കരുത്ത് കൂടി, ഒപ്പം ഫീച്ചറും; കെ.ടി.എം. 390 അഡ്വഞ്ചർ ആർ അവതരിപ്പിച്ചു

.
.

കെ.ടി.എം. 390 അഡ്വഞ്ചർ ആർ ആ​ഗോളതലത്തിൽ അവതരിപ്പിച്ചു. ഇറ്റലിയിലെ ഇ.ഐ.സി.എം.എ 2024 മോട്ടോർ സൈക്കിൾ ഷോയിലാണ് ഇന്ത്യയിലെ അഡ്വഞ്ചര്‍ ബൈക്ക് പ്രേമികളുടെ ഇഷ്ട വാഹനം അവതരിപ്പിച്ചത്. ഡിസൈനും എഞ്ചിൻ സവിശേഷതകളും തികച്ചും പുതിയതാണ്. ഓഫ് റോഡ് പെർഫോമൻസ് മികച്ചതാക്കുക എന്ന ഉദ്ദേശത്തോടെയാണ് വാഹനം രൂപകൽപന ചെയ്തിരിക്കുന്നത്. 2025-ന്റെ തുടക്കത്തിൽ 390 അഡ്വഞ്ചർ ആർ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് ലക്ഷം രൂപയ്ക്ക് (എക്സ് ഷോറൂം) അടുത്തായിരിക്കും വില എന്നാണ് കരുതുന്നത്. 

മെയിൻ ഫ്രെയിമും സബ്ബ് ഫ്രെയിമും പുതുതായി ഡിസൈൻ ചെയ്തിരിക്കുന്നു. മുൻ മോഡലിനേക്കാൾ ഭാരം കുറവാണിതിന്. മുന്നിൽ 21 ഇഞ്ചും പിന്നിൽ 18 ഇഞ്ചും ടയറുകളാണുള്ളത്. 230 എംഎം ട്രാവൽ ഉള്ള അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്പെൻഷൻ സംവിധാനവും ഉണ്ട്. ഇത് ഓഫ് റോഡ് കഴിവുകളെ കൂടുതൽ കാര്യക്ഷമമാക്കും. 860 എം.എം ആണ് സീറ്റിന്റെ ഉയരം. 

റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്സ് പൾസ് 200 4V എന്നിവയേക്കാളും കൂടുതലാണിത്. മുൻവശത്ത് വലിപ്പമുള്ള വിൻഡ്സ്ക്രീൻ, യു ഷേപ്പുള്ള ഡിആർഎൽ, വലിയ മഡ്​ഗാർഡ് എന്നിവ പ്രത്യേകതകളാണ്. ഫുൾ കളർ 5 ഇഞ്ച് ടിഎഫ്ടി സ്ക്രീൻ, സ്വിച്ചബിൾ എബിഎസും ട്രാക്ഷൻ കൺട്രോളും, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നീ സവിശേഷതകളും ഉണ്ട്.  

399 സി.സി. സിം​ഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് പുതിയ മോഡലിൽ ഉള്ളത്. ഇത് 45.3 ബിഎച്ച്പി കരുത്തും 39 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 6സ്പീഡ് ​ഗിയർ ബോക്സാണുള്ളത്. മുൻ മോഡലിനെ അപേക്ഷിച്ച് കരുത്ത് കൂടിയ എഞ്ചിനാണിത്. 42.9 ബിഎച്ച്പി കരുത്തും 37 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 373 സിസി എഞ്ചിനായിരുന്നു നിലവിലെ മോഡലിൽ ഉണ്ടായിരുന്നത്. ഇന്ത്യയിലെത്തുമ്പോൾ, റോയൽ എൻഫീൽഡ് ഹിമാലയൻ, ബിഎംഡബ്ല്യൂ ജി310 ജിഎസ് എന്നിവയാവും പ്രധാന എതിരാളികൾ
 

Content Highlights: All New KTM 390 Adventure R Revealed