കാനയുടെ സ്ലാബുകൾ തകർന്നിട്ടു മാസങ്ങൾ: നടപടിയെടുക്കാതെ അധികൃതർ

ആലപ്പുഴ : പാതിരപ്പള്ളി ജങ്‌ഷനു സമീപം സർവീസ് റോഡിനോടുചേർന്ന്‌ കാനയുടെ സ്ലാബുകൾ തകർന്നുകിടക്കുന്നതു യാത്രക്കാർക്ക് ഭീഷണിയാകുന്നു. ജങ്‌ഷനു കിഴക്കുഭാഗത്തെ റോഡിനോടുചേർന്ന്‌ നാല്‌ സ്ഥലങ്ങളിലാണ്‌ കാനയുടെ മൂടിപൊട്ടി അതിലേക്കുതന്നെ വീണുകിടക്കുന്നത്. അപകടകരമായ രീതിയിൽ കുഴി രൂപപ്പെട്ടിട്ടു മാസങ്ങളായെങ്കിലും ദേശീയപാത അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ പറയുന്നു. കാനയുടെ അരികിലെ ഭിത്തിക്കു വീതിയില്ലാത്തതാണു വാഹനങ്ങൾ കയറുമ്പോൾ സ്ലാബുകൾ തകർന്നുവീഴാൻ കാരണം.

ജങ്‌ഷനിലെ പെട്രോൾ പമ്പിനുസമീപം മൂന്നിടങ്ങളിലും വടക്കുഭാഗത്ത്‌ ഒരിടത്തുമാണ്‌ സ്ലാബുകൾ തകർന്നത്. ബസ് സ്‌റ്റോപ്പിനോടു ചേർന്നാണ്‌ കുഴിയുള്ളത്. കൂടാതെ, ജങ്‌ഷനിലെ റോഡിനോടുചേർന്നുള്ള ഭാഗത്ത്‌ കാന അവസാനിക്കുന്ന സ്ഥലത്തെ കുഴിയിൽ അപകടകരമായ രീതിയിൽ ഇരുമ്പുകമ്പി നീണ്ടുനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി. ബസ് കുഴിയിൽവീണ് അപകടം സംഭവിച്ചിരുന്നു. പാതിരപ്പള്ളി വി.വി.എസ്.ഡി.യു.പി. സ്‌കൂളിലെ വിദ്യാർഥികളടക്കം സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. പ്രദേശത്ത്‌ തെരുവുവിളക്കുകളില്ലാത്തത്‌ അപകട സാധ്യത വർധിപ്പിക്കുന്നു. കാൽനടയാത്രക്കാർ കുഴികളിൽവീണ് അപകടത്തിൽപ്പെടുന്നതു പതിവാണെന്നു സമീപത്ത ഓട്ടോത്തൊഴിലാളികൾ പറയുന്നു. വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള വെളിച്ചമാണ്‌ കാൽനടയാത്രക്കാരുടെ ആശ്രയം.

താത്കാലിക ബാരിക്കേഡുകൾ മാത്രമാണ്‌ നിലവിൽ ഇവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. കാനയ്ക്കുചുറ്റും പുല്ല്‌ വളർന്നുനിൽക്കുന്നതിനാൽ കുഴി വേഗത്തിൽ തിരിച്ചറിയാൻ സാധിക്കില്ല. കാനയുടെ തകർന്ന സ്ലാബുകൾ മാറ്റി കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.