പകർച്ചവ്യാധി ഭീതിയിൽ ചെട്ടികുളങ്ങര; മാലിന്യംതള്ളൽ വ്യാപകം

ചെട്ടികുളങ്ങര : പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും മാലിന്യംതള്ളൽ വ്യാപകമായതോടെ പകർച്ചവ്യാധി, തെരുവുനായ ഭീഷണി കൂടി. ഉപയോഗശൂന്യമായ പി.ഐ.പി. കനാലുകൾ, തോടുകൾ, മറ്റു ജലാശയങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അറവുമാലിന്യവും പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്നത്.
കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തിൽ പ്ലാസ്റ്റിക് മാലിന്യം ഒഴുകിയെത്തി കരിപ്പുഴത്തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. പഞ്ചായത്ത്, റവന്യൂ, ജലസേചനവകുപ്പ് അധികൃതർ ഏറെ പണിപ്പെട്ടാണ് മാലിന്യംനീക്കി ഒഴുക്കു പുനഃസ്ഥാപിച്ചത്.
ഭഗവതിപ്പടിയിലെ പമ്പ ജലസേചന പദ്ധതിയുടെ പ്രധാനകനാലും അതിനോടനുബന്ധിച്ചുള്ള ചെറുകനാലുകളുമാണ് സമൂഹവിരുദ്ധർ മാലിന്യം തള്ളാനായി കണ്ടെത്തിയിരിക്കുന്ന പ്രധാനയിടങ്ങൾ.
ഒന്നോ രണ്ടോ മഴപെയ്യുമ്പോഴേ മാലിന്യമൊഴുകി സമീപത്തെ വീടുകളുടെ പരിസരങ്ങളിലും ജലാശയങ്ങളിലുമെത്തും. കരിപ്പുഴ പാലത്തിനു സമീപം തരിശുകിടക്കുന്ന പാടത്ത് രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിച്ച് ചാക്കിലാക്കിയ മാലിന്യം തള്ളുന്നതു പതിവാണ്. ഒരു മഴപെയ്താൽ ഈഭാഗത്ത് ദുർഗന്ധം വ്യാപിക്കും. ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം അധികൃതർ ചെവിക്കൊണ്ടിട്ടില്ല.
പടുകാൽ പാലത്തിനു സമീപവും മാലിന്യംതള്ളൽ പതിവായിരുന്നെങ്കിലും ക്യാമറ സ്ഥാപിച്ചതോടെ ഇതു കുറഞ്ഞു. ചെട്ടികുളങ്ങര ജങ്ഷനിൽ ദുർഗന്ധം പരത്തുന്ന തരത്തിൽ ഒതളപ്പുഴത്തോട്ടിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്നതിനെതിരേ പ്രതിഷേധമുയർന്നതോടെ പഞ്ചായത്ത് രണ്ടു ധനകാര്യസ്ഥാപനങ്ങളുടെ സഹായത്തോടെ നിരീക്ഷണ ക്യാമറകളും മുന്നറിയിപ്പു ബോർഡുകളും സ്ഥാപിച്ചു.
ശുചിത്വമിഷൻ മാലിന്യസംസ്കരണത്തിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങൾക്ക് പിഴയിട്ടു. തട്ടയ്ക്കാട്ടുപടിയിൽനിന്ന് കിഴക്കോട്ടുള്ള റോഡരികിൽ ആളൊഴിഞ്ഞ പറമ്പുകൾ കേന്ദ്രീകരിച്ച് ദൂരപ്രദേശങ്ങളിൽനിന്ന് വാഹനങ്ങളിൽ മാലിന്യം കൊണ്ടിടുന്നതായി അടുത്തിടെ പരാതിയുയർന്നിരുന്നു.
വഴിവിളക്കുകൾ കത്തുന്നില്ല
പഞ്ചായത്തിന്റെ പലഭാഗങ്ങളിലും വഴിവിളക്കുകൾ പ്രകാശിക്കാത്തത് മാലിന്യംതള്ളുന്നവർക്കു സഹായകമാകുന്നുണ്ട്. പ്ലാസ്റ്റിക്‌മാലിന്യം ശേഖരിക്കാൻ ഹരിതകർമസേനയുടെ നേതൃത്വത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വെള്ളക്കുപ്പികൾ ഉൾെപ്പടെയുള്ളവ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നതു വ്യാപകമാണ്. മാലിന്യംതള്ളുന്ന പ്രദേശങ്ങളിൽ കൊതുകു പെരുകി പകർച്ചവ്യാധിഭീഷണിയുള്ളതായും പരാതിയുണ്ട്. ഇവിടങ്ങളിൽ തെരുവുനായശല്യവും രൂക്ഷമാണ്.
കടവൂർക്കുളത്തിനു സമീപം കഴിഞ്ഞദിവസം തെരുവുനായ്ക്കൂട്ടം കുറുകേ ചാടിയതിനെത്തുടർന്ന് ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ടു യുവാക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. മാലിന്യം തള്ളുന്നയിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.