പണം പോട്ടെ, പവറ് വരട്ടെ, ലക്ഷങ്ങൾ വിലയുള്ള സൂപ്പർബൈക്ക്, ഇന്ത്യയിൽ നേട്ടം കൊയ്ത് സുസുക്കി ഹയാബൂസ

സുസുക്കി ഹയാബൂസ, ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വേഗം കൂടിയ ബൈക്ക്. ജപ്പാൻകാരനാണെങ്കിലും ഇന്ത്യയിൽ അസാധ്യ ഫാൻ ബേസുള്ള സൂപ്പർ ബൈക്കാണിത്. ഹയാബൂസയുടെ ഇന്ത്യയിലെ സ്വാധീനം ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് 2026 സാമ്പത്തിക വർഷത്തിലെ വിൽപ്പന റിപ്പോർട്ട്. 2025 സാമ്പത്തിക വർഷത്തിലെ വിൽപ്പനയെക്കാൾ ആറ് ശതമാനത്തിന്റെ വർധനവാണ് 2026 സാമ്പത്തിക വർഷം ഹയാബൂസ കൈവരിച്ചിരിക്കുന്നത്.
ഏകദേശം 18 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വില വരുന്ന ഈ സൂപ്പർ ബൈക്കിന്റെ 543 യൂണിറ്റാണ് 2026 സാമ്പത്തികവർഷം ഇന്ത്യയിൽ മാത്രം വിറ്റഴിച്ചത്. 2025-ൽ 511 ഹയാബൂസയാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ 324 യൂണിറ്റിന്റെ വിൽപ്പന നേടിയിരുന്നു. എന്നാൽ, ജിഎസ്ടി പരിഷ്‌കരണം വന്നതോടെ രണ്ടാം പാതത്തിൽ വിൽപ്പനയിൽ കനത്ത ഇടിവ് നേരിടുകയായിരുന്നു.
ജിഎസ്ടി 2.0 പ്രാബല്യത്തിൽ വരുത്തിയതോടെ ഹയാബൂസയുടെ വിലയിൽ 1.16 ലക്ഷം രൂപയുടെ വർധന ഉണ്ടായതാണ് വിൽപ്പനയിൽ തിരിച്ചടി നേരിടാൻ കാരണം. രണ്ടാം പാദത്തിൽ വെറും 219 യൂണിറ്റുകൾ മാത്രമാണ് സുസുക്കിക്ക് ഇന്ത്യയിൽ വിറ്റഴിക്കാൻ സാധിച്ചത്. രാജ്യത്തെ 1000 മുതൽ 1600 സിസി വരെ എൻജിൻ ശേഷിയുള്ള ബൈക്കുകളുടെ വിപണിയിൽ ബെസ്റ്റ് സെല്ലിങ് മോഡൽ എന്ന സ്ഥാനവും ഈ സൂപ്പർ ബൈക്കിനാണ്.
നാല് ജാപ്പനീസ് ബൈക്ക് നിർമാതാക്കളുടെ സ്പീഡ് വാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മത്സരത്തിന്റെ ഭാഗമായി 1999-ൽ പിറവിയെടുത്ത സൂപ്പർ ബൈക്കാണ് ഹയാബൂസ. ഏറ്റവും വേഗതയുള്ള ബൈക്ക് ആര് നിർമിക്കുമെന്ന മത്സരത്തിനൊടുവിലാണ് മണിക്കൂറിൽ 312 കിലോമീറ്റർ വേഗതയുമായി ഹയാബൂസ എത്തുന്നത്. വേഗതയിൽ എപ്പോഴും മുന്നിൽ നിന്നിരുന്ന കവാസാക്കിയുടെ മോഡലിനെ ഹോണ്ട സൂപ്പർ ബ്ലാക്ക്ബേർഡ് എന്ന ബൈക്കിലൂടെ പരാജയപ്പെടുത്തിയപ്പോൾ ഹയാബൂസ എത്തിച്ച് ഈ വാഹനത്തിന്റെ ആധിപത്യം സുസുക്കി തകർക്കുകയായിരുന്നു.
20-ാം നൂറ്റാണ്ട് കണ്ട ഏറ്റവും വേഗതയുള്ള ബൈക്ക് എന്ന വിശേഷണം സ്വന്തം പേരിനൊപ്പം ചേർത്തിട്ടുള്ള സൂപ്പർ ബൈക്കാണ് സുസുക്കി ഹയാബൂസ. 1340 സി.സി. ഇൻലൈൻ നാല് സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ഈ ബൈക്കിൽ കരുത്തേകുന്നത്. 187 ബി.എച്ച്.പി. പവറും 150 എൻ.എം. ടോർക്കുമാണ് ഈ വാഹനത്തിന്റെ കരുത്ത്. ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ സംവിധാനത്തിലുള്ള ആറ് സ്പീഡ് ഗിയർബോക്‌സാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ നിർവഹിക്കുന്നത്.
Content Highlights: Suzuki Hayabusa recorded 543 units sold in India in FY 2026, a 6% increase over the previous year., Sales momentum slowed in the second half of 2026 due to a ₹1.16 lakh price hike following GST 2.0 implementation., The Hayabusa remains the best-selling model in the 1000cc-1600cc superbike segment., Powered by a 1340cc inline four-cylinder engine producing 187 BHP and 150 Nm of torque.