റോഡിലും ഓഫ്-റോഡിലും കുതിക്കാന്‍ ഹീറോ എക്‌സ്-പള്‍സിന്റെ ബിഎസ്-6 പതിപ്പ് അവതരിച്ചു

ചുരുങ്ങിയ കാലം കൊണ്ട് നിരത്തുകളില്‍ താരമായി മാറിയ ഹീറോയുടെ ഡ്യുവല്‍ പര്‍പ്പസ് ബൈക്കായ എക്‌സ്-പള്‍സിന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചു. പുതിയ എന്‍ജിനില്‍ കൂടുതല്‍ കരുത്തനായെത്തിയ ഈ വാഹനത്തിന് 1.11 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. ബിഎസ്-4 മോഡലിനെക്കാള്‍ 6000 രൂപയാണ് വില ഉയര്‍ന്നത്.
ബിഎസ്-6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 199 സിസി ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് എക്‌സ്-പള്‍സിന് കരുത്തേകുന്നത്. ഇത് 17.8 ബിഎച്ച്പി കരുത്തും 16.45 എന്‍എം ടോര്‍ക്കുമേകും. മുന്‍ മോഡലിനെക്കാള്‍ 0.3 ബിഎച്ച്പി പവര്‍ ഉയര്‍ത്തിയതിനൊപ്പം 0.65 എന്‍എം ടോര്‍ക്കും ഉയര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് തുടരും.
എന്‍ജിനില്‍ മാറ്റം വരുത്തിയതൊഴിച്ചാല്‍ ഡിസൈനിലും മറ്റും അഴിച്ചുപണിക്ക് കമ്പനി മുതിര്‍ന്നിട്ടില്ല. ഹൈ ടെന്‍സില്‍ സ്‌ട്രെങ്ത്ത് സ്റ്റീല്‍ ഫ്രെയ്മാണ് എക്‌സ്-പള്‍സിന്റെ അടിസ്ഥാനം. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ സ്‌പോക്ക്ഡ് വീല്‍, അലൂമിനിയം സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ്, ഡ്യുവല്‍ പര്‍പ്പസ് ടയര്‍, എന്നിവ എക്‌സ്പള്‍സിന്റെ ഹൈലൈറ്റാണ്.
ഇതിനൊപ്പം ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഫ്‌ളൈസ്‌ക്രീന്‍, ഉയര്‍ന്ന മഡ്ഗാര്‍ഡ് എന്നിവ ഈ വാഹനത്തിന് ഓഫ് റോഡ് ലുക്ക് നല്‍കുന്നുണ്ട്. ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, കോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗിയര്‍ ഇന്‍ഡികേറ്റര്‍, ട്രിപ്പ് മീറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നീ സൗകര്യങ്ങളുള്ള വലിയ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിലുണ്ട്.
2223 എംഎം നീളവും 850 എംഎം വീതിയും 1257 എംഎം ഉയരവും 1412 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. ദുര്‍ഘടപാതകള്‍ താണ്ടാന്‍ 220 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് സ്‌പോക്ക് വീല്‍. മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ 10 സ്റ്റെപ്പ് റൈഡര്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.
Content Highlights: Hero x-Pulse Launched With BS-6 Engine
Content Highlights: