ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്ക് 2.29 ലക്ഷത്തിന്; കിടിലന്‍ ലുക്കിലും ഫീച്ചറിലും എക്‌സ്440 എത്തി

ഹാര്‍ളി ഡേവിഡ്‌സണ്‍ എക്‌സ് 440 | Photo: Harley Davidson
ഹാര്‍ളി ഡേവിഡ്‌സണ്‍ എക്‌സ് 440 | Photo: Harley Davidson

ആഡംബര ബൈക്കുകളുടെ എല്ലാം പ്രൗഢിയോടെയും എത്തിയിട്ടും ഇന്ത്യയില്‍ പ്രതീക്ഷിച്ച സ്വാധീനം സൃഷ്ടിക്കാന്‍ കഴിയാതിരുന്ന പ്രീമിയം ബൈക്ക് നിര്‍മാതാക്കളായിരുന്നു ഹാര്‍ളി ഡേവിഡ്‌സണ്‍. മടങ്ങിപ്പോക്ക് പ്രഖ്യാപിച്ച ഹാര്‍ളിയെ ഇന്ത്യയില്‍ പിടിച്ച് നിര്‍ത്തിയത് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പാണ്. നാളുകള്‍ക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട ഈ ഇന്‍ഡോ-അമേരിക്കന്‍ കൂട്ടുകെട്ടിലെ ബൈക്ക് ഒടുവില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ് ഹാര്‍ളി ഡേവിഡ്‌സണ്‍ എക്‌സ്440 എന്ന മോഡലിലൂടെ.

ആഡംബര ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ളി ഡേവിഡ്‌സണിന്റെ വാഹന നിരയിലെ ഏറ്റവും കരുത്ത് കുറഞ്ഞ മോഡല്‍, ഏറ്റവും വില കുറഞ്ഞ പതിപ്പ്, വലിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ എത്തുന്ന മോഡല്‍ തുടങ്ങി നിരവധി വിശേഷങ്ങള്‍ സ്വന്തമാക്കിയാണ് ഹാര്‍ളി ഡേവിഡ്‌സണ്‍ എക്‌സ് 440 വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡെനിം, വിവിഡ്, എസ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ ബൈക്കിന് യഥാക്രമം 2.29 ലക്ഷം, 2.49 ലക്ഷം, 2.69 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 

ഗ്ലോബല്‍ പ്രൊഡക്ട് ആയാണ് ഈ വാഹനത്തെ ഹാര്‍ളി ഡേവിഡ്‌സണ്‍ എത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശ വിപണിയിലേക്ക് എക്‌സ്440 ബൈക്ക് കയറ്റുമതി ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 440 സി.സി. ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 27 ബി.എച്ച്.പി. പവറും 38 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

ഡിസൈന്‍

മോഡേണ്‍ ക്ലാസിക് റോഡ്സ്റ്റര്‍ എന്ന ശ്രേണിയില്‍ ചേര്‍ക്കാന്‍ പോകുന്ന ഡിസൈനിലാണ് എക്‌സ്440 ഒരുങ്ങിയിരിക്കുന്നത്. ഹാര്‍ളിയുടെ കരുത്തന്‍ മോഡലുകളില്‍ ഒന്നായ എക്‌സ്.ആര്‍.1200 എന്ന മോഡലില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഡിസൈന്‍. മുന്നിലെയും പിന്നിലെയും ഫെന്‍ഡറുകള്‍, ഫ്യുവല്‍ ടാങ്ക്, സൈഡ് കവറുകള്‍ എന്നിവ ഈ വാഹനത്തിന്റെ ദൃഢതയുടെ തെളിവാണ്. സിഗ്നേച്ചര്‍ ഡി.ആര്‍.എല്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ഫുള്‍ എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവ വാഹനത്തിന് ക്ലാസിക് റെട്രോ ഭാവം പകരുന്നുണ്ട്.

റിഫ്‌ളക്ടര്‍ സാങ്കേതികവിദ്യയും സെന്‍സര്‍ ഓപ്പറേറ്റഡ് ഓട്ടോമാറ്റിക് സംവിധാനവും ഹെഡ്‌ലൈറ്റിന്റെ സാങ്കേതിക മികവ് തെളിയിക്കും. ടി.എഫ്.ടി. ഡിജിറ്റല്‍ ഡിസ്‌പ്ലേ നല്‍കിയിട്ടുള്ള 3.5 ഇഞ്ച് സ്പീഡോ മീറ്ററാണ് ഈ വാഹനത്തിലെ മറ്റൊരു ആകര്‍ഷണം. ഡേ ആന്‍ഡ് നൈറ്റ് ഡിസ്‌പ്ലേ ഓപ്ഷനും ഇതിലുണ്ട്. ഉയര്‍ന്ന വേരിയന്റില്‍ കണക്ട് 2.0 കണക്ടിവിറ്റി സംവിധാനങ്ങളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ നോട്ടിഫിക്കേഷനുകളും ഡിസ്‌പ്ലേയില്‍ ലഭിക്കും. 

ഫീച്ചറുകളാല്‍ സമൃദ്ധം

സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കി ഇഗ്നീഷ്യന്‍ അലേര്‍ട്ട്, പാനിക് അലേര്‍ട്ട്, ക്രാഷ് അലേര്‍ട്ട്, ടോപ്പിള്‍ അലേര്‍ട്ട്, ലോ ഫ്യുവല്‍ അലേര്‍ട്ട് എന്നിവ ഇതില്‍ നല്‍കുന്നുണ്ട്. വാഹനത്തിന്റെ സെക്യൂരിറ്റി ഉറപ്പാക്കാന്‍ തെഫ്റ്റ് അലേര്‍ട്ട്, ബാറ്ററി റിമൂവല്‍ അലേര്‍ട്ട്, ജിയോ ഫെന്‍സിങ്ങ് അലേര്‍ട്ട് എന്നിവയും നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള വെഹിക്കിള്‍ ഡയഗനോസ്റ്റിക്‌സ്, മാല്‍ഫങ്ഷന്‍ അലേര്‍ട്ട് തുടങ്ങിയവും ഡൈവിങ്ങ് വിലയിരുത്തുന്നതിനുള്ള റിപ്പോര്‍ട്ടുകളും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: Hero MotoCorp and Harley-Davidson co-developed motorcycle Harley-Davidson X440 debuts in India