ബിഎസ്-6 എന്‍ജിന്‍ ബൈക്ക് നിര വിപുലമാക്കി ഹോണ്ട; എക്‌സ്-ബ്ലേഡ് ബിഎസ്-6 എത്തി

ഹോണ്ടയുടെ ബിഎസ്-6 ബൈക്ക് നിര കൂടുതല്‍ കരുത്തുറ്റതാക്കാന്‍ എക്‌സ്-ബ്ലേഡിന്റെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ് അവതരിപ്പിച്ചു. സിംഗിള്‍ ഡിസ്‌ക്, ഡബിള്‍ ഡിസ്‌ക് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ ബൈക്കിന് യഥാക്രമം 1.06 ലക്ഷം രൂപയും 1.1 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ഹോണ്ടയുടെ 160 സിസി ബൈക്കില്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്ന രണ്ടമത്തെ മോഡലാണിത്.
നിരവധി മിനുക്കുപണികളുടെയും പുത്തന്‍ ഫീച്ചറുകളുടെയും അകമ്പടിയോടെയാണ് ബിഎസ്-6 എന്‍ജിന്‍ എക്‌സ്-ബ്ലേഡ് എത്തിയിരിക്കുന്നത്. സ്‌ട്രൈപ്പ് ഡിസൈനിങ്ങാണ് ഇതിലെ ഹൈലൈറ്റ്. ഇതിനുപുറമെ, ഉന്നതമായ സാങ്കേതികവിദ്യ, എബിഎസ് സംവിധാനത്തിലുള്ള ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, എന്‍ജിന്‍ സ്റ്റോപ്പ് സ്വിച്ച് എന്നിവയാണ് എക്‌സ്-ബ്ലേഡിന്റെ ഈ വരവിലെ മറ്റ് സവിശേഷതകള്‍.
ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന ഹോണ്ടയുടെ 160 സിസി പി.ജി.എം.എഫ്.ഐ എന്‍ജിനാണ് എക്‌സ്-ബ്ലേഡിന് കരുത്തേകുന്നത്. എന്‍ജിനില്‍ എട്ട് ഓണ്‍ബോര്‍ഡ് സെന്‍സറുകള്‍ നല്‍കിയിട്ടുള്ളതാണ് പി.ജി.എം.എഫ്.ഐ സംവിധാനത്തിന്റെ പ്രത്യേകത. ഈ സെന്‍സറുകള്‍ പെട്രോളിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ മികച്ച ഇന്ധനക്ഷമത ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
162.7 സിസിയാണ് എന്‍ജിന്റെ ശേഷി. ഈ സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിന്‍ 13.8 ബിഎച്ച്പി പവറും 14.7 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഹോണ്ടയുടെ ജനപ്രിയ മോഡലായ യൂണികോണിനും ഈ എന്‍ജിനാണ് കരുത്തേകുന്നത്. ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതോടെ ടോര്‍ക്കില്‍ നേരിയ വ്യത്യാസം വരുത്തിയെങ്കിലും പവറില്‍ മാറ്റം വരുത്തിയിട്ടില്ല.
മുന്നില്‍ ടെലിസ്‌കോപിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്. മുന്‍ ചക്രങ്ങളില്‍ 276 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്ക് അല്ലെങ്കില്‍ 130 എംഎം ഡ്രം ബ്രേക്കുമാണ് എക്‌സ്-ബ്ലേഡില്‍ സുരക്ഷ ഉറപ്പാക്കുന്നത്. രണ്ട് മോഡലിലും സിംഗിള്‍ ചാനല്‍ എബിഎസ് നല്‍കിയിട്ടുണ്ട്.
Content Highlights; Honda launches advanced, sporty & stylish new X-Blade BSVI
Content Highlights: