പണ്ടാരതോട്ടിൽ ഒഴുക്കുനിലച്ചു; കനത്തവെയിലിലും വീടുകളിൽ വെള്ളക്കെട്ട്

ദേശീയപാതയിലെ കോൺക്രീറ്റ് മാലിന്യം തോട്ടിൽത്തള്ളി
34,35,36 വാർഡുകളിൽ ദിവസങ്ങളായി വെള്ളക്കെട്ട്
ചേർത്തല : പണ്ടാരത്തോടിന്റെ ഒഴുക്കുനിലച്ചതിനെത്തുടർന്ന് നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ തോടുനിറഞ്ഞ് വീടുകൾ വെള്ളക്കെട്ടിൽ. കനത്ത വെയിലിലും തോടുനിറഞ്ഞുകവിഞ്ഞതോടെ പ്രദേശവാസികൾ ദുരിതത്തിലായി. തോട് ദേശീയപാതയ്ക്കു കുറുകെയുള്ള കാനയിൽ ചേരുന്നഭാഗത്ത് ദേശീയപാത നിർമാണക്കന്പനി കോൺക്രീറ്റ് മിശ്രിത അവശിഷ്ടങ്ങളടക്കം തള്ളിയതോടെയാണ് ഒഴുക്കുനിലച്ചതെന്നാണു വിമർശം. നഗരസഭ 34,35,36 വാർഡുകളിലാണ് വെള്ളക്കെട്ടു പ്രശ്‌നമായത്.
ചേർത്തല തെക്കിൽനിന്ന് ഒഴുകിയെത്തുന്ന തോട് റെയിൽവേയ്ക്കും അടിയിലുള്ള കാനയും കടന്നാണ് ദേശീയപാതയ്ക്കടിയിലുള്ള കാനയിലൂടെ ഒന്നാംവാർഡിലുള്ള കായലുമായി ബന്ധമുള്ള തോട്ടിൽ ചേരുന്നത്. ദേശീയപാത വികസിപ്പിച്ചപ്പോഴും തോടിന്റെ പ്രാധാന്യംകണ്ട് വിതിയിൽ കാന പൂർത്തിയാക്കിയിരുന്നു. എന്നാൽ, തോട് ചേരുന്നഭാഗത്താണു തുടർച്ചയായി നിർമാണാവശിഷ്ടങ്ങൾ തള്ളുന്നത്.
നിർമാണകന്പനികൾക്കെതിരേ പ്രതിഷേധം
കനത്ത വെയിലിലും ആഴ്ചകളായി വെള്ളക്കെട്ടു രൂക്ഷമായതോടെയാണ് ജനപ്രതിനിധികളും പ്രദേശവാസികളും പരിശോധന നടത്തിയത്. ഇതിലാണ് ഒഴുക്കുനിലയ്ക്കുന്നതരത്തിലുളള മാലിന്യനിക്ഷേപം കണ്ടെത്തിയത്. പ്രതിഷേധത്തെത്തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗമെത്തി പരിശോധന നടത്തി. ഒഴുക്കു തടസ്സപ്പെടുത്തുന്ന തരത്തിൽ തള്ളിയമാലിന്യം നീക്കണമെന്നാണ് ആവശ്യം. കാടുപിടിച്ചുകിടക്കുന്ന സ്ഥലമായതിനാൽ തോടിന്റെ സ്ഥതി ആരും ശ്രദ്ധിച്ചിരുന്നില്ല.