ഹോണ്ട ആക്ടീവ 125-ന്റെ വില കൂട്ടി ; പുതുക്കിയ വില 68,042 രൂപ മുതല്‍
ഇന്ത്യയിലെ ജനപ്രിയ സ്‌കൂട്ടറായ ആക്ടീവയുടെ 125 സിസി മോഡലിന്റെ വില ഉയര്‍ത്തുന്നതായി നിര്‍മാതാക്കളായ ഹോണ്ട അറിയിച്ചു. 68,042 രൂപ മുതല്‍ 75,042 രൂപ വരെയാണ് ആക്ടീവ 125-ന്റെ പുതിയ എക്‌സ്‌ഷോറൂം വില. ഈ സ്‌കൂട്ടറിന്റെ മൂന്ന് വേരിയന്റിനും 552 രൂപ വരെയാണ് വില ഉയര്‍ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഡ്രം, അലോയി ആന്‍ഡ് ഡിസ്‌ക് എന്നീ രണ്ട് ഓപ്ഷനുകളാണ് ആക്ടീവ 125-നുള്ളത്. ബിഎസ്-6 എന്‍ജിനിലേക്ക് മാറിയ ഹോണ്ടയുടെ ആദ്യ സ്‌കൂട്ടറും ആക്ടീവ 125 ആയിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ പുതിയ എന്‍ജിനൊപ്പം ലുക്കിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചത്.
വലിയ ഗ്രൗണ്ട് ക്ലിയറന്‍സും ഫ്‌ളോര്‍ സ്‌പേസും വലിയ സീറ്റും നല്‍കുന്ന പുതിയ ഫ്രെയിമിലാണ് ആക്ടീവ 125 ഒരുങ്ങിയിരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി പൊസിഷന്‍ ലൈറ്റ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മെറ്റല്‍ ബോഡി, സൈഡ് സ്റ്റാന്‍ഡ് എന്‍ജിന്‍ കട്ട് ഓഫ് എന്നീ സംവിധാനങ്ങളും ഇതിലുണ്ട്.
ആക്ടീവ 125 അലോയി വീല്‍ മോഡലില്‍ ഡിസ്‌ക് ബ്രേക്കും അടിസ്ഥാന മോഡലിലില്‍ ഡ്രം ബ്രേക്കിനൊപ്പം കോംബി ബ്രേക്കിങ്ങ് സംവിധാനവും സുരക്ഷയൊരുക്കും. ടിവിഎസ് എന്‍ടോര്‍ക്ക്, സുസുക്കി ആക്‌സസ്, ഹീറോ ഡെസ്റ്റിനി തുടങ്ങിയ സ്‌കൂട്ടറുകളുമായാണ് ആക്ടീവ 125 നിരത്തുകളില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്.
ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 124 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ആക്ടീവയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് എട്ട് ബിഎച്ച്പി പവറും 10.3 എന്‍എം ടോര്‍ക്കുമേകും. ഹോണ്ട ഇക്കോ ടെക്‌നോളജി, സ്മാര്‍ട്ട് പവര്‍, എസിജി സ്റ്റാര്‍ട്ടര്‍ തുടങ്ങിയ സംവിധാനങ്ങളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
Content Highlights: Honda Increased Activa 125 Price; New Price Begins From 68,042 Onwards
Content Highlights: