എന്‍ഫീല്‍ഡിനോട് മുട്ടാന്‍ ഉറച്ച് ട്രയംഫ്-ബജാജ് കൂട്ടുകെട്ട്, വരവ് കരുത്തന്‍ ഇരട്ട ബൈക്കുകളുമായി

ഇന്ത്യയിലെ മിഡ്-സൈസ് മോട്ടോര്‍സൈക്കിള്‍ വിപണി കൈയടക്കി വെച്ചിട്ടുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തക തകര്‍ക്കുന്നതിനായി ബ്രിട്ടീഷ് സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിളും ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജും തമ്മിലുള്ള കൂട്ടുകെട്ടില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ആദ്യ ബൈക്കുകള്‍ പ്രദര്‍ശനത്തിനെത്തി. സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എക്‌സ് എന്നീ പേരുകളില്‍ പുറത്തിറക്കുന്ന ബൈക്കുകള്‍ ജൂലായ് അഞ്ചിന് വിപണിയില്‍ അവതരിപ്പിക്കും.
ട്രയംഫ് ബ്രാന്റിന്റെ ബൈക്കുകള്‍ കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ട്രയംഫ്-ബജാജ് കൂട്ടുകെട്ട് പ്രഖ്യാപിക്കപ്പെടുന്നത്. ഇപ്പോള്‍ വിപണിയിലെത്തുന്ന
രണ്ട് ബൈക്കുകളും ട്രയംഫിന്റെ ഹിങ്ക്‌ലിയിലേയും തായ്ലന്‍ഡിലേയും പ്ലാന്റുകളിലും ബജാജിന്റെ മഹാരാഷ്ട്രയിലെ ചകാനിലെ പ്ലാന്റിലും നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ബൈക്കുകള്‍ ഏതാനും രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
ട്രയംഫ് സ്പീഡ് 400
ലളിതമായി ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള നിയോ-റെട്രോ റോഡ്‌സ്റ്ററായാണ് സ്പീഡ് 400 ഒരുക്കിയിരിക്കുന്നത്. സ്പീഡ് ട്വിന്‍ 900 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലാണ് ഈ ബൈക്ക് ഒരുങ്ങിയിരിക്കുന്നത്. വൃത്താകൃതിയിലുള്ള എല്‍.ഇ.ഡിയില്‍ ഹെഡ്‌ലാമ്പ്, ടീയര്‍ ഡ്രോപ്പ് ഷേപ്പിലുള്ള ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, ബാര്‍ എന്‍ഡ് റിയര്‍വ്യൂ മിറര്‍, സിംഗിള്‍ അപ്‌സ്വറ്റ് എക്‌സ്‌ഹോസ്റ്റ് പൈപ്പ് തുടങ്ങിയവയാണ് ഈ വാഹനത്തിനെ സ്റ്റൈലിഷാക്കുന്നത്.
17 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് ഈ ബൈക്കില്‍ ഒരുക്കിയിട്ടുള്ളത്. മികച്ച റൈഡ് ഒരുക്കുന്നതിനായി 130 എം.എം. ട്രാവലുള്ള അപ്പ്‌സൈഡ്-ഡൗണ്‍ ഷോക്കാണ് മുന്നില്‍ നല്‍കിയിട്ടുള്ളത്. മോണോ ഷോക്കാണ് പിന്നിലുള്ളത്. സുരക്ഷ കാര്യക്ഷമാക്കുന്നതിനായി മുന്നില്‍ 300 എം.എം. ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ ഡിസ്‌കുമാണ് ബ്രേക്കിങ്ങ് നിര്‍വഹിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എ.ബി.എസും ഈ ബൈക്കില്‍ സുരക്ഷ കാര്യക്ഷമാക്കുന്നുണ്ട്.
ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 എക്‌സ്
റഫ് റോഡുകളെ കീഴടക്കാന്‍ സാധിക്കുന്ന ഡിസൈനെന്നാണ് സ്‌ക്രാംബ്ലളര്‍ 400എക്‌സിനെ വിശേഷിപ്പിക്കുന്നത്. കാഴ്ചയില്‍ ഏകദേശം സ്പീഡ് 400-ന് സമാനമാണെങ്കിലും ടൂ പീസ് സീറ്റ്, 835 എം.എം. സീറ്റ് ഹൈറ്റ്, ഉയര്‍ന്ന ട്രാവല്‍ സസ്‌പെന്‍ഷന്‍, നക്കിള്‍ ഗാര്‍ഡുകള്‍ നല്‍കിയിട്ടുള്ള നീളമുള്ള ഹാന്‍ഡില്‍ ബാര്‍, 19 ഇഞ്ച് വലിപ്പമുള്ള ടയറുകളുമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. സ്പീഡ് 400-നെക്കാള്‍ ഉയര്‍ന്ന വീല്‍ബേസിനൊപ്പം ഒമ്പത് കിലോ അധിക ഭാരവും സ്‌ക്രാംബ്ലര്‍ 400 എക്‌സിനുണ്ട്. 170 കിലോഗ്രാമാണ് സ്പീഡിന്റെ ഭാരം.
ഒരേ എന്‍ജിനാണ് രണ്ട് മോഡലുകള്‍ക്ക് കരുത്തേകുന്നത്. 398 സി.സി. ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് രണ്ട് ബൈക്കുകളിലും നല്‍കിയിട്ടുള്ളത്. 39.5 ബി.എച്ച്.പി. പവറും 37.5 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ടോര്‍ക്ക് അസിസ്റ്റ് ക്ലെച്ചും ആറ് സ്പീഡ് ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ചെറിയ എല്‍.സി.ഡി. സ്‌ക്രീന്‍ നല്‍കിയിട്ടുള്ള അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, യു.എസ്.ബി. ചാര്‍ജിങ്ങ് പോര്‍ട്ട് തുടങ്ങിയവ രണ്ട് ബൈക്കുകളിലും നല്‍കിയിട്ടുണ്ട്.
Content Highlights: Bajaj-Triumph Unveiled Two Motorcycle in India, Triumph Speed 400, Triumph Scrambler 400 X