ഹിമാലയം കയറി ഹിമാലയനുകൾ, 750, EV മോഡലുകൾ കര്‍ദുംഗ് ലാ പാസ്സിൽ, ചിത്രങ്ങൾ പുറത്തുവിട്ട് RE

photo: Royal Enfield/instagram
photo: Royal Enfield/instagram

റോയൽ എൻഫീൽഡ് കുടുംബത്തിൽനിന്നും പുറത്തിറങ്ങാനിരിക്കുന്ന രണ്ട് പുതിയ മോഡലുകളാണ് ഹിമാലയൻ 750യും ഹിമാലയൻ ഇലക്ട്രിക്കും (HIM-E). ഇതുവരെ ഈ രണ്ട് മോട്ടോർസൈക്കിളുകളുടെയും ചിത്രങ്ങൾ സ്പൈ ഷോട്ടുകളിലൂടെ മാത്രമാണ് പുറത്തുവന്നത്. എന്നാൽ ഇപ്പോഴിതാ ഹിമാലയൻ മലനിരകളിൽ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് റോയൽ എൻഫീൽഡ്. സിഇഒ ബി.ഗോവിന്ദരാജൻ ഉൾപ്പെടെയുള്ള ആർഇയിലെ ഉന്നത ഉദ്യോഗസ്ഥരാണ് വാഹനങ്ങൾ പരീക്ഷിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 

ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ, ലഡാക്കിലെ ഖാർദുങ് ലാ പാസിൽ കഠിനമായ ഓഫ്-റോഡ് പരീക്ഷണങ്ങൾക്ക് മോട്ടോർ സൈക്കിളുകളെ റോയൽ എൻഫീൽഡ് ടീം വിധേയമാക്കിയെന്ന് വ്യക്തമാണ്. രണ്ട് മോഡലുകളുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെങ്കിലും  അവയുടെ ഔദ്യോഗിക പേരുകളോ മറ്റ് വിവരങ്ങളോ ഇപ്പോഴും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വാഹനങ്ങൾ ഭാ​ഗികമായി പൊതിഞ്ഞുവെച്ചിരിക്കുന്നതിനാൽ മിക്ക ഡിസൈൻ വിശദാംശങ്ങളും വ്യക്തമല്ല.

അതേസമയം, ഹിമാലയൻ 750ക്ക് 750 സിസി എൻജിൻ ഉണ്ടാകാനാണ് സാധ്യത. ഇത് ഏകദേശം 50-55 എച്ച്പി പവർ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈൻ ഏറെക്കുറേ 450 സിസി പതിപ്പിന് സമാനമായിരിക്കും. കൂടുതൽ ട്രാവലുള്ള മികച്ച സസ്പെൻഷൻ സംവിധാനവും ഇതിനുണ്ടായേക്കാം.  

ഹിമാലയൻ ഇലക്ട്രിക് (HIM-E) അതിന്റെ 450 സിസി ഐസ് മോഡലിനോട് താരതമ്യം ചെയ്യുമ്പോൾ, പവർട്രെയിനിലെ മാറ്റം കാരണം ഡിസൈനിൽ വ്യത്യാസങ്ങളുണ്ടാകും. കൂടാതെ ഫീച്ചറുകൾ കൂടുതലായിരിക്കാനും സാധ്യതയുണ്ട്. ഇതെല്ലാം വിലയിൽ വലിയ വർധനവിന് കാരണമാകും.

Content Highlights: Royal Enfield Himalayan 750 and ev Conquer Khardung La