനങ്ങളുടെ വലിയ സ്‌റ്റോക്കാണ് രാജ്യത്ത് കെട്ടിക്കിടക്കുന്നത്.
ഇന്ത്യയില്‍ ഏകദേശം 4600 കോടി രൂപയുടെ ബിഎസ്-4 എന്‍ജിന്‍ ഇരുചക്ര വാഹനങ്ങള്‍ ഇനിയും വിറ്റഴിക്കാനുണ്ടെന്നാണ് വിവരം. ഏപ്രില്‍ ഒന്നിന് ശേഷം ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഈ വാഹനങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 8,35,000 ബിഎസ്-4 എന്‍ജിന്‍ ടൂവീലറുകളാണ് ഇനിയും വിറ്റഴിക്കാനുള്ളത്. ഇതില്‍ ഭൂരിഭാഗവും ഡീലര്‍ഷിപ്പുകളില്‍ എത്തിയിട്ടുമുണ്ട്. വലിയ ആനുകൂല്യങ്ങള്‍ നല്‍കി സ്റ്റോക്കുകള്‍ വിറ്റഴിക്കാനുള്ള ശ്രമത്തിനിടെയാണ് രാജ്യത്തെ വാഹന ഡീലര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ളവ അടച്ചിടേണ്ടി വരുന്നത്.
അതേസമയം, ബിഎസ്-4 വാഹനങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കുന്നതിനായി ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട ടൂവീലേഴ്‌സ് എന്നീ കമ്പനികളും എഫ്എഡിഎ അസോസിയേഷനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മുന്‍ മാസങ്ങളില്‍ വാഹനമേഖലയിലുണ്ടായ മാന്ദ്യത്തെ തുടര്‍ന്നാണ് സ്റ്റോക്ക് കൂടാന്‍ കാണമെന്നാണ് വിലയിരുത്തല്‍.
മാര്‍ച്ച് 31 എന്ന സമയപരിധി നീട്ടിനല്‍കാത്ത സാഹചര്യമുണ്ടായാല്‍ ബിഎസ്-4 വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളിലേക്ക് ഈ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിലും, ആഫ്രിക്കൻ രാജ്യങ്ങളിലും ഇപ്പോഴും ബിഎസ്-4 അല്ലെങ്കില്‍ യൂറോ-4 നിലവാരത്തിലുള്ള വാഹനങ്ങളാണുള്ളത്.
Source: NDTV Car and Bike
Content Highlights; Two-Wheeler Dealers Struggling To Sell BS4 Models
Content Highlights: