കൈതയ്ക്കൽ ബ്രദേഴ്സ് മൈ ഭാരതിന്റെ ദേശീയ പേജിലേക്ക്

അടൂർ : വൈകുന്നേരങ്ങളിൽ ഫുട്ബോൾ കളിക്കാൻ മൈതാനത്ത് ഒത്തുചേർന്ന ഒരുപറ്റം ചെറുപ്പക്കാർ. ഇന്ന് അവരുടെ കൂട്ടായ്മയുടെ കഥ ഇടംപിടിച്ചിരിക്കുന്നത് രാജ്യത്തെ യുവജനങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്ഫോമായ മൈ ഭാരതിന്റെ പേജിൽ. അടൂർ തെങ്ങമം കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന് ദേശീയതലത്തിൽ ലഭിച്ച ഈ അംഗീകാരം നാടിനും അഭിമാനമായി.
കേരളത്തിൽനിന്ന് ആദ്യമായി ഒരു ക്ലബ് മൈ ഭാരതിന്റെ പേജിൽ ഇടം നേടുന്നു എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം യുവജനശാക്തീകരണത്തിനായി ആരംഭിച്ച മൈ ഭാരത് പ്ലാറ്റ്ഫോം, ബ്രദേഴ്സിന്റെ നാലുപതിറ്റാണ്ട് നീണ്ട യാത്രയെ വിശേഷിപ്പിക്കുന്നത് ഒരു യുവജന സംഘടനയുടെ ചരിത്രം മാത്രമല്ല, ഒരു നാടിന്റെ സാമൂഹിക പുരോഗതിയുടെ മാതൃകകൂടിയെന്നാണ്.
നാലു പതിറ്റാണ്ടുകൾക്കുമുമ്പ് ഫുട്ബോളിനോടുള്ള ആവേശമാണ് ബ്രദേഴ്സിന്റെ പിറവിക്ക് വഴിയൊരുക്കിയത്. വൈകുന്നേരങ്ങളിൽ പന്തുതട്ടാൻ ഒത്തുചേർന്ന ചെറുപ്പക്കാർ സൗഹൃദത്തിന്റെ പേരിൽ തുടങ്ങിയ കൂട്ടായ്മ പിന്നീട് നാടിന്റെ സാമൂഹിക-സാംസ്കാരിക വളർച്ചയ്ക്കുള്ള ശക്തിയായി മാറുകയായിരുന്നു. കളിക്കളത്തിൽ തുടങ്ങിയ യാത്ര ഇന്ന് വിദ്യാഭ്യാസം, കല, കായികം, തൊഴിൽ, സാമൂഹിക സേവനം തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു.
ഫുട്ബോൾ ക്ലബ്ബായി തുടങ്ങിയ കൂട്ടായ്മ പിന്നീട് ഗ്രന്ഥശാലയും സാംസ്കാരിക കേന്ദ്രവുമായി വളർന്നു. വനിതാവേദി, ബാലവേദി, യുവത, ഫുട്ബോൾ അക്കാദമി, കരാട്ടെ പരിശീലനം, സ്ത്രീകളുടെ തൊഴിൽ സംരംഭങ്ങൾ, പി.എസ്.സി. പരിശീലനം, സൗജന്യ ട്യൂഷൻ എന്നിവയും പ്രവർത്തനങ്ങളുടെ ഭാഗമായി. നാട്ടിലെ കലാകാരന്മാരെ ഒരുമിപ്പിച്ച് പാട്ടുകൂട്ടവും രൂപവത്കരിച്ചു. ഒരു ഗ്രാമീണ കൂട്ടായ്മയ്ക്ക് എത്തിപ്പെടാനാകുന്ന വിവിധ മേഖലകളിലെല്ലാം സാന്നിധ്യമറിയിക്കാൻ ബ്രദേഴ്സിനുകഴിഞ്ഞു.
പ്രവർത്തനമികവിന് നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാനതല പ്രത്യേക പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും സംഘടനയെ തേടിയെത്തി. ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള നെഹ്റു യുവകേന്ദ്രയുടെയും യുവജനക്ഷേമ ബോർഡിന്റെയും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന ലൈബ്രറി കൗൺസിലിനു കീഴിലുള്ള ഗ്രന്ഥശാലകളിൽ ചുരുങ്ങിയ കാലംകൊണ്ട് എ ഗ്രേഡ് നേടാനും സാധിച്ചു.
ബ്രദേഴ്സിന്റെ പ്രവർത്തകരായിരിക്കെ അകാലത്തിൽ വിടപറഞ്ഞ ഷിനുവിന്റെയും ജയകൃഷ്ണന്റെയും സ്മരണയ്ക്കായാണ് ഗ്രന്ഥശാല ആരംഭിച്ചത്. സൗഹൃദത്തിൽനിന്ന് സാമൂഹിക പ്രതിബദ്ധതയിലേക്കും അവിടെനിന്ന് നാടിന്റെ വളർച്ചയിലേക്കുമുള്ള ഈ യാത്രയുടെ നാല്പതാം വാർഷികാഘോഷമായ പതംഗ് അടുത്തിടെയാണ് നടന്നത്.
പന്തുതട്ടാൻ ഒത്തുചേർന്ന ചെറുപ്പക്കാർ നാടിന്റെ മാറ്റത്തിനായി കൈകോർത്തപ്പോൾ പിറന്നത് ഒരു മാതൃകാ കൂട്ടായ്മ. ആ കൂട്ടായ്മയുടെ കഥ ഇപ്പോൾ ദേശീയതലത്തിലും ശ്രദ്ധ നേടുകയാണ്.