പണി പൂർത്തിയായിട്ട് മാസങ്ങൾ; ചക്കുളത്തുകടവ് പാലം ഉദ്ഘാടനം വൈകുന്നു

മാങ്കാംകുഴി : അച്ചൻകോവിലാറിനു കുറുകേ വെൺമണി, തഴക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കുളത്തുകടവ് പാലം പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം വൈകുന്നു. 2018-ലെ മഹാപ്രളയത്തിൽ സർവതും നഷ്ടപ്പെട്ട വെൺമണി പടിഞ്ഞാറെതുരുത്തി നിവാസികൾക്ക് ആശ്വാസമാണ് ചക്കുളത്തുകടവ് പാലം. സ്ഥലമേറ്റെടുക്കലിലും നഷ്ടപരിഹാരം നൽകുന്നതിലും പരാതികളില്ലാതെ അതിവേഗത്തിലാണ് പൊതുമരാമത്ത് പാലംവിഭാഗം പണി പൂർത്തിയാക്കിയത്.

15.84 കോടി രൂപയാണു ചെലവ്. അനുബന്ധ റോഡുകളുടെ ടാറിങ്ങും ക്രാഷ് ബാരിയർ, ട്രാഫിക് സിഗ്നൽ, മുന്നറിയിപ്പു ബോർഡുകൾ എന്നിവയും സ്ഥാപിച്ചുകഴിഞ്ഞു. 26 മീറ്റർ നീളത്തിൽ മൂന്നു സ്പാനുകളും 12.5 മീറ്റർ നീളത്തിൽ 11 സ്പാനുകളുമുണ്ട്. 215.5 മീറ്റർ നീളവും ഒരുവശത്ത് നടപ്പാതയും 7.50 മീറ്റർ കാര്യേജ് പാതയുമുൾപ്പെടെ 9.75 മീറ്റർ വീതിയുമുണ്ട്.

ചെങ്ങന്നൂർ, മാവേലിക്കര നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന അച്ചൻകോവിലാറിനു കുറുകേയുള്ള ഏഴാമത്തെ പാലമാണ് ചക്കുളത്തുകടവ് പാലം.