മൂന്നാംകുറ്റി ഗായത്രി സ്‌കൂൾ ജങ്ഷൻ-ആതിക്കാട്ട് ജങ്ഷൻ റോഡ് നിർമാണം പുനരാരംഭിച്ചു

കറ്റാനം : പാതിവഴിനിലച്ച ഭരണിക്കാവ് പഞ്ചായത്തിലെ മൂന്നാംകുറ്റി ഗായത്രി സ്‌കൂൾ ജങ്ഷൻ-ആതിക്കാട്ട് ജങ്ഷൻ റോഡ് നിർമാണം പുനഃരാരംഭിച്ചു. ഒന്നരവർഷമായി നിർമാണം നിലച്ച റോഡിലെ ദുരിതയാത്ര ജൂലായ് 20-നു മാതൃഭൂമി വാർത്ത നൽകിയിരുന്നു. വാർത്തയും പ്രദേശവാസികളുടെ പരാതിയെയും തുടർന്ന് മന്ത്രി എം. ലിജു വിഷയത്തിൽ ഇടപെടുകയും റോഡ് നിർമാണം വേഗം പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദേശം നൽകുകയും ചെയ്തു.
കൂടാതെ, നിർമാണം കൃത്യമായി നടക്കുന്നുണ്ടോയെന്നത് ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നൽകി. അടിയന്തരമായി നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാർക്കെതിരേ നിയമനടപടി സ്വീകരിക്കാനും നിർദേശം നൽകിയിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം മുതൽ റോഡുപണി കരാറുകാരൻ പുനരാരംഭിച്ചത്. റോഡ് മണ്ണിട്ടുയർത്തുന്ന പ്രവർത്തനമാണ് ആദ്യപടിയായി നടത്തുക. റോഡ് മണ്ണിട്ട് നിരപ്പാക്കി മെറ്റലിങ്ങും ടാറിങ്ങും നടത്തും.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2023-2024 സാമ്പത്തികവർഷമാണ് റോഡും ഓടയും നിർമിക്കാൻ തുറമുഖവകുപ്പിൽനിന്ന് 1.16 കോടി രൂപ അനുവദിച്ചത്. ഹാർബർ എൻജിനിയറിങ് വിഭാഗത്തിനായിരുന്നു നിർമാണച്ചുമതല. നിലവിലുള്ള റോഡ് മണ്ണിട്ടുയർത്തി കോൺക്രീറ്റ് ഓടയുൾപ്പടെ ആധുനിക രീതിയിൽ പുനർനിർമിക്കാനായിരുന്നു പദ്ധതി. നിലവിലുള്ള റോഡിൽനിന്ന് ഒന്നര മീറ്ററോളം ഉയരത്തിലായിരുന്നു കോൺക്രീറ്റ് ഓടയുടെ നിർമാണം തുടങ്ങിയത്.
ഓടയുടെ ഉയരക്കൂടുതൽ കാരണം നിർമാണം തുടങ്ങിയപ്പോഴേ ഇരുവശങ്ങളിലുമുള്ള വീടുകളിലേക്ക് കാൽനടയായും വാഹനങ്ങളിലും കയറാൻ കഴിയാത്ത നിലയിലായി. ഇതോടെ അശാസ്ത്രീയമായ ഓട നിർമാണത്തിനെതിരേ പ്രദേശവാസികൾ പ്രതിഷേധമുയർത്തി. ഓട നിർമാണത്തിനായി റോഡ് കുറുകേ വെട്ടിമുറിച്ചതോടെ റോഡിന്റെ പകുതിഭാഗം മുതൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അശാസ്ത്രീയ ഓടനിർമാണം കാരണം ഗായത്രി സ്‌കൂളിന്റെ പാർക്കിങ് ഗ്രൗണ്ടിലേക്ക് കുട്ടികളുമായെത്തുന്ന വാഹനങ്ങൾക്കു കയറാനുമിറങ്ങാനുമാകാത്ത നിലയിലായി. ജലജീവൻ മിഷൻ കുടിവെള്ള വിതരണത്തിനായി പൈപ്പ് സ്ഥാപിച്ചതിനു മുകളിലൂടെയാണ് ഓട നിർമിച്ചത്.
ഇതുമൂലം ഒട്ടധികം സ്ഥലങ്ങളിൽ പൈപ്പ് തകരാറിലായി. നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെയാണ് കരാറുകാരൻ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചത്.