പടയൊരുക്കത്തിന് ജാവ യെസ്ഡി; അടുത്ത മോഡല്‍ ജനുവരിയില്‍, പുതിയ നിക്ഷേപം 875 കോടിരൂപ

ജാവ 42 ബോബര്‍ | Photo: Jawa Motorcycle
ജാവ 42 ബോബര്‍ | Photo: Jawa Motorcycle

ജാവ യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ് കേരളത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ ഷോറൂമുകള്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്നു. നിലവില്‍ നാനൂറോളം ഷോറൂമുകളാണ് രാജ്യത്തുള്ളത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് 750 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് ജാവ യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ് സി. ഇ.ഒ. ആശിഷ് സിങ് ജോഷി പറഞ്ഞു.

കേരളത്തില്‍ നിലവില്‍ 13 ഷോറൂമുകളാണുള്ളത്. സംസ്ഥാനത്ത് 'മോട്ടോസോണ്‍' എന്ന പേരില്‍ ചെറു ഷോറൂമുകളുടെ ശൃംഖലയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2018-ല്‍ മാത്രം ആരംഭിച്ച കമ്പനി ഇതിനോടകം രണ്ടു ലക്ഷം മോട്ടോര്‍ സൈക്കിളുകളാണ് വിറ്റഴിച്ചത്. മൊത്തം വില്പനയുടെ 42 ശതമാനവും ദക്ഷിണേന്ത്യയിലാണെന്നും കൊച്ചി ഏറ്റവും വലിയ വിപണിയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ എട്ടു മോഡലുകളുള്ള കമ്പനി 2024 ജനുവരിയില്‍ പുതിയൊരു മോഡല്‍ കൂടി അവതരിപ്പിക്കാനിരിക്കുകയാണ്. അതിനിടെ, കമ്പനിയില്‍ മഹീന്ദ്ര ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 875 കോടി രൂപ മുതല്‍മുടക്കും.

Content Highlights: Jawa Yezdi new model to launch in January, 875 crore new investment, Jawa motorcycle, Yezdi