മാതൃഭൂമി കപ്പ കൾച്ചറിന് നാളെ തുടക്കം, ഉദ്ഘാടനം ഇന്ന് രാത്രി ബോൾഗാട്ടി പാലസിൽ

#സിറാജ് കാസിം
ഫോട്ടോ: മാതൃഭൂമി
ഫോട്ടോ: മാതൃഭൂമി

കൊച്ചി: “മനുഷ്യന്റെ പാദം എൻജിനിയറിങ്ങിന്റെ ഒരു മാസ്റ്റർ പീസ് ആണ്, കൂടാതെ ഒരു കലാസൃഷ്ടിയും...” ലിയനാർഡോ ഡാവിഞ്ചിയുടെ വാക്കുകൾ അടിക്കുറിപ്പാക്കി മനോഹരമായൊരു ഉത്സവത്തിന് ഈ രാവിൽ കൊടിയേറും. ഉത്സവമുറ്റത്ത് മനുഷ്യപാദങ്ങളെല്ലാം ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ചലന രൂപങ്ങളായി മാറുമ്പോൾ ആ കലാസൃഷ്ടിയെ ആസ്വാദകർ ആവേശത്തോടെ വിളിക്കും...‘മാതൃഭൂമി കപ്പ കൾച്ചർ’. കലയും സംഗീതവും ഫാഷനും ഫുഡും ഗെയിമും സാഹസികതയുമെല്ലാം സമന്വയിക്കുന്ന കൾച്ചർ ഇതൾ വിടരുമ്പോൾ ന്യൂ ജെൻ സ്‌റ്റൈലിൽ കുറിക്കാം, ‘വൈബ് ജസ്റ്റ് ചേഞ്ച്’.

ചില്ലും ത്രില്ലും നിറഞ്ഞ കലയുടെ വിസ്മയ ലോകമായി ‘മാതൃഭൂമി’ കപ്പ കൾച്ചർ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ എറണാകുളം ബോൾഗാട്ടി പാലസിൽ അരങ്ങേറും. കൾച്ചറിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാത്രി ഏഴ് മണിക്ക് ബോൾഗാട്ടി പാലസിൽ നടക്കും. കലാ, സാംസ്‌കാരിക, സാമൂഹിക, ബിസിനസ് രംഗങ്ങളിലുള്ള പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. വൈവിധ്യത്തിലും അതുല്യതയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ടെക്നോ, ഇലക്ട്രോണിക് സംഗീതത്തെ സ്‌പോട്ട്‌ലൈറ്റ് ചെയ്ത് വികസിക്കുന്ന കൾച്ചറിന്റെ ഇത്തവണത്തെ എഡിഷനും ആവേശത്തോടെയാണ് ആസ്വാദകർ കാത്തിരിക്കുന്നത്.

“ഒരു മനുഷ്യന്റെ സർവേന്ദ്രിയങ്ങളെയും തൊട്ടുണർത്തുന്ന അനുഭവമാകുമെന്ന് ഉറപ്പിച്ചോളൂ...” കൾച്ചറിന്റെ അമരക്കാരിലൊരാളായ ‘മാതൃഭൂമി’ ഡയറക്ടർ - ഡിജിറ്റൽ എം.എസ്. മയൂരയുടെ വാക്കുകളിൽ കാണാൻ പോകുന്ന പൂരത്തിന്റെ ത്രില്ലും ചില്ലും ഒരുപോലെയുണ്ട്. ആർട്ടിസ്റ്റ് ലൈനപ്പ്... കൾച്ചറിന്റെ മൂന്നാം എഡിഷനിലേക്ക് ഒരു ആസ്വാദകൻ കടന്നുവരാനുള്ള പ്രധാന കാരണമായി ‘മാതൃഭൂമി’ ഡയറക്ടർ - ഓപ്പറേഷൻസ് എം.എസ്. ദേവിക ചൂണ്ടിക്കാട്ടുന്നത് അതാണ്. സംഗീതത്തിന്റെ എല്ലാ തലങ്ങളെയും കോർത്തിണക്കി ദേശീയ-അന്താരാഷ്ട്ര തലത്തിലുള്ള ഒട്ടേറെ കലാകാരൻമാരാണ് കൾച്ചറിന്റെ ഭാഗമാകാൻ ഇത്തവണയും കൊച്ചിയിലേക്ക് പറന്നെത്തുന്നത്. ജർമനിയിൽ നിന്നുള്ള ടിം ടേസ്റ്റും നെതർലൻഡ്‌സിൽ നിന്നുള്ള ഏലിയാസ് മാസിയനും അർജന്റീനയിൽ നിന്നുള്ള എസ്‌ക്വേൽ ഏരിയാസും ഫ്രാൻസിൽ നിന്നുള്ള റേസിങ് നോക്കിയയുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. അതിനൊപ്പം ഇന്ത്യൻ ആർട്ടിസ്റ്റുകളായ ഹംസ റഹിംതുലയും അനുഷ്‌കയും അന്യാസയും കോഹ്‌റയും മോഗാസുവും തസ്‌നീമും ജോൺ ജോൺസണും കിസ്‌നുക്കയുമൊക്കെ ചേരുമ്പോൾ ഇത്തവണയും കൾച്ചർ അടിപൊളിയാകുമെന്നതിൽ സംശയമില്ല.

സംഗീത വിസ്മയങ്ങൾക്കൊപ്പം ഫാഷന്റെയും ഫുഡിന്റെയും ഗെയിമുകളുടെയും വ്യത്യസ്തമായ സോണുകളും കൂടിയാകുമ്പോൾ ഇത്തവണയും കൾച്ചറിന്റെ വൈബ് വേറെ തന്നെയാകും.

ടിക്കറ്റുകൾ വാങ്ങാം

കൾച്ചറിന്റെ വിസ്മയഭൂമികയിലേക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. ആദ്യ ദിനത്തിലെ പ്രവേശന ടിക്കറ്റിന് 2000 രൂപയും അതിനടുത്ത ദിനങ്ങളിലേതിന് 2500 രൂപ വീതവുമാണ്. മൂന്ന് ദിനത്തിലും വരുന്നവർക്ക് 5000 രൂപയുടെ ടിക്കറ്റ് സ്വന്തമാക്കാം.

Content Highlights: Mathrubhumi Kapp Cultr: Kochi Gears Up for an Unforgettable Festival of Art, Music, and Innovation