ബുള്ളറ്റുമായി ഏറ്റമുട്ടാനുറച്ച് ബെനെലി; ഇംപീരിയാലെ 400-ന്റെ ബിഎസ്-6 പതിപ്പ് എത്തി

ഇന്ത്യന്‍ നിരത്തുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് ശക്തമായ വെല്ലുവിളി തുടരാന്‍ ബെനെലി ഇംപീരിയാലെ 400-ന്റെ ബിഎസ്-6 പതിപ്പ് അവതരിപ്പിച്ചു. 1.99 ലക്ഷം രൂപയാണ് ബിഎസ്-6 മോഡലിന്റെ എക്‌സ്‌ഷോറൂം വില. ബിഎസ്-4 മോഡലിനെ അപേക്ഷിച്ച് 20,000 രൂപയാണ് ബിഎസ്-6 പതിപ്പിന് വില ഉയര്‍ത്തിയിട്ടുള്ളത്. 

ബിഎസ്6 നിലവാരത്തിലുള്ള 374 സിസി ഫ്യുവല്‍ ഇഞ്ചക്ഷന്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 20.7 ബിഎച്ച്പി പവറും 29 എന്‍എം ടോര്‍ക്കുമേകും. ബിഎസ്-4 മോഡലില്‍ നല്‍കിയിരുന്ന ആറ് സ്പീഡ് ഗിയര്‍ ബോക്‌സ് തന്നെയാണ് ബിഎസ്-6 എന്‍ജിന്‍ പതിപ്പിലും നല്‍കിയിട്ടുള്ളത്. 

പുതിയ എന്‍ജിന്‍ സ്ഥാനം പിടിക്കുന്നതൊഴിച്ചാല്‍ ഇംപീരിയാലെ 400-ന്റെ ഡിസൈനിലും മറ്റും മാറ്റങ്ങളാന്നും വരുത്തിയിട്ടില്ല. ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയിമായിരിക്കും പുതിയ മോഡലിനും അടിസ്ഥാനം. 2170 എംഎം നീളവും 820 എംഎം വീതിയും 1120 എംഎം ഉയരവും 1440 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 

റെട്രോ ഡിസൈനാണ് ഇംപീരിയാലെ 400-ലുള്ളത്. നീളമുള്ള ഹാന്‍ഡില്‍ ബാര്‍, ഹാന്‍ഡിലില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റൗണ്ട് ഹെഡ് ലൈറ്റ്, ഒതുങ്ങിയ ടാങ്ക്, കട്ട് സീറ്റുകള്‍, ബോഡില്‍ നല്‍കിയിട്ടുള്ള ക്രോം ആവരണങ്ങള്‍ എന്നിവ പുതിയ മോഡലിലും തുടരും.

സുരക്ഷ ഒരുക്കുന്നതിനായി മൂന്നില്‍ 300 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും നല്‍കും. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം സ്റ്റാന്റേഡ് ഫീച്ചറായി തുടരുന്നുണ്ട്. മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സും സുഖയാത്ര ഒരുക്കും.

Content Highlights: BS-6 Engine Benelli Imperiale 400 Launched in India

Content Highlights: