ആരാധകന്റെ ബൈക്കില്‍ ധോനിയുടെ ഓട്ടോഗ്രാഫ്, കൂടെ ഒരു റൈഡും; വൈറലായി ധോനിയുടെ വീഡിയോ | Video

മഹേന്ദ്ര സിങ് ധോണി ബൈക്കില്‍ ഒപ്പുവെച്ച ശേഷം ഓടിച്ച് നോക്കുന്നു | Photo: X/Johns
മഹേന്ദ്ര സിങ് ധോണി ബൈക്കില്‍ ഒപ്പുവെച്ച ശേഷം ഓടിച്ച് നോക്കുന്നു | Photo: X/Johns

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോനിയുടെ വാഹനകമ്പം രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ക്കും വാഹനപ്രേമികള്‍ക്കും ഒരുപോലെ അറിവുള്ളതാണ്. വിന്റേജ് ബൈക്കുകള്‍ മുതല്‍ സൂപ്പര്‍ ബൈക്കുകള്‍ വരെയുള്ള മോട്ടോര്‍സൈക്കിളുകളുടെ വലിയ നിരയാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്. എന്നാല്‍, ഒരു ആരാധകന്റെ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഇഷ്ടപ്പെട്ട് ഓടിച്ചുനോക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ധോനിയുടെ ആരാധകനായ വ്യക്തിയാണ് അദ്ദേഹത്തിന്റെ ഒപ്പ് തന്റെ ബൈക്കില്‍ ലഭിക്കുന്നതിനായി എത്തിയത്. അയാളുടെ ആവശ്യം അറിഞ്ഞതോടെ സ്വന്തം ജാക്കറ്റ് കൊണ്ട് പെട്രോള്‍ ടാങ്ക് തുടച്ചശേഷം മാര്‍ക്കര്‍ ഉപയോഗിച്ച് ടാങ്കില്‍ ഒപ്പിടുകയായിരുന്നു. ഇതെല്ലാം കൗതുകത്തോടെ വീക്ഷിച്ച് വാഹന ഉടമ ധോനിക്ക് അരികില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. വാഹനത്തിന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം ഉടമയോട് ചോദിച്ചറിയുന്നുമുണ്ട്.

വാഹനത്തില്‍ ഓട്ടോഗ്രാഫ് പതിപ്പിച്ചതിന് ശേഷം വാഹനം സ്റ്റാര്‍ട്ട് ചെയ്ത് നോക്കുകയും പിന്നീട് ബൈക്കിന്റെ ഉടമയേയും ഒപ്പം കൂട്ടി ഓടിച്ചുപോകുന്നതുമാണ് വീഡിയോയിലുള്ളത്. ധോനിയുടെ ഈ പ്രവര്‍ത്തിയ പുകഴ്ത്തിയുള്ള വീഡിയോകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആരാധാകര്‍ക്കൊപ്പം എപ്പോഴും നിലകൊള്ളുന്നയാളാണ് ധോനിയെന്നും അദ്ദേഹം എല്ലാവര്‍ക്കും ഒരു പ്രചോദനമാണ് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

അത്യപൂര്‍വ്വമായ കാറുകളും പഴയ കാലത്ത് ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന ബൈക്കുകളും ഉള്‍പ്പെടെ വലിയ വാഹനശേഖരമാണ് ധോനിക്ക് സ്വന്തമായുള്ളത്. മെഴ്‌സിഡസ് ബെന്‍സ് ജി-വാഗണ്‍ പോലുള്ള കരുത്തുറ്റ ആഡംബര എസ്.യു.വികള്‍ മുതല്‍ നിസാന്‍ ജോങ്ക പോലെയുള്ള ആപൂര്‍വ്വ വാഹനങ്ങളും അദ്ദേഹത്തിന്റെ കൈവശമുണ്ട്. ധോനിയുടെ വാഹനശേഖരം ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദിനെ അദ്ഭുതപ്പെടുത്തിയതിന്റെ അനുഭവം അദ്ദേഹം മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 

എന്തൊരു മനുഷ്യനാണ് മഹേന്ദ്ര സിങ് ധോനിയെന്നും എന്തൊരു ശേഖരമാണ് അദ്ദേഹത്തിന്റെ കൈവശമുള്ളതെന്നും, ഒരു മനുഷ്യനില്‍ കണ്ട് ഏറ്റവും വലിയ അഭിനിവേശമാണിതെന്നുമുള്ള കുറിപ്പോടെയായിരുന്നു റാഞ്ചിയിലെ ധോനിയുടെ ഫാം ഹൗസിലെ വാഹനങ്ങളുടെ വീഡിയോ അദ്ദേഹം പങ്കുവെച്ചത്. കാറുകളും ബൈക്കുകളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനമായിരുന്നു ധോനിയുടെ ഫാം ഹൗസില്‍ സൂക്ഷിച്ചിരുന്നത്. ഇതെല്ലാം അദ്ദേഹം ഉപയോഗിക്കുന്നവയാണെന്നാണ് സൂചന.

Content Highlights: Former Indian captain MS Dhoni signs a fans Royal Enfield Classic 350