ഉത്സവം കൂടുതല്‍ കളറാകും; നിരത്ത് വാഴാന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440 എത്തുന്നു

ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പും അമേരിക്കന്‍ ആഡംബര ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണും സംയുക്തമായി ഒരുക്കിയ പ്രീമിയം മോട്ടോര്‍ സൈക്കിളായ ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440-യുടെ കുതിപ്പ് ആരംഭിക്കുന്നു. അവതരിപ്പിച്ച് മാസങ്ങള്‍ക്കിപ്പുറം ഈ വാഹനം ഉപയോക്താക്കള്‍ക്ക് നല്‍കാനൊരുങ്ങുകയാണ്. നവരാത്രിയുടെ ആദ്യ ദിനത്തില്‍ തന്നെ വാഹനം ഉപയോക്താക്കളില്‍ എത്തി തുടങ്ങും.
ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440 വിപണിയില്‍ എത്തിയിട്ടുള്ളത്. ഈ ബൈക്കുകള്‍ക്ക് യഥാക്രമം 2.39 ലക്ഷം, 2.59 ലക്ഷം, 2.79 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഈ വാഹനത്തിനുള്ള പുതിയ ബുക്കിങ്ങ് വിന്‍ഡ് ഒക്ടോബര്‍ 16-ന് ആരംഭിക്കും. ഹാര്‍ലി ഡീലര്‍ഷിപ്പുകളിലും, ഹീറോയുടെ തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിലും ഓണ്‍ലൈനായും പുതിയ ബൈക്ക് ബുക്കുചെയ്യാന്‍ സാധിക്കും.
രാജസ്ഥാനിലെ നീമ്രാണയിലുള്ള ഗാര്‍ഡന്‍ ഫാക്ടറിയിലാണ് ഈ ബൈക്ക് നിര്‍മിക്കുന്നത്. ഡിമാന്റിന് അനുസരിച്ച് നിര്‍മാണശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം സെപ്റ്റംബറോടെ തന്നെ പുതിയ ബൈക്കിന്റെ നിര്‍മാണവും ഇവിടെ ആരംഭിച്ചിരുന്നു. ആദ്യഘട്ടം ബുക്കിങ്ങ് ആരംഭിച്ച് ഒരുമാസത്തിനുള്ളില്‍ തന്നെ 25,000 ആളുകളാണ് ഈ വാഹനം ബുക്കുചെയ്തത്. ബുക്കിങ്ങിലെ മുന്‍ഗണന അനുസരിച്ചായിരിക്കും ഈ ബൈക്ക് ഉപയോക്താക്കള്‍ക്ക് നല്‍കി തുടങ്ങുക.
ഗ്ലോബല്‍ പ്രൊഡക്ട് ആയാണ് ഈ വാഹനത്തെ ഹാര്‍ലി ഡേവിഡ്‌സണ്‍ എത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശ വിപണിയിലേക്ക് എക്‌സ് 440 ബൈക്ക് കയറ്റുമതി ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 440 സി.സി. ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 27 ബി.എച്ച്.പി. പവറും 38 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് ഇതിലെ ട്രാന്‍സ്മിഷന്‍.
രാജ്യത്തുടനീളമുള്ള മോട്ടോര്‍സൈക്കിള്‍ പ്രേമികളില്‍ ആവേശമുണര്‍ത്തിയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440 എത്തിയിരിക്കുന്നതെന്നാണ് ഹീറോ മോട്ടോകോര്‍പ്പ് അവകാശപ്പെടുന്നത്. വാഹനത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം ബുക്കുചെയ്തവര്‍ക്ക് ടെസ്റ്റ് ഡ്രൈവിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഈ ബൈക്കുകള്‍ എത്തുന്നതോടെ ഈ ഉത്സവ സീസണിന് കൂടുതല്‍ മാറ്റേകാനാകുമെന്നും ഹീറോ മോട്ടോകോര്‍പ്പ് അഭിപ്രായപ്പെട്ടു.
Content Highlights: Harley Davidson X440 bike launched inIndia, Delivery starts from festival season