ചിറക്കുഴി പാടത്ത് ഡ്രോൺ വിതയ്ക്കും

ഹരിപ്പാട് : പള്ളിപ്പാട് ചിറക്കുഴി പാടത്ത് ഡ്രോൺ ഉപയോഗിച്ച് വിത തുടങ്ങി. നിയോജകണ്ഡലം പരിധിയിൽ ആദ്യമായാണ് വിതയ്ക്കാൻ ഈ സംവിധാനം ഏർപ്പെടുത്തുന്നത്. ഒരു പ്രാവശ്യം 22 കിലോഗ്രാം വിത്ത് നിറയ്ക്കാൻ ശേഷിയുള്ള ഡ്രോണാണ് ഉപയോഗിക്കുന്നത്. 116 ഏക്കറുള്ള പാടശേഖരത്തിൽ 116 കർഷകരുണ്ട്.
16 വർഷത്തോളം തരിശിട്ടിരുന്ന പാടമാണിത്. 2016-ൽ കൃഷി തുടങ്ങാൻ ശ്രമിച്ചു. സുരക്ഷിതമായ പുറംബണ്ടില്ലാത്തത് വെല്ലുവിളിയായി. തുടർന്ന്, പാട്ടക്കാരുടെ സഹകരണത്തോടെയായിരുന്നു കൃഷി. ആദ്യകാലത്ത് സൗജന്യമായാണ് പാടംകൊടുത്തത്. കഴിഞ്ഞവർഷങ്ങളിൽ മടവീഴ്ചയെത്തുടർന്ന് വിളവെടുപ്പു പൂർത്തിയാക്കാനായില്ല. ഇത്തവണയും കർഷകർ പാട്ടക്കാരുടെ സഹായത്തോടെയാണ് കൃഷിയിറക്കുന്നത്.
വിതയുദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കീച്ചേരിൽ ശ്രീകുമാർ നിർവഹിച്ചു. സാജൻ പനയറ, അനിൽ തോമസ്, റാണി രതീഷ്, ഷൈമാ അജി, അശ്വതി എസ്. നായർ, പ്രശാന്ത്, ലക്ഷ്മി, സജി ഉമ്മൻ, കെ.വി. ജോൺ, അനി, തോമസ് കോശി, രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.