സഞ്ചാരപാതയിൽ ചീനവലകൾ; പരാതിയുമായി മത്സ്യത്തൊഴിലാളികൾ

​​ചേർത്തല : വേമ്പനാട്ടുകായലിൽ അംഗീകാരമില്ലാത്ത ചീനവലകൾ സ്ഥാപിച്ചുള്ള മത്സ്യബന്ധനത്തിനെതിരേ പരാതിയുമായി മത്സ്യത്തൊഴിലാളികൾ. തണ്ണീർമുക്കം ബണ്ടിൽ വള്ളങ്ങൾക്കും ബോട്ടുകൾക്കും കടന്നുപോകാനുള്ള സഞ്ചാരപാതയിൽ സ്ഥാപിച്ചിരിക്കുന്ന ചീനവലകൾ കാട്ടിയാണ് പരാതികൾ. ജലസേചനവകുപ്പ് തണ്ണീർമുക്കം ബണ്ട് വിഭാഗത്തിന്റെ ഓഫീസിനു സമീപമാണ് വ്യാപകമായി ചീനവലകൾ സ്ഥാപിച്ചിരിക്കുന്നത്.

ഇത്തരം ചീനവലകൾ ഉപയോഗിച്ചുള്ള മത്സ്യംപിടിക്കൽ ചോദ്യംചെയ്യുന്നത് കായലിൽ സംഘർഷങ്ങൾക്കിടയാക്കുന്നുണ്ട്. രാത്രികാലത്താണ് ചീനവലകൾ സജീവമാകുന്നത്.

പുരവഞ്ചികൾക്കടക്കം വെല്ലുവിളിയാകുന്ന തരത്തിലാണ് കായലിനുനടുവിൽ ചീനവലകൾ സ്ഥാപിച്ചിരിക്കുന്നത്. സാധാരണ കായൽത്തീരത്തു സ്ഥാപിക്കുന്ന ചീനവലകൾ ഇവിടെ ബോട്ടുകളുടെ സഞ്ചാരപാതയിൽ തടസ്സപ്പെടുത്തുന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇത്തരം സംവിധാനത്തിൽ വലുപ്പംകുറഞ്ഞ കണ്ണികളുള്ള വലകൾ ഉപയോഗിക്കുന്നതിനെയും മത്സ്യത്തൊഴിലാളികൾ ചോദ്യംചെയ്യുന്നു. ഈ വലകൾ ഉപയോഗിച്ചാൽ ചെറിയ മത്സ്യക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ നശിച്ചുപോകും. മത്സ്യങ്ങളുടെ വംശവർധനയെയും സ്വാഭാവിക ആവാസവ്യവസ്ഥയെയും സാരമായി ബാധിക്കും.

ഇതിനെതിരേ നൽകുന്ന പരാതികളിൽ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തിലാണ് ഇത്തരത്തിൽ അനധികൃത നിർമാണമെന്നാണ് വിമർശനം.