കണ്ണൻകുളം പാർക്കിൽ വിളക്കുകളില്ല

ഓപ്പൺ ജിമ്മിലെത്തുന്നവർ കഷ്ടപ്പാടിൽ

പൂച്ചാക്കൽ : പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള കണ്ണൻകുളം പാർക്കിൽ രാത്രിയായാൽ കൂരിരുട്ടാണ്. പാണാവള്ളി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വഴിയോര വിശ്രമകേന്ദ്രത്തിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ജിം സ്ഥാപിച്ചിട്ടുള്ളതാണ്. ഇവിടെ ഒട്ടേറെ ആളുകൾ വൈകുന്നേരങ്ങളിലും വെളുപ്പിനും വ്യായാമത്തിനായി എത്തുന്നുണ്ട്. എന്നാൽ, പാർക്കിൽ വിളക്കുകൾ സ്ഥാപിക്കാത്തത് ഇവിടെയെത്തുന്നവർക്കു ബുദ്ധിമുട്ടായിട്ടുണ്ട്.

പാണാവള്ളി പഞ്ചായത്ത് കണ്ണൻകുളത്ത് പാർക്ക് സ്ഥാപിച്ചെങ്കിലും ഏറെ നാളുകളായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. ഇരിപ്പിടങ്ങളും മറ്റും കാടുകയറി നശിക്കുന്ന അവസ്ഥയുമുണ്ടായിരുന്നു. എന്നാൽ, ഓപ്പൺ ജിം കൂടി പാർക്കിൽ സ്ഥാപിതമായതോടെയാണ് യുവാക്കളുൾപ്പെടെയുള്ളവർ ഇങ്ങോട്ടുവന്നത്. തുടർന്ന് വൈകുന്നേരങ്ങളിലും രാത്രിയിലും വെളുപ്പിനും

പാർക്കിൽ ആളനക്കമായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് (അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് ) ഓപ്പൺ ജിം സ്ഥാപിച്ചത്. ട്രെയിനർമാരില്ലാതെതന്നെ ആർക്കും ഇവിടെയെത്തി പ്രാഥമികമായ വ്യായാമം ചെയ്യാൻ സൗകര്യങ്ങളുണ്ട്.

പാർക്കിൽ വിളക്കുകൾ സ്ഥാപിക്കണമെന്നതാണ് നിലവിലെ ആവശ്യം. സമീപപ്രദേശങ്ങളിൽ കുറ്റിക്കാടുകൾ നിറഞ്ഞിട്ടുമുണ്ട്. ചേർത്തല-അരൂക്കുറ്റി റോഡരികിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള കണ്ണൻകുളം പാർക്ക് പാണാവള്ളി പഞ്ചായത്ത് ഫണ്ടുപയോഗിച്ച് യാത്രക്കാർക്ക് വിശ്രമകേന്ദ്രമായാണ് വർഷങ്ങൾക്കുമുൻപ് തുടങ്ങിയത്. പൊതുജലാശയത്തിനു സമീപവുമാകയാൽ പാർക്കിന് ഇവിടെ അനുയോജ്യമായ സ്ഥലവുമാണ്. സ്ഥലപരിമിതിയുണ്ടെങ്കിലും വൃത്തിയോടെ സൂക്ഷിച്ചാൽ ഇത് മനോഹരമായി നിലനിർത്താൻ കഴിയും. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മേഖലയിൽ മറ്റ് പൊതുവിശ്രമ കേന്ദ്രങ്ങളില്ല.