ഇ-സൈക്കിള്‍ വാങ്ങുന്ന ആദ്യ 10,000 പേര്‍ക്ക് 5500 രൂപ സബ്സിഡി; ആദ്യ 1000-ത്തിന് വേറെയും ഓഫര്‍

നഗരത്തില്‍ ഇ-സൈക്കിളുകള്‍ വാങ്ങുന്ന ആദ്യത്തെ 10,000 പേര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ 5500 രൂപ വീതം സബ്സിഡി നല്‍കുമെന്ന് ഡല്‍ഹി ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോത് അറിയിച്ചു. പാസഞ്ചര്‍ ഇ-സൈക്കിളുകള്‍ ആദ്യം വാങ്ങുന്ന 1000 പേര്‍ക്ക് 2000 രൂപ അധിക സബ്സിഡി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഹെവി ഡ്യൂട്ടി കാര്‍ഗോ ഇ-സൈക്കിളുകള്‍ ആദ്യം വാങ്ങുന്ന 5000 പേര്‍ക്ക് 15,000 രൂപ വീതം സബ്സിഡി ലഭിക്കും.
ഇ-കാര്‍ട്ടുകള്‍ വ്യക്തിഗതമായി വാങ്ങുന്നവര്‍ക്ക് മാത്രമാണ് നേരത്തേ സബ്സിഡി നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ ഇ-കാര്‍ട്ടുകള്‍ വാങ്ങുന്ന സ്ഥാപനത്തിനും 30,000 രൂപ സബ്സിഡി നല്‍കുമെന്നും ഗെഹ്ലോത് പറഞ്ഞു. ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ സബ്സിഡി സ്കീമിന് അര്‍ഹതയുള്ളൂ.
നിലവില്‍ 45,900 ഇ-വാഹനങ്ങള്‍ നഗരപാതകളില്‍ ഓടുന്നുണ്ട്. ഇതില്‍ 36 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളിലെ ഇ-വാഹനങ്ങൾ 12 ശതമാനം കടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലിനീകരണം കുറയ്ക്കുന്നതിനായി 2020 ഓഗസ്റ്റിലാണ് ഡല്‍ഹി സര്‍ക്കാര്‍ ഡല്‍ഹി ഇലക്ട്രിക് വെഹിക്കിള്‍ പോളിസി ആരംഭിച്ചത്. പോളിസിക്കു കീഴില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും നാലുചക്ര വാഹനങ്ങളും വാങ്ങുന്നതിന് വിപുലമായ സബ്സിഡികളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് പരമാവധി 30,000 രൂപ വരെയും 4-ചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ 1,50,000 രൂപ വരെയുമാണ് ഇ-വികളില്‍ ഇളവ് ലഭിക്കുക.
ഇലക്ട്രിക് വാഹന പോളിസിക്ക് കീഴില്‍, റോഡ് നികുതിയും രജിസ്ട്രേഷന് ചാര്‍ജുകളും ഉടമകളില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കുന്നില്ല. വാഹനവില്‍പ്പനയില്‍ ഇ-വികളുടെ വിഹിതം 2019-20 ലെ 1.2 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 10 ശതമാനമായി ഉയര്‍ന്നിരുന്നു. ഇ-വാഹന വില്‍പ്പനയില്‍ 10 ശതമാനം കടന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായും ഡല്‍ഹി മാറി.
യു.കെ., ഫ്രാന്‍സ്, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലെ വൈദ്യുത വാഹനങ്ങളുടെ വിഹിതത്തെക്കാള്‍ കൂടുതലാണിതെന്ന് സര്‍ക്കാര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. വര്‍ധിക്കുന്ന വൈദ്യുതവാഹന വില്‍പ്പന അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടല്‍. വനിതാ ഡ്രൈവര്‍മാര്‍ക്കായി 33 ശതമാനം സംവരണത്തോടെ 4200-ലധികം ഇ-ഓട്ടോകള്‍ പുറത്തിറക്കാനും പദ്ധതിയുണ്ട്.
Content Highlights: Delhi government announce rupees 5500 subsidy for electric cycle