ഒറ്റച്ചാര്‍ജില്‍ 300 കി.മീ. യാത്ര; വാഹനവ്യൂഹത്തില്‍ ഇലക്ട്രിക് ബൈക്ക് ഉള്‍പ്പെടുത്തി ഷാര്‍ജ പോലീസ്

ഇന്ധനച്ചെലവ് ലാഭിക്കുന്നതിനും മലിനീകരണ മുക്തമായ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും മാതൃക ഒരുക്കി പോലീസ് വാഹന വ്യൂഹത്തിലേക്ക് ഇലക്ട്രിക് ബൈക്കുകള്‍ എത്തിച്ച് ഷാര്‍ജ പോലീസ്. പോലീസിന്റെ ട്രാഫിക് ഫ്‌ളീറ്റിലേക്കാണ് യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിര്‍മിച്ച ഇലക്ട്രിക് ബൈക്കുകള്‍ എത്തിച്ചിരിക്കുന്നത്. സുല്‍മി ഇ.ബി-വണ്‍ എന്ന പേരിലാണ് ഇലക്ട്രിക് മോട്ടോര്‍ബൈക്ക് എത്തിച്ചിരിക്കുന്നത്.
പോലീസ് ആസ്ഥാനത്ത് നടന്ന ഷാര്‍ജ സാമ്പത്തിക സുസ്ഥിരത ഫോറത്തിലാണ് ബൈക്ക് അവതരിപ്പിച്ചത്. എമിറേറ്റില്‍ മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സ്മാര്‍ട്ട് ബൈക്ക് രൂപകല്പന ചെയ്തത്. വാഹനത്തില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2021-ലാണ് ഈ ബൈക്കുകള്‍ ഡിസൈന്‍ ചെയ്തത്. രണ്ടര വര്‍ഷം കൊണ്ടാണ് ഈ ഇമിറാത്തി നിര്‍മിത വൈദ്യുത ബൈക്കുകള്‍ പൂര്‍ത്തിയായി പോലീസ് സേനയില്‍ എത്തിയത്.
മെക്കാനിക്കലായി വലിയ സവിശേഷതകളോടെയാണ് ഈ ഇലക്ട്രിക് ബൈക്ക് ഒരുങ്ങിയിരിക്കുന്നത്. 10.4 കിലോവാട്ട് ബാറ്ററി പാക്കാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. കേവലം 30 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നതാണ് ഈ ബൈക്കിന്റെ പ്രധാന സവിശേഷത. മണിക്കൂറില്‍ 155 കിലോമീറ്ററാണ് ഈ ഇലക്ട്രിക് ബൈക്കുകളുടെ പരമാവധി വേഗത. അഞ്ച് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും സാധിക്കും.
പോലീസ് സേനയ്ക്ക് വേണ്ടി ഒരുങ്ങിയിട്ടുള്ള വാഹനങ്ങളില്‍ റോഡുകളെക്കുറിച്ച് സമഗ്രവിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന റഡാര്‍, നാലുക്യാമറകള്‍ തുടങ്ങിയ ഒട്ടേറെ സവിശേഷതകളാണ് നല്‍കിയിട്ടുള്ളത്. 12000 ദിര്‍ഹമാണ് ഈ ഇലക്ട്രിക് ബൈക്കിന്റെ നിര്‍മാണ ചെലവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ എത്തിയ ഈ വാഹനങ്ങള്‍ക്ക് പുറമെ ഭാവിയില്‍ സേനയുടെ വാഹനവ്യൂഹത്തിലേക്ക് കൂടുതല്‍ വൈദ്യുതബൈക്കുകള്‍ ചേര്‍ക്കുമെന്നാണ് വിവരം.
Content Highlights: Sharjah Police adds electric bike into vehicle fleet, Sulmi EB-ONE Electric Bike