രണ്ടാം ലോകമഹായുദ്ധകാലത്തെ ബൈക്കില്‍ നിന്ന് പ്രചോദനം; ഞെട്ടിച്ച് റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇ.വി

Photo: royalenfield.com/
Photo: royalenfield.com/

ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഫ്‌ളയിങ് ഫ്‌ളീ C 6 എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് ഇറ്റലിയിലെ മിലാനില്‍ നടന്ന മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് പുറത്തിറക്കിയത്. 

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് ആര്‍മി പാരാട്രൂപ്പര്‍മാര്‍ ഉപയോഗിച്ചിരുന്ന 125 സിസി ഫ്‌ളയിംഗ് ഫ്‌ളീ മോട്ടോര്‍സൈക്കിളില്‍ നിന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ പേര് കണ്ടെത്തിയിരിക്കുന്നത്. യുദ്ധത്തിനിടയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇല്ലാതാകുമ്പോള്‍ പാരാട്രൂപ്പര്‍മാര്‍ക്കും മറ്റ് സൈനികര്‍ക്കും ഇടയില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിച്ചിരുന്ന ബൈക്കായിരുന്നു ഇത്. 

റോയല്‍ എന്‍ഫീല്‍ഡിന്റെ പരമ്പരാഗത ഡിസൈനില്‍ നിന്ന് മാറി ക്ലാസിക്ക്-ഇലക്ട്രിക് ബൈക്കുകളുടെ സമ്മിശ്രമായ റെട്രോ-ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈനാണ് ബൈക്കിന് ഉപയോഗിച്ചിരിക്കുന്നത്. വൃത്താകൃതിയിലുളള ഹെഡ്‌ലൈറ്റും ടെയില്‍ ലാമ്പുകളുമെല്ലാം വണ്ടിക്ക് സവിശേഷമായ ലുക്ക് നല്‍കുന്നു. മറ്റ് ആര്‍.ഇ ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി 17 ഇഞ്ച് മെലിഞ്ഞ ടയറുകളാണ് വണ്ടിക്ക് നല്‍കിയിരിക്കുന്നത്.

ഫ്‌ളൈയിംഗ് ഫ്‌ളീ C6 ന്റെ പവര്‍ ട്രെയിനിനെക്കുറിച്ച് റോയല്‍ എന്‍ഫീല്‍ഡ് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ്, മറ്റ് ഇലക്ട്രോണിക് സുരക്ഷാ സഹായങ്ങള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ ബൈക്കിനുണ്ടാകുമെന്നാണ് വിവരം. പുതിയ ആര്‍.ഇ ബൈക്കുളില്‍ ഉള്ളതിന്‌ സമാനമായ വലിയ ടി.എഫ്.ടി ഡിസ്പ്‌ളേ, വലിയ അലോയ് വീലുകള്‍, ഡിസ്‌ക് ബ്രേക്കുള്‍ എന്നിവയും വണ്ടിയില്‍ ഉണ്ട്. ഡെയ്‌ലി കമ്മ്യൂട്ടിങ്ങിന് സഹായിക്കുന്ന രീതിയില്‍ താഴ്ന്നിരിക്കുന്ന സീറ്റാണ് നല്‍കിയിരിക്കുന്നത്. ഒരു സീറ്റുള്ള ഡിസൈനാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ടുസീറ്റ് വേരിയന്റും വൈകാതെ പുറത്തിറങ്ങും. നിലവില്‍ വിപണിയിലുള്ള എല്ലാ ഇല്ക്ട്രിക്ക് ബൈക്കുകളെയും കവച്ചുവെക്കുന്ന റേഞ്ചും ബൈക്കിനുണ്ടാകുമെന്നാണ് വിവരം. ഡിസൈന്‍ പ്രകാരം ഫിക്‌സഡ് ബാറ്ററിക്കാണ് സാധ്യത. 

റോയല്‍ എന്‍ഫീല്‍ഡിന്റെ പാരമ്പര്യവും ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതിക തികവും ഫ്യൂച്ചറിസ്റ്റിക്ക് മോഡേണ്‍ ലുക്കും എല്ലാം സമ്മേളിക്കുന്ന വാഹനമായിരിക്കും ഫ്‌ളൈയിംഗ് ഫ്‌ളീ 6 എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് പുറമെ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ കമ്പനി വൈകാതെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി കമ്പനി രണ്ട്‌ ഇ.വി ആര്‍ക്കിടെക്ചറുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരെണ്ണം റോയല്‍ എന്‍ഫീല്‍ഡ് കമ്പനി നേരിട്ടും രണ്ടാമത്തേത് സ്റ്റാര്‍ക്ക് ഫ്യൂച്ചര്‍ എന്ന യൂറോപ്യന്‍ കമ്പനിയുമായി സഹകരിച്ചുമാണ് വികസിപ്പിക്കുന്നതെന്നാണ് വിവരം. 

Content Highlights: new electric royal enfield flying flea c6 motorcycle revealed