കാരിച്ചാൽപ്പള്ളി-ആയാപറമ്പ് റോഡ്; ഇലവുന്താനം പള്ളിവാതുക്കൽപ്പാലം അപകടനിലയിൽ

വീയപുരം : കാരിച്ചാൽപ്പള്ളി-ആയാപറമ്പ് റോഡിലെ ഇലവുന്താനം പള്ളിവാതുക്കൽപ്പാലം അപകടനിലയിൽ. 45 വർഷം മുൻപു നിർമിച്ച പാലം പിന്നീട് പുനർനിർമിച്ചിട്ടില്ല. ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തുടർച്ചയായി പോകുന്നതാണ് പാലം കൂടുതൽ തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പാലത്തിന്റെ കോൺക്രീറ്റ് പലയിടത്തും അടർന്നിരിക്കുകയാണ്. ഇരുമ്പുകമ്പികൾ ദ്രവിച്ചു തൂങ്ങിയനിലയിലാണ്. ദേശീയപാതയെയും ഹരിപ്പാട്-തിരുവല്ല സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് ഇലവുന്താനം പള്ളിവാതുക്കൽപ്പാലം. കാരിച്ചാൽ പള്ളിയിൽനിന്ന് ആനാരി, ആയാപറമ്പ് വഴി ദേശീയപാതയിൽ കരുവാറ്റ കടുവൻകുളങ്ങര ജങ്ഷനിലെത്താം. ദേശീയപാതയിൽനിന്നുള്ള എളുപ്പമാർഗമായതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വീയപുരം പഞ്ചായത്തിനെ ചെറുതന, കരുവാറ്റ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
ഇലവുന്താനം പള്ളിവാതുക്കൽ തോട്ടിൽ നിർമിച്ച പാലം പാടശേഖരത്തിലെ കർഷകർക്കും പ്രയോജനകരമായിരുന്നു. പാടശേഖരത്തിലേക്ക് ഇറങ്ങുന്നതിനായി ഇരുവശത്തും കൽക്കെട്ടുകളോടു കൂടിയാണ് പാലം നിർമിച്ചത്. കൃഷിയൊരുക്കസമയത്ത് പാടത്തേക്ക് ആവശ്യമായ വിത്തും വളവും എത്തിക്കുന്നതും വിളവെടുപ്പിന് യന്ത്രങ്ങൾ എത്തിക്കുന്നതും ഇതുവഴിയാണ്.
മേൽപ്പാലം നിർമാണത്തിനായി തൃപ്പക്കുടം റെയിൽവേ ഗേറ്റ് അടച്ചതിനാൽ വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരിക്കുകയാണ്. സംസ്ഥാനപാതയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡ് ദൂരക്കുറവായതിനാൽ ഭൂരിഭാഗം വാഹനങ്ങളും ഇലവുന്താനം പള്ളിവാതുക്കൽപ്പാലം വഴിയാണ് പോകുന്നത്. ദേശീയപാതയ്ക്കുള്ള നിർമാണസാമഗ്രികളുമായി ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ രാത്രിയിൽ നിരന്തരം ഇതുവഴി പോകും. ഇത് പാലം കൂടുതൽ ഇരുത്തുന്നതിനു കാരണമാകും. ഇലവുന്താനം പള്ളിവാതുക്കൽപ്പാലം വീതികൂട്ടി പുനർനിർമിക്കണമെന്നാണ് യാത്രക്കാരുടെയും കർഷകരുടെയും ആവശ്യം.