10,000 അടി ഉയരത്തിലുള്ള ടണൽ, രണ്ട് ബൈക്കിലായി പത്തുപേർ; ലോകറെക്കോഡിനായി സൈനികരുടെ മിന്നുംപ്രകടനം

#ജി.ജ്യോതിലാല്‍
ഡെയർ ഡെവിൾസ് സൃഷ്ടിച്ച മാൻ ആൻഡ്‌ മോട്ടോർ സൈക്കിൾ ഫോർമേഷൻ
ഡെയർ ഡെവിൾസ് സൃഷ്ടിച്ച മാൻ ആൻഡ്‌ മോട്ടോർ സൈക്കിൾ ഫോർമേഷൻ

കൊല്ലം: സഞ്ചരിക്കുന്ന രണ്ട് മോട്ടോർ സൈക്കിളിൽ 10 റൈഡേഴ്സ് ചേർന്നൊരു ഫോർമേഷൻ. സമുദ്രനിരപ്പിൽനിന്ന് 10,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ ടണലായ അടൽ ടണലിലൂടെ സഞ്ചരിച്ച് ലോക റെക്കോഡിലേക്ക്.

ടണലിന്റെ സൗത്ത് പോർട്ടലിൽനിന്ന് നോർത്ത് പോർട്ടൽ വരെ 9.02 കിലോമീറ്റർ ദൂരം വിജയകരമായി സഞ്ചരിച്ച സംഘത്തിൽ രണ്ട് മലയാളി സൈനികരും. സൈന്യത്തിലെ സിഗ്‌നൽ കോർ വിഭാഗത്തിലെ നായിക്കുമാരായ അരുണും അജിംഷയുമാണ് സംഘത്തിൽ ഉണ്ടായിരുന്ന മലയാളികൾ. മാമൂട് തോട്ടുംകരയിൽ നജിമുദ്ദീൻ-സലീന ദമ്പതിമാരുടെ മകനാണ് അജിംഷ.

കല്ലുവാതുക്കൽ ഇളംകുളം തിരുവാതിര ഭവനിൽ വി. സുനിലിന്റെയും മിനിയുടെയും മകനാണ് അരുൺ. നേരത്തേ കാർഗിൽ യുദ്ധത്തിന് 25 വർഷം പൂർത്തിയാപ്പോൾ ഏഴ് മോട്ടോർ സൈക്കിളിലായി 31 പേരടങ്ങുന്ന സംഘം പിരമിഡിന്റെ രൂപംതീർത്ത് അഞ്ചുകിലോമീറ്റർ തുടർച്ചയായി സഞ്ചരിച്ച് ലോക റെക്കോഡ് നേടിയിരുന്നു. ആ സംഘത്തിലും ഇരുവരും ഉണ്ടായിരുന്നു.

ഈ ടീം നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ കോർ ഓഫ് സിഗ്‌നൽസ് മോട്ടോർ സൈക്കിൾ എക്‌സ്പെഡിഷന്റെ ഭാഗമായി ലേ വഴി കാർഗിലിലേക്കുള്ള യാത്രയിലാണ്. ഈ ദൗത്യത്തിന് ജൂൺ 18-ന് ഡൽഹിയിൽനിന്ന് കോർ ഓഫ് സിഗ്‌നൽസിന്റെ സീനിയർ ഓഫീസർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ വിവേക് ദോഗ്രയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

ചൊവ്വാഴ്ചയാണ് സംഘം അടൽ ടണൽ വിജയകരമായി താണ്ടിയത്. ഡെയർ ഡെവിൾസ് ടീമിന്റെ 37-ാമത്തെ ലോക റെക്കോഡ് ശ്രമമാണിത്. ലോക റെക്കോഡിന്റെ ഔപചാരിക അംഗീകാരത്തിനായുള്ള രേഖകൾ സമർപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

Content Highlights: 10 soldiers performed a formation ride on two motorcycles., The record attempt took place at the 9.02 km long Atal Tunnel at 10,000 feet altitude., Two Malayali soldiers, Arun and Ajimsha, were part of the historic team., This marks the 37th world record attempt by the Daredevils team., The mission is part of the Corps of Signals expedition from Leh to Kargil.