ആശ്വാസം, ഈ തീരുമാനം

ജില്ല ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിലെ ഷിഫ്റ്റ് ഇരട്ടിയാക്കും

കൂടുതൽ രോഗികൾക്ക് ഡയാലിസിസ് ചെയ്യാനാകും

മാവേലിക്കര : ജില്ല ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ ഷിഫ്റ്റുകൾ രണ്ടിൽനിന്നു നാലായി ഉയർത്താൻ നടപടിയായി. ഇതിനായി ഈ മാസംത്തന്നെ യൂണിറ്റിലേക്ക് കൂടുതൽ ജീവനക്കാരെ നിയമിക്കും. പുതുതായി നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് ഈ സാമ്പത്തികവർഷം ശമ്പളം നൽകാൻ ജില്ല പഞ്ചായത്ത് 25 ലക്ഷംരൂപ അനുവദിച്ചിട്ടുണ്ട്. നിലവിൽ രണ്ടു ഷിഫ്റ്റുകളിലായി 50 രോഗികൾക്കാണ് ഡയാലിസിസ് ചെയ്യുവാൻ സൗകര്യമുള്ളത്. ഇനി നൂറോളം പേർക്ക് ഡയാലിസിസ് ചെയ്യാനാകും.

ജീവനക്കാരുടെ കുറവായിരുന്നു ഡയാലിസിസ് യൂണിറ്റിലെ ഷിഫ്റ്റ്‌ വർധിപ്പിക്കുവാനുള്ള പ്രധാന തടസ്സമായിരുന്നത്. നിലവിൽ ആറു ഡയാലിസിസ് ടെക്‌നീഷ്യൻ, രണ്ടു സ്റ്റാഫ് നഴ്‌സ്, ഒരു നഴ്‌സിങ് അസിസ്റ്റന്റ് എന്നതാണ് ജീവനക്കാരുടെ ഘടന. ജീവനക്കാരുടെ ശമ്പളത്തിനുമാത്രം പ്രതിവർഷം 80 ലക്ഷത്തോളം രൂപ വേണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽപ്പെടുത്തിയാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. ഡയാലിസിസ് നടത്തുന്നതിനുള്ള മരുന്നുകളും സാമഗ്രികളും ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്നാണ് ലഭ്യമാക്കുന്നത്. പുതിയ സംവിധാനത്തിൽ ജീവനക്കാർ ഇരട്ടിയാകും.

2018 നവംബറിലാണ് ജില്ല ആശുപത്രിയിൽ ആറു മെഷീനുകളുമായി ആദ്യ ഡയാലിസിസ് യൂണിറ്റ് തുടങ്ങിയത്. പിന്നീട് ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം നവീകരണത്തിന്റെ ഭാഗമായി പൊളിച്ചപ്പോൾ അവിടെ ഉപയോഗിച്ചിരുന്ന എട്ട് മെഷീനുകൾ കൂടി മാവേലിക്കരയിലെത്തിച്ച് രണ്ടാം യൂണിറ്റ് തുടങ്ങി. മെഡിക്കൽ കോ​േളജുകൾ, മറ്റ് സ്‌പെഷ്യാലിറ്റി ആശുപത്രികൾ എന്നിവിടങ്ങളിൽനിന്ന് നെഫ്രോളജിസ്റ്റിന്റെ നിരീക്ഷണത്തിൽ ഡയാലിസിസ് തുടങ്ങിയ രോഗികളുടെ തുടർ ഡയാലിസിസ് ആണ് മാവേലിക്കര ജില്ല ആശുപത്രിയിൽ നടത്തുന്നത്. മാവേലിക്കര ആശുപത്രിയിൽനിന്ന് സ്ഥാനക്കയറ്റം ലഭിച്ചു പോയ ഡോക്ടറാണ് ആലപ്പുഴ ജനറൽ ആശുപത്രിയിലെ നെഫ്രോളജിസ്റ്റ്. ഇദ്ദേഹത്തിന്റെ സേവനം ആഴ്ചയിൽ രണ്ടു ദിവസം മാവേലിക്കരയിൽ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് മാവേലിക്കര ജില്ല ആശുപത്രിയിൽ ഡയാലിസിസ് സൗജന്യമാണ്. കാർഡില്ലാത്ത ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർ 250 രൂപയും എ.പി.എൽ. വിഭാഗക്കാർ 650 രൂപയും അടയ്ക്കണം. സ്വകാര്യ ആശുപത്രികളിൽ 1500 മുതലാണ് നിരക്ക്.