ശതാഭിഷേകനിറവിൽ പദ്മശ്രീ, നാട്യജീവിതത്തിനു ലഭിച്ച പുരസ്കാരം; വൈകിയിട്ടില്ലെന്ന് കലാമണ്ഡലം വിമലാ മേനോൻ

തിരുവനന്തപുരം: ശതാഭിഷേകനിറവിലെത്തിയ കലാമണ്ഡലം വിമലാ മേനോന് ദീർഘകാലത്തെ നാട്യജീവിതത്തിന് കാലം കാത്തുെവച്ചു നൽകിയതാണ് പദ്മശ്രീ പുരസ്‌കാരം. ‘ഒട്ടും വൈകിയിട്ടില്ല, പ്രതീക്ഷിച്ചിരുന്നു, പദ്മശ്രീ ലഭിച്ചതിൽ സന്തോഷം’- പ്രശസ്ത മോഹിനിയാട്ട നർത്തകിയും അധ്യാപികയുമായ കലാമണ്ഡലം വിമലാ മേനോൻ പറഞ്ഞു. ശാസ്തമംഗലം പൈപ്പിൻമൂട് മൂലയിൽ ലെയ്‌ൻ കൃഷ്ണശ്രീയിൽ ഞായറാഴ്ച വൈകീട്ടാണ് ഈ സന്തോഷവാർത്തയെത്തിയത്.
തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ വിമലാ മേനോന് സംഗീതവും നൃത്തവും ജന്മദത്തമായിരുന്നു. കലാമണ്ഡലത്തിലെ പഠനം ആ നൃത്തമികവിനു പൂർണത നൽകി. മോഹിനിയാട്ടത്തിന്റെ പരമ്പരാഗത ശൈലി നൃത്തവേദിയിൽ ജനപ്രിയമാക്കിയ ബഹുമതി അവർക്കുണ്ട്. 1200 മോഹിനിയാട്ടം നർത്തകരെ ഒരേസമയം വേദിയിലെത്തിച്ചതിന്റെ മികവിന് വിമലാ മേനോൻ ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കേരളശ്രീ പുരസ്‌കാരം, കേന്ദ്ര-കേരള സംഗീതനാടക അക്കാദമി പുരസ്കാരങ്ങൾ, കലാരത്ന ഫെല്ലോഷിപ്പ്, കലാമണ്ഡലം അവാർഡ്, സംഗീതനാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കലാജീവിതം മരണം വരെ തുടരുമെന്ന് വിമലാ മേനോൻ പറഞ്ഞിരുന്നു. ഇപ്പോഴും നിരവധി വിദ്യാർഥികൾക്കായി അവർ മോഹിനിയാട്ടം ക്ലാസ് നടത്തുന്നുണ്ട്. പ്രശസ്ത നർത്തകിയും ചലച്ചിത്രനടിയുമായ വിന്ദുജാ മേനോൻ, വിനോദ് കുമാർ എന്നിവർ മക്കളാണ്. ഭർത്താവ് കെ.പി.വിശ്വനാഥമേനോൻ ഒരു വർഷം മുൻപ് മരിച്ചിരുന്നു.
Content Highlights: Padma Shri Honour for Kalamandalam Vimala Menon: A Lifetime of Mohiniyattam Excellence Recognized