ബൈക്കുകളുടെ നിർമാണം വീണ്ടും നിർത്തി KTM, ജീവനക്കാരുടെ ശമ്പളവും വെട്ടിക്കുറച്ചു

.
.

ബൈക്കുകളുടെ നിർമാണം വീണ്ടും നിർത്തിവെച്ച് ഓസ്ട്രിയൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ കെടിഎം.  ഉത്പാദനത്തിന് ആവശ്യമായ ഘടകങ്ങളുടെ ക്ഷാമമാണ് ഓസ്ട്രിയയിലെ മാറ്റിഗോഫെൻ പ്ലാന്റിലെ നിർമാണം നിർത്താൻ കാരണമായത് എന്നാണ് റിപ്പോർട്ട്. ചില പ്രധാന വിതരണക്കാരുടെ കുടിശ്ശിക തീർക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നും ഇത് പാർട്സുകൾ വാങ്ങുന്നതിൽ പ്രതിസന്ധിയുണ്ടാക്കിയെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നത്. 

കമ്പനിയുടെ പുതിയ സിഇഒ ഗോട്ട്ഫ്രൈഡ് ന്യൂമീസ്റ്റർ വ്യാഴാഴ്ച ജീവനക്കാരെ ഈ തീരുമാനം അറിയിച്ചതായി ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ടു ചെയ്തു. ഉത്പാദനം നിർത്തിവച്ചതിനു പുറമേ, മേയ് ഒന്നു മുതൽ ജൂലൈ 31വരെ ശമ്പളം വെട്ടിക്കുറച്ചുകൊണ്ട് ആഴ്ചയിൽ മുപ്പതുമണിക്കൂർ ജോലി ചെയ്യുന്നരീതി കെടിഎം സിഇഒ പ്രഖ്യാപിച്ചു. കൂടുതൽ പിരിച്ചുവിടലുകൾ ഒഴിവാക്കാനാണ് ഈ നടപടി.
 
ഓസ്ട്രിയയിലെ മാറ്റിഗോഫെൻ പ്ലാന്റിൽ നിർത്തിവെച്ചിരുന്ന ഉത്പാദനം കെടിഎം അടുത്തിടെയാണ് പുനരാരംഭിച്ചത്. എന്നാൽ, 4,200 മോട്ടോർസൈക്കിളുകൾ മാത്രമാണ് കമ്പനിക്ക് നിർമിക്കാൻ സാധിച്ചത്. ഇതിനുശേഷമാണ് ഏപ്രിൽ 28 മുതൽ വീണ്ടും ഉത്പാദനം നിർത്തിവെക്കുന്നതിലേക്ക് ബ്രാൻഡ് ഇപ്പോൾ എത്തിയത്. 

Content Highlights: KTM halts production Austria once again