രണ്ട് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി ഹോണ്ട ആക്ടീവ; പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ എത്തി

.പ്രതീകാത്മക ചിത്രം | Photo: Honda Two Wheeler
.പ്രതീകാത്മക ചിത്രം | Photo: Honda Two Wheeler

ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവുമധികമുള്ള സ്‌കൂട്ടര്‍ ഹോണ്ടയുടെ ആക്ടീവ തന്നെയായിരിക്കും. സ്‌കൂട്ടര്‍ എന്നാല്‍ ആക്ടീവ ആയിരുന്ന രണ്ടായിരത്തിന്റെ തുടക്കത്തില്‍ നിന്ന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും ആക്ടീവയുടെ ജനപ്രീതിയില്‍ ഒട്ടും ഇടിവുണ്ടായിട്ടില്ല. തലമുറകള്‍ പലതും പിന്നിട്ടെത്തിയ ഈ സ്‌കൂട്ടറിന്റെ ഒരു പ്രത്യേക പതിപ്പ് വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ.

ഡിസൈനിലെ മാറ്റത്തിനൊപ്പം ഡി.എല്‍.എക്‌സ്. ലിമിറ്റഡ് എഡിഷന്‍, സ്മാര്‍ട്ടി ലിമിറ്റഡ് എഡിഷന്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ പതിപ്പിന് യഥാക്രമം 80,734 രൂപയും 82,734 രൂപയുമാണ് എക്‌സ്‌ഷോറൂം വില. രാജ്യത്തുടനീളമുള്ള ഹോണ്ട റെഡ് വിങ്ങ് ഡീലര്‍ഷിപ്പുകളില്‍ ഈ വാഹനം എത്തിതുടങ്ങിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ലിമിറ്റഡ് എഡിഷന്‍ ആക്ടീവയുടെ ബുക്കിങ്ങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ബോഡി പാനലുകളില്‍ നല്‍കിയിട്ടുള്ള ഷേഡുകളില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ക്കൊപ്പം ഡാര്‍ക്ക് കളര്‍ തീമും ബ്ലാക്ക് ക്രോം എലമെന്റ്‌സും നല്‍കിയാണ് ഈ സ്‌കൂട്ടറിനെ റെഗുലര്‍ മോഡലില്‍ നിന്ന് വ്യത്യാസപെടുത്തിയിരിക്കുന്നത്. ആദ്യമായാണ് ഹോണ്ട ഡാര്‍ക്ക് ക്രോം അലങ്കരം കൊണ്ടുവരുന്നത്. പ്രീമിയം ബ്ലാക്ക് ക്രോം ഗാര്‍ണിഷിലാണ് ആക്ടീവ ത്രീ ഡി ലോഗോ ഒരുക്കിയിരിക്കുന്നത്., ഗ്രാബ് റെയിലിന് ബോഡികളര്‍ ഡാര്‍ക്ക് തീം നല്‍കിയിരിക്കുന്നു. 

മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ആക്ടീവയുടെ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. രണ്ട് വേരിയന്റുകളിലും അലോയി വീല്‍ നല്‍കിയിട്ടുണ്ട്. ഹോണ്ടയുടെ സ്മാര്‍ട്ട് കീ ഫീച്ചറാണ് ഈ സ്‌കൂട്ടറുകളിലെ മറ്റൊരു ആകര്‍ഷണം. 7.73 എച്ച്.പി. പവറും 8.90 എന്‍.എം. ടോര്‍ക്കുമേകുന്ന 109.51 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ലിമിറ്റഡ് എഡിഷന്‍ മോഡലുകളിലും കരുത്തേകുന്നത്. 

ഉത്സവ സീസണിന്റെ മാറ്റ് കൂട്ടുന്നതിനായാണ് ആകര്‍ഷകമായ ഡിസൈനിലും മികച്ച സവിശേഷതകളിലും മികച്ച എന്‍ജിനിലും ആക്ടീവയുടെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ എത്തിച്ചിരിക്കുന്നതെന്നായിരുന്നു ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട ഇന്ത്യ പ്രതിനിധികള്‍ അവകാശപ്പെട്ടത്. സ്‌കൂട്ടര്‍ മേഖളയില്‍ വിപ്ലവം സൃഷ്ടിക്കുകയും രണ്ട് പതിറ്റാണ്ടായി ലക്ഷക്കണക്കിന് ഉപയോക്താക്കളെ സംതൃപ്തരാക്കാന്‍ സാധിക്കുകയും ചെയ്ത മോഡലാണെന്നും ഹോണ്ട മേധാവി അറിയിച്ചു.

Content Highlights: Honda Motorcycle and Scooter India introduces the ‘Activa Limited Edition’