നിറങ്ങൾ ചാലിച്ചു, ഇനി സംഗീത സല്ലാപ ദിനങ്ങൾ; ‘മാതൃഭൂമി’ കപ്പ കൾച്ചർ ഉദ്ഘാടനം ചെയ്തു

കപ്പ കൾച്ചർ നടക്കുന്ന വേദി
കപ്പ കൾച്ചർ നടക്കുന്ന വേദി

കൊച്ചി: പല വിരലുകളിൽ പടർന്ന നിറം ഒന്നായി നിറഞ്ഞത് വിശാലമായൊരു കാൻവാസിലായിരുന്നു, കലയുടെയും കാണാക്കാഴ്ചകളുടെയും കാൻവാസ്. ആസ്വാദകർ കൊതിയോടെ കാത്തിരുന്ന ‘മാതൃഭൂമി’ കപ്പ കൾച്ചറിന്റെ മൂന്നാംപതിപ്പിന് കൊച്ചി ബോൾഗാട്ടി പാലസിൽ സന്ധ്യാനേരം സാക്ഷിയായി കളർഫുൾ ഓപ്പണിങ്. കൾച്ചറിന്റെ അഞ്ചക്ഷരങ്ങളിലേക്ക് നിറം ചാലിച്ച വിരലുകൾ പതിപ്പിച്ചായിരുന്നു തുടക്കം. കൊച്ചിയുടെ കായൽത്തീരത്തെ ഹരം കൊള്ളിക്കാൻ കൾച്ചർ ഇനിയുമുണ്ടാകുമെന്ന മായാമുദ്രയായി അതുമാറി.

രുചിയും അഭിരുചിയും ചേരുന്ന ‘റിയൽ കേരള സ്റ്റോറി’യാണ് കൾച്ചർ എന്ന് ചടങ്ങിൽ പങ്കെടുത്ത മന്ത്രി പി. രാജീവ് പറഞ്ഞു. ടൂറിസം കലണ്ടറിൽ കൾച്ചറും ഇടം നേടിയെന്നത് ഈ ഉത്സവത്തിന്റെ പ്രാധാന്യം കൂട്ടുന്നു. ആഘോഷങ്ങൾക്കും സംഗീതത്തിനും പുതുതലമുറയിൽ വളരെ പ്രാധാന്യമുണ്ട്. അവരുടെ ജീവിതരീതിയായി കൾച്ചർ മാറുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഒട്ടേറെ സംസ്‌കാരങ്ങളും സമൂഹങ്ങളും ഒന്നായ കൊച്ചിയിലെ വൈബ്രന്റ് ഫെസ്റ്റിവലാണ് കൾച്ചറെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു.

സംവിധായകൻ മഹേഷ് നാരായണൻ, കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കൊച്ചി മേയർ വി.കെ. മിനിമോൾ, ‘മാതൃഭൂമി’ മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, ഡയറക്ടർ - ഡിജിറ്റൽ എം.എസ്. മയൂര, ഡയറക്ടർ - ഓപ്പറേഷൻസ് എം.എസ്.ദേവിക, പബ്ലിക് റിലേഷൻസ് ആൻഡ് ഇവന്റ്സ് ജനറൽ മാനേജർ കെ.ആർ. പ്രമോദ്, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, മുളവുകാട് ഗ്രാമപ്പഞ്ചായത്തംഗം ഡിഷ ഡിസിൽവ, ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം ജോസഫ്, സ്‌കീ ഐസ്‌ക്രീം ഡയറക്ടർ ജോൺ ഫ്രാൻസിസ്, ക്ലബ് ട്രാവലേറ്റ് സി.ഇ.ഒ. ട്രിജോ ജോസഫ്, ജോയ് ആലുക്കാസ് മാർക്കറ്റിങ് ഹെഡ് അനീഷ് വർഗീസ്, റിലയൻസ് ട്രെൻഡ്‌സ് മാർക്കറ്റിങ് സ്റ്റേറ്റ് ലീഡ് ജയദേവൻ ഉണ്ണി, വിസ്മയ് ഡി.ജി.എം. മാത്യു ആംസ്‌ട്രോങ്, ഫ്യൂജി ഫിലിം റീജണൽ മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ് മുഹമ്മദ് മിൻഹാജ് ഖാൻ, ഫെസ്റ്റിവൽ ക്യൂറേറ്റർമാർ തുടങ്ങിയവർ കൾച്ചറിന്റെ ഉദ്ഘാടന ചടങ്ങിൽ കാൻവാസിൽ നിറം ചാലിച്ചു.

കലയും സംഗീതവും ഫാഷനും ഫുഡും ഗെയിമും സാഹസികതയുമെല്ലാം കൈകോർക്കുന്ന കപ്പ കൾച്ചർ വെള്ളിയാഴ്ച എറണാകുളം ബോൾഗാട്ടി പാലസിൽ തുടങ്ങും. ഉച്ചകഴിഞ്ഞ് മൂന്നിന് കപ്പ സ്റ്റേജിൽ ജോൺ ജോൺസണിന്റെ മാന്ത്രികസ്വരം ഉയരും.

കൾച്ചർ സ്റ്റേജിൽ ആദ്യം ആസ്വാദകരെ ത്രസിപ്പിക്കാനെത്തുക ഫങ്ക്-ഫ്ളെക്ക്ഡ്, ഗോത്രനൃത്ത ശബ്ദങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ കലാകാരനായ ഹംസ റഹിംതുലയാകും. ഇതിന് പിന്നാലെ എസ്‌ക്വേൽ ഏരിയാസും ആദ്യ ദിനത്തിൽ കൾച്ചർ സ്റ്റേജിലെ ദ്രുതാഗ്നിയാകും. സംഗീതത്തിനൊപ്പം ആർട്ടും ഫാഷനും ഫുഡും ഗെയിമുമൊക്കെ ആദ്യദിനത്തിൽ തന്നെ കൾച്ചറിന്റെ വിസ്മയാകാശത്ത് തെളിയും. ഗെയിമിൽ ആർക്കേഡും ആർട്ടിൽ പച്ചകുത്തും ഹൗസ് ഓഫ് ഗ്ലോയുമൊക്കെ ആസ്വാദകരെ മാടിവിളിക്കുന്നുണ്ടാകും. കൂടുതൽ സംഗീതം, കൂടുതൽ കല, കൂടുതൽ ഭക്ഷണം, കൂടുതൽ ത്രിൽ, കൂടുതൽ ആവേശം എന്നിങ്ങനെ എല്ലാം കൂടുതലായി തന്നെ ഒരുക്കി കൾച്ചർ മാടിവിളിക്കുമ്പോൾ എങ്ങനെയാണ് ആ കടലിലേക്ക് ഇറങ്ങാതിരിക്കാനാവുന്നത്.

Content Highlights: Explore the vibrant Mathrubhumi Kappa Cultr Fest in Kochi. A spectacular blend of art, music, fashion, food, and adventure awaits. Don`t miss out!