ജാവ സിമ്പിളാണ്; പക്ഷേ പവർഫുൾ…! 1996 മൊണാർക്കിന് പോലും ഞെട്ടുന്ന വില, എഥനോൾ ഇവിടെയും വില്ലൻ

#Auto Desk
മലപ്പുറത്തു നടന്ന വിന്റേജ് ജാവ മോട്ടോര്‍ ബൈക്കുകളുടെ റാലി.
മലപ്പുറത്തു നടന്ന വിന്റേജ് ജാവ മോട്ടോര്‍ ബൈക്കുകളുടെ റാലി.

മലപ്പുറം: പ്രായം വെറും നമ്പറാണെന്ന ഓർമപ്പെടുത്തലുമായി ജാവ ബൈക്കുകൾ മലപ്പുറത്തു ഒത്തുകൂടി. അന്താരാഷ്ട്ര ജാവാ ദിനത്തോടനുബന്ധിച്ച് ടീം ഏറനാട് ജാവ യെസ്ഡി വിന്റേജ് മോട്ടോർ സൈക്കിൾ ക്ലബ്ബ് നടത്തിയ ഒത്തുകൂടലിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.

1968-ൽ പുറത്തിറങ്ങിയ ജാവ മുതൽ 1996-ൽ പുറത്തിറങ്ങിയ യെസ്ഡി മോണാർക്ക് വരെയുള്ള 40 മോട്ടോർ സൈക്കിളുകൾ പഴയ കാലത്തെ പോരാട്ടവീര്യം പങ്കുവെച്ചു. ക്ലാസിക്, ഡിലക്‌സ്, റോഡ് കിങ്, സി.എൽ.ടു. തുടങ്ങിയ മോഡലുകളും ഉടമകളും പങ്കെടുത്തു. എല്ലാ ജൂലായിലും രണ്ടാമത്തെ ഞായറാഴ്ചയാണ് ജാവാദിനം ആഘോഷിക്കുന്നത്.

പരിപാടിയുടെ ഭാഗമായി നടന്ന ലഹരി വിരുദ്ധ ബോധവത്കരണ കാംപെയ്ൻ തിരുവാലി ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ. സ്വപ്നൻ ഉദ്ഘാടനംചെയ്തു. യുവതലമുറ ലഹരിയിൽനിന്ന് അകന്ന് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കണമെന്നു അദ്ദേഹം പറഞ്ഞു.

ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് വെങ്ങാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൽമാൻ വടശ്ശേരി, വിദ്യാധരൻ കാളികാവ്, കുട്ടിമാൻ പനങ്ങാങ്ങര, ഇല്യാസ് വള്ളിക്കുന്ന്, അനീഷ് പെരിന്തൽമണ്ണ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മലപ്പുറം നഗരത്തിലൂടെ വിന്റേജ് ജാവ മോട്ടോർസൈക്കിളുകളുടെ റാലിയും നടന്നു.

ജാവക്കുമുണ്ട് എഥനോൾ പ്രശ്‌നം

എഥനോൾ അടങ്ങിയ പെട്രോൾ ഉപയോഗിക്കുന്നതുകൊണ്ട് ജാവ ബൈക്കുകൾ നേരിടുന്ന പ്രശ്‌നങ്ങൾ അംഗങ്ങൾ ഒത്തുകൂടലിൽ പങ്കുവെച്ചു. സ്ഥിരമായ എഥനോൾ പെട്രോൾ ഉപയോഗം കാരണം കാർബണേറ്ററിനാണ് പ്രധാന പ്രശ്‌നം. തുരുമ്പിനുള്ള സാധ്യതയും ഇന്ധനക്ഷമതയിലും കാര്യമായ കുറവുണ്ടായി. പഴയ മോഡൽ വാഹനങ്ങൾക്കു ചേർന്നതല്ല എഥനോൾ പെട്രോൾ. വണ്ടിയുടെ മൊത്തം പ്രകടനത്തിലും എഥനോൾ വില്ലനായിക്കഴിഞ്ഞൂവെന്ന സങ്കടം അംഗങ്ങൾ പങ്കുവെച്ചു.

മോഹവിലയുണ്ട്, പക്ഷേ...

പഴയ മോഡൽ ജാവ ബൈക്കുകൾക്കു മോഹവില നൽകാൻ ആളുകളുണ്ടെന്ന സന്തോഷം അംഗങ്ങൾക്കുണ്ട്. എന്നാൽ സ്‌പെയർ പാർട്സ് കിട്ടാനില്ല എന്ന സങ്കടവും മറുവശത്തുണ്ട്. വണ്ടിക്ക് ഇന്നുകിട്ടുന്ന വില കേട്ടാൽ ഞെട്ടിപ്പോകും. 1996-ൽ ഇറങ്ങിയ മൊണാർക്കിനു നാലുലക്ഷം പറഞ്ഞിട്ടും ആരും കൊടുക്കുന്നില്ല. റോഡ് കിങ്ങിന് മൂന്നു ലക്ഷമാണ് വിലയെന്ന് സെക്രട്ടറി സൽമാൻ പറഞ്ഞു. പ്രായം കൂടുന്തോറും വില കൂടുകയാണ്.

ആരുടെയെങ്കിലും ബൈക്കിന്റെ യന്ത്രഭാഗത്തിനു പ്രശ്‌നംവന്നാലാണ് കുടുങ്ങുക. അവയൊന്നും എളുപ്പത്തിൽ കിട്ടില്ല. ജാവ അംഗങ്ങൾക്കുമാത്രമായി വാട്സാപ്പ് ഗ്രൂപ്പുണ്ട്. അതിൽ പ്രശ്‌നങ്ങൾ പങ്കുവെക്കും.

മൈസൂർ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങൾ സന്ദേശം കേട്ടതിനുശേഷം അവരുടെ പക്കൽ ഉണ്ടെങ്കിൽ വിവരമറിയിക്കും. അങ്ങനെ അവിടെനിന്ന് വരണം സ്‌പെയർ പർട്സുകൾ. ചിലപ്പോൾ ഉത്തരേന്ത്യയിൽ നിന്നാകും എത്തിക്കേണ്ടിവരിക. ഇത്തരം പല വെല്ലുവിളികൾ ഒരു ജാവ അംഗത്തിനു മുൻപിലുണ്ട്. എന്നാലും എത്ര മോഹവില പറഞ്ഞാലും, ഇതിലും വലിയ പ്രതിസന്ധി വന്നാലും ജാവയെ വിട്ട് ഒരു കളിയുമില്ലെന്നാണ് ഇവർ ഒരേ സ്വരത്തിൽ പറയുന്നത്.

Content Highlights: Celebration of International Jawa Day 2026 by Team Eranad Jawa Yezdi Club., Showcased 40+ vintage models including Jawa 1968 and Yezdi Monarch 1996., Addressed technical concerns regarding ethanol-blended petrol impact on classic carburetors., Highlighted the scarcity of vintage spare parts and high market demand for classic bikes., Included an anti-drug awareness campaign during the rally.