യുനെസ്‌കോ അംഗീകരിച്ച കേരളീയകല; എന്നിട്ടും കൂടിയാട്ടത്തിന് വേണ്ടത്ര പരിഗണനയില്ല

കൂടിയാട്ടം.|Photo credit: @listlytravel
കൂടിയാട്ടം.|Photo credit: @listlytravel

ഇരിങ്ങാലക്കുട: യുനെസ്‌കോ അംഗീകരിച്ച കേരളീയ കലാരൂപമായ കൂടിയാട്ടത്തെ പരിപോഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ല. കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നെങ്കിലും എട്ടുമാസമായി അതും മുടങ്ങി. തിരുവനന്തപുരം ആസ്ഥാനമായുള്ള കൂടിയാട്ടം കേന്ദ്രം ഇപ്പോഴും വാടക കെട്ടിടത്തിലാണ്. ഓഫീസിനായി സംസ്ഥാന സര്‍ക്കാരിനോട് സ്ഥലം ആവശ്യപ്പെട്ടിട്ട് വര്‍ഷങ്ങളായെങ്കിലും പരിഗണിച്ചിട്ടില്ല.

കേരള കലാമണ്ഡലത്തില്‍ കൂടിയാട്ടത്തിന് വകുപ്പുള്ളതൊഴിച്ചാല്‍ പാടേ അവഗണിക്കുകയാണെന്ന് കലാകാരന്മാര്‍ ആരോപിക്കുന്നു. കൂടിയാട്ടം പഠിപ്പിക്കുന്ന സംസ്ഥാനത്തെ അഞ്ച് സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ഓണറേറിയവും സ്‌കോളര്‍ഷിപ്പും നല്‍കിയിരുന്നത് കേന്ദ്ര സംഗീത നാടക അക്കാദമിയാണ്. ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലം, തിരുവനന്തപുരം മാര്‍ഗീ, പൈങ്കുളം കലാപീഠം, മാണി മാധവ ഗുരുകുലം, നേപത്ഥ്യ മൂഴിക്കുളം എന്നിവയാണിവ. നേരത്തേ ഈ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാര്‍ഷിക ഗ്രാന്റ് നല്‍കിയിരുന്നെങ്കിലും പിന്നീട് അതു നിര്‍ത്തി. ഈ അഞ്ച് സ്ഥാപനങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങി കൂടിയാട്ടം കേന്ദ്രം വഴിയാണ് കേന്ദ്ര സംഗീത നാടക അക്കാദമിക്ക് സമര്‍പ്പിച്ചിരുന്നത്.

കേരളത്തിനകത്തും പുറത്തുമായി ഒരു വര്‍ഷം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളെക്കുറിച്ചുള്ള വിശദവിവരങ്ങളും ഇതോടൊപ്പം സമര്‍പ്പിക്കും. എന്നാല്‍ കൂടിയാട്ടം കേന്ദ്രത്തിന് നാഥനില്ലാതായതോടെ ഒരു വര്‍ഷമായി ഓണറേറിയവും സ്‌കോളര്‍ഷിപ്പുമടക്കമുള്ള കാര്യങ്ങള്‍ അവതാളത്തിലാണ്. പുതിയ ഡയറക്ടര്‍ക്കായി കേന്ദ്ര സംഗീത നാടക അക്കാദമി അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും തുടര്‍നടപടികളോ നിയമനമോ നടന്നിട്ടില്ല. ''മാതൃഭൂമി'' ഇക്കാര്യം വാര്‍ത്തയാക്കിയിരുന്നു. വാര്‍ത്തയെത്തുടര്‍ന്ന് അഞ്ചു സ്ഥാപനങ്ങളിലേക്കുള്ള ഏഴുമാസത്തെ ഓണറേറിയവും സ്‌കോളര്‍ഷിപ്പും കേന്ദ്രം അനുവദിച്ചു. എന്നാല്‍ 2024 ഒക്ടോബര്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കുടിശ്ശികയും പിന്നീട് ജൂലായ് വരെയുള്ളതുമടക്കം എട്ടുമാസത്തെ തുക ഇനിയും ലഭിക്കാനുണ്ട്.

പരിപോഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം

കള്‍ച്ചറല്‍ ഹെറിറ്റേജ് വിഭാഗത്തില്‍ യുനെസ്‌കോ തിരഞ്ഞെടുത്ത 19 കലാരൂപങ്ങളില്‍ ഒന്നാണ് കൂടിയാട്ടം. ലോകത്തെ ശേഷിക്കുന്ന ഏക പ്രാചീന നാട്യവേദി. കേരളത്തിന്റെ തനത്കലാരൂപത്തെ വേണ്ടരീതിയില്‍ പരിപോഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്ര സംഗീത നാടക അക്കാദമി ചെറിയ സഹായം ചെയ്യുമ്പോള്‍, കേരളം പാടേ അവഗണിക്കുകയാണ്. പുതിയ തലമുറയെ ഇതിലേക്ക് ആകര്‍ഷിക്കാനും അവരിലൂടെ ഈ കലാരൂപത്തെ വളര്‍ത്തിക്കൊണ്ടുവരുവാനും കഴിയണം.
-വേണു ജി, അമ്മന്നൂര്‍ ഗുരുകുലം സ്ഥാപകന്‍, നടനകൈരളി ചെയര്‍മാന്‍


 

Content Highlights: Koodiyattam a UNESCO recognized art form faces neglect. Funding delays and lacks support of Govt.