കായംകുളം താലൂക്ക് ആശുപത്രി : അത്യാധുനിക സി.ടി. സ്‌കാനും ക്ലിനിക്കൽ ലാബും വരും

കായംകുളം : ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കായംകുളം സർക്കാർ ആശുപത്രിക്ക് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.ജി.സി.ബി.) മുഖേന ആധുനിക ഇമേജിങ് സംവിധാനങ്ങളും അത്യാധുനിക ലബോറട്ടറി സേവനങ്ങളും ആരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകി. ഇതിന്റെ ഭാഗമായി ആശുപത്രിയിൽ സി.ടി. സ്‌കാൻ ആൻഡ് ക്ലിനിക്കൽ ലബോറട്ടറി സ്ഥാപിക്കും. രോഗികൾക്ക് ആധുനിക പരിശോധനാ സംവിധാനങ്ങൾ സമയബദ്ധമായി ലഭ്യമാക്കുക, രോഗനിർണയം നേരത്തേയാക്കുക, മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുക, സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ യഥാക്രമം കഴിഞ്ഞമാസം ഏഴിനും പതിന്നാലിനും നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് അനുമതി. ആർ.ജി.സി.ബി.യും ബന്ധപ്പെട്ട ആശുപത്രികളും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചാണ് പദ്ധതി നടപ്പാക്കുക. കെട്ടിടത്തിന്റെ വാടക, വൈദ്യുതി, വെള്ളം, ഉപകരണ പരിപാലനം, ഇന്റർനെറ്റ്, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവ ആർ.ജി.സി.ബി. വഹിക്കും.
സേവനങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്കു നൽകും. പൊതുജനങ്ങൾക്കും എ.പി.എൽ. വിഭാഗത്തിനും സി.ജി.എച്ച്.എസ്. നിരക്കിലും മറ്റു പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് അതതു പദ്ധതികൾ നിശ്ചയിച്ച നിരക്കിലും സേവനം ലഭ്യമാക്കും. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രി സൂപ്രണ്ടിന്റെ ശുപാർശപ്രകാരം പ്രതിദിനം കൈകാര്യംചെയ്യുന്ന കേസുകളുടെ പരമാവധി അഞ്ചുശതമാനം വരെ സൗജന്യ സേവനം നൽകാനും വ്യവസ്ഥയുണ്ട്. സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കും. അടിയന്തര കേസുകളുടെ റിപ്പോർട്ട് ഉടൻ നൽകുകയും മറ്റു കേസുകളുടെ റിപ്പോർട്ട് 24 മണിക്കൂറിനകം നൽകുകയും ചെയ്യും.
ആശുപത്രികളിൽ നിലവിൽ നേരിട്ടു പ്രവർത്തിക്കുന്നതോ എച്ച്.എം.സി., കെ.എച്ച്.ആർ.ഡബ്ലു.എസ്. എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്നതോ ആയ ലബോറട്ടറികളിലെ പരിശോധനകൾ ആർ.ജി.സി.ബി. ലബോറട്ടറികൾ ഏറ്റെടുക്കില്ല. താലൂക്ക് ആശുപത്രികളിലെ ആധുനിക രോഗനിർണയ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാധാരണ ജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും പദ്ധതി സഹായകരമാകും. നിലവിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ സി.ടി.സ്‌കാൻ സൗകര്യമില്ല. സി.ടി. സ്‌കാനും ലാബോറട്ടറിയും വരുന്നത് ചികിത്സതേടിയെത്തുന്നവർക്ക് ഏറെ ആശ്വാസമാകും.